സംസ്ഥാന സര്‍ക്കാരിന് ധാര്‍മികത നഷ്ടപ്പെട്ടു: ചെന്നിത്തല
പാലക്കാട്: തോമസ് ചാണ്ടി വിഷയത്തില്‍ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടെന്ന ഹൈക്കോടതി പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരിന് ധാര്‍മികമായി തുടരാന്‍ അവകാശമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
മന്ത്രി സര്‍ക്കാരിനെതിരേ കേസ് കൊടുക്കുന്നത് അപൂര്‍വ സംഭവമാണ്. ഇനിയും അധികാരത്തില്‍ തുടരുകയാണെങ്കില്‍ കോടതിയോടും ജനങ്ങളോടുമുള്ള അവഹേളനമായിരിക്കുമെന്നും രാജിയില്ലെങ്കില്‍ യു.ഡി.എഫ് സമരം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
തോമസ് ചാണ്ടിയെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി ഇപ്പോഴും സ്വീകരിക്കുന്നത്. ഇ.പി ജയരാജന് നല്‍കാത്ത ആനുകൂല്യമാണ് പിണറായി വിജയന്‍ തോമസ് ചാണ്ടിക്ക് നല്‍കുന്നത്. പടയൊരുക്കം ജാഥയുടെ ഭാഗമായി പാലക്കാട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇ.പി ജയരാജനെതിരേയും വി.എ അരുണ്‍കുമാറിനെതിരേയുമുള്ള കേസുകള്‍ വിജിലന്‍സ് എഴുതിത്തള്ളിയിരിക്കുകയാണ്. ലോക്‌നാഥ് ബെഹ്‌റക്ക് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് സ്ഥാനം നല്‍കി വിജിലന്‍സിനെ സര്‍ക്കാര്‍ വന്ധീകരിച്ചിരിക്കുന്നു. നൂറുകണക്കിന് കേസുകള്‍ വിജിലന്‍സില്‍ കെട്ടിക്കിടക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.
തോമസ് ചാണ്ടിക്കുവേണ്ടി കോണ്‍ഗ്രസ് എം.പി വിവേക് തന്‍ഖ ഹൈക്കോടതിയില്‍ ഹാജരാകുന്നതിലുള്ള എതിര്‍പ്പ് ഹൈക്കമാന്‍ഡിനെ അറിയിച്ചിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."