ഹാര്‍ദിക് പട്ടേലിനെ സമ്മര്‍ദത്തിലാക്കാന്‍ അശ്ലീല വിഡിയോയ്ക്കു പിന്നാലെ മദ്യപിക്കുന്ന ദൃശ്യങ്ങളും
അഹമ്മദാബാദ്: അശ്ലീല വിഡിയോയ്ക്ക് പിന്നാലെ പട്ടേല്‍ സമുദായ നേതാവ് ഹാര്‍ദിക് പട്ടേല്‍ സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിക്കുന്നതിന്റെ പുതിയ വിഡിയോയും പുറത്ത്. തെരഞ്ഞെടുപ്പ് രംഗം സജീവമായതോടെ ഗുജറാത്ത് രാഷ്ട്രീയത്തില്‍ ഇപ്പോള്‍ വിഡിയോ തരംഗമാണ്.
അജ്ഞാതയായ യുവതിയ്‌ക്കൊപ്പം ഹാര്‍ദിക് പട്ടേല്‍ ഒരു ഹോട്ടല്‍ മുറിയില്‍ ഇരിക്കുന്നതായ വിഡിയോ ആണ് പുറത്തുവന്നത്. ഇതിനെതിരേ ആരോപണ പ്രത്യാരോപണങ്ങള്‍ ഉയരുകയും ബി.ജെ.പിയുടെ വൃത്തികെട്ട രാഷ്ട്രീയത്തിന്റെ തെളിവാണ് ഇതെന്നും ഹാര്‍ദിക് പട്ടേല്‍ ആരോപിച്ചിരുന്നു. ചില പ്രാദേശിക ചാനലുകളാണ് ദൃശ്യം പുറത്തെത്തിച്ചിരുന്നത്. ഇന്നലെ വീണ്ടും മറ്റൊരു വിഡിയോ ആണ് പുറത്തുവന്നത്. സുഹൃത്തുക്കള്‍ക്കൊപ്പം ഹാര്‍ദിക് പട്ടേല്‍ മദ്യപിക്കുന്നതിന്റെ ദൃശ്യമാണിത്.
ഗുജറാത്ത് മദ്യനിരോധന സംസ്ഥാനമാണെങ്കിലും ഹാര്‍ദിക്കും കൂട്ടരും മദ്യപിക്കുന്നത് ബി.ജെ.പി പ്രചാരണത്തില്‍ എടുത്തുപറയുന്നുണ്ട്. അതേസമയം അശ്ലീല സി.ഡി വിവാദത്തില്‍ ഹാര്‍ദിക് പട്ടേലിന് പിന്തുണയുമായി ദലിത് നേതാവ് ജിഗ്നേഷ് മേവാനി രംഗത്തെത്തി. ലൈംഗികത മൗലികാവകാശമാണെന്നും ആര്‍ക്കും മറ്റൊരാളുടെ സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കാന്‍ അധികാരമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതുസംബന്ധിച്ച് അദ്ദേഹം ട്വിറ്ററിലും തന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഹാര്‍ദിക് പട്ടേല്‍, അശ്ലീല വിഡിയോ വിവാദത്തില്‍ ആശങ്കപ്പെടേണ്ടതില്ല, ഞാന്‍ താങ്കള്‍ക്കൊപ്പമുണ്ടെന്ന് വ്യക്തമാക്കിയ മേവാനി ലൈംഗികത മൗലികാവകാശമാണെന്നും ട്വീറ്റ് ചെയ്തു.
അശ്ലീല വിഡിയോ പുറത്തിറക്കിയത് ബി.ജെ.പിയാണെന്ന ഹാര്‍ദിക് പട്ടേലിന്റെ ആരോപണത്തിനെതിരേ ബി.ജെ.പി രൂക്ഷമായ വിമര്‍ശനമാണ് ഉന്നയിച്ചത്. വിഡിയോയ്ക്കു പിന്നില്‍ ബി.ജെ.പിയാണെന്ന് വിശ്വസിക്കുന്നുണ്ടെങ്കില്‍ പൊലിസില്‍ പരാതി നല്‍കാന്‍ തയാറുണ്ടോയെന്ന് പാര്‍ട്ടി സംസ്ഥാന ഘടകം വെല്ലുവിളിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."