മുക്കം ക്ഷീര സംഘം തെരഞ്ഞെടുപ്പ്
മുക്കം: ക്ഷീരോല്‍പാദക സഹകരണസംഘം തെരഞ്ഞെടുപ്പ് റിട്ടേണിങ് ഓഫിസര്‍ക്കെതിരേയും നിലവിലെ ഭരണസമിതിയുടെ നടപടികള്‍ക്കെതിരേയും ഗുരുതര ആരോപണവുമായി യു.ഡി.എഫ് അംഗങ്ങള്‍.
റിട്ടേണിങ് ഓഫിസറും കുന്ദമംഗലം ബ്ലോക്ക് ഡയറി എക്സ്റ്റന്‍ഷന്‍ ഓഫിസറുമായ സുനില്‍ കുമാര്‍ സി.പി.എമ്മിനൊപ്പം ചേര്‍ന്ന് രാഷ്ട്രീയം കളിക്കുകയാണെന്ന് യു.ഡി.എഫ് അംഗങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. സംഘത്തിലെ ഭരണസ്വാധീനം ഉപയോഗിച്ച് ഭരണം പിടിച്ചെടുക്കാന്‍ ശ്രമിക്കുകയാണെന്നാണു യു.ഡി.എഫ് അംഗങ്ങളുടെ പ്രധാന ആരോപണം.
മത്സരാര്‍ഥികള്‍ക്ക് നല്‍കിയ നോമിനേഷന്‍ പേപ്പര്‍ ഇംഗ്ലീഷിലാണ് അച്ചടിച്ചിരുന്നത്. ഇതില്‍ വനിതാ സംവരണ വിഭാഗം എന്നു പ്രത്യേകം എഴുതിയിരുന്നില്ല. ഇതിനെ കുറിച്ച് റിട്ടേണിങ് ഓഫിസറോട് ചോദിച്ചപ്പോള്‍ അങ്ങനെ പ്രത്യേകം എഴുതേണ്ട ആവശ്യമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. നവംബര്‍ 8ന് പ്രസിദ്ധീകരിച്ച സ്ഥാനാര്‍ഥികളുടെ ലിസ്റ്റില്‍ സംവരണ വിഭാഗത്തില്‍ യു.ഡി.എഫ് വനിതകളുടെ പേരുകളും ഉണ്ടായിരുന്നു. എന്നാല്‍ നവംബര്‍ 10ന് പ്രസിദ്ധീകരിച്ച അന്തിമ സ്ഥാനാര്‍ഥികളുടെ പട്ടികയില്‍ വനിതകളെ ജനറല്‍ വിഭാഗത്തിലേക്കു മാറ്റുകയായിരുന്നു. ഇത് റിട്ടേണിങ് ഓഫിസറും സി.പി.എം നേതാക്കളും ചേര്‍ന്നുള്ള രാഷ്ട്രീയ നാടകത്തിന്റെ ഭാഗമാണെന്നും അംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ മുന്‍ പ്രസിഡന്റ് പി.പി ഗോപിനാഥപിള്ള, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഇ.പി അരവിന്ദന്‍, അബ്ദുല്‍ ഹമീദ് അമ്പലപറ്റ, കെ. സദാനന്ദന്‍, വി. അബ്ദുല്‍ അസീസ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."