തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനം; ഇത്തവണയും പിന്നാക്കവിഭാഗത്തിന് അവഗണന
കൊല്ലം: എന്‍.എസ്.എസിന്റെ താല്‍പര്യത്തിന് വഴങ്ങി തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റായി സി.പി.എം നേതാവ് എ. പത്മകുമാറിനെ നിയമിച്ചതോടെ ഇത്തവണയും പ്രസിഡന്റ് സ്ഥാനം പിന്നാക്ക വിഭാഗത്തിന് അന്യം. ബോര്‍ഡിന്റെ കാലാവധി രണ്ടുവര്‍ഷമായി വെട്ടിച്ചുരുക്കിയ സര്‍ക്കാര്‍ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ പി. സദാശിവം ഇന്നലെ ഒപ്പുവച്ചു.
വി.എസ് സര്‍ക്കാരിന്റെ കാലത്ത് ഡോ.എന്‍. ബാബു പ്രസിഡന്റായതൊഴിച്ചാല്‍ സമീപകാലത്തെങ്ങും ഒരു പിന്നാക്കക്കാരന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പ്രസിഡന്റ് സ്ഥാനത്ത് എത്തിയിട്ടില്ല. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരായ സി.കെ ഗുപ്തന്‍, അഡ്വ.രാജഗോപാലന്‍ നായര്‍ എന്നിവരെയും പ്രസിഡന്റ് സ്ഥാനത്തേക്ക് സി.പി.എം പരിഗണിച്ചിരുന്നു.
പിന്നാക്ക-ദലിത് വിഭാഗത്തില്‍നിന്നു ശാന്തി നിയമനം നടത്തി വിപ്ലവകരമായ പരിഷ്‌കാരത്തിന് തുടക്കമിട്ട സര്‍ക്കാര്‍ ബോര്‍ഡ് പ്രസിഡന്റായി ഇത്തവണ പിന്നാക്ക വിഭാഗക്കാരനെ പരിഗണിക്കണമെന്ന അഭിപ്രായവും വിവിധ കോണുകളില്‍നിന്നു ഉയര്‍ന്നിരുന്നു.
പ്രയാര്‍ ഗോപാലകൃഷ്ണന്‍ പ്രസിഡന്റും അജയ് തറയില്‍ അംഗവുമായ ദേവസ്വം ബോര്‍ഡ് കൃത്യം രണ്ടുവര്‍ഷം തികയ്ക്കുന്നതിന്റെ തൊട്ടുതലേന്നാണ് കാലാവധി രണ്ടുവര്‍ഷമാക്കി സര്‍ക്കാര്‍ ഓര്‍ഡിനന്‍സിറക്കിയത്. ശബരിമല മണ്ഡലകാലം തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കേ, ഭരണസമിതിയില്ലാതെ മണ്ഡലവ്രതക്കാലം എങ്ങനെ കൈകാര്യം ചെയ്യുമെന്ന് ഒപ്പുവയ്ക്കുംമുന്‍പ് ഗവര്‍ണര്‍ വിശദീകരണത്തില്‍ ചോദിച്ചിരുന്നു.
കാലാവധി വെട്ടിക്കുറച്ച നടപടി ഒരുവര്‍ഷമായി വിവിധതലങ്ങളില്‍ ആലോചിച്ചും നിയമസാധുത ഉറപ്പുവരുത്തിയും ചെയ്തതാണെന്നായിരുന്നു ഇതുസംബന്ധിച്ച് ദേവസ്വം മന്ത്രിയുടെ വിശദീകരണം.
നേരത്തേ നാലുവര്‍ഷമായിരുന്നു ദേവസ്വംബോര്‍ഡിന്റെ കാലാവധി. 2007ല്‍ എല്‍.ഡി.എഫ് സര്‍ക്കാരായിരുന്നു രണ്ടുവര്‍ഷമായി ചുരുക്കിയത്. എന്നാല്‍ പിന്നീട് 2014ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ കാലാവധി മൂന്നുവര്‍ഷമാക്കി ഉയര്‍ത്തിയിരുന്നു.
മണ്ഡലവ്രതക്കാലം കുഴപ്പംകൂടാതെ കൊണ്ടുപോകാന്‍ മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണവും ജസ്റ്റിസ് സിരിജഗന്റെ നേതൃത്വത്തില്‍ മാസ്റ്റര്‍ പ്ലാന്‍ സമിതിയും പ്രവര്‍ത്തിക്കുന്നുണ്ടെന്നും അതിനാല്‍ ആശങ്ക വേണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."