ചെറുവാടി പുഞ്ചപ്പാടം ഇത്തവണയും കതിരണിയും
കൊടിയത്തൂര്‍: ഗ്രാമ പഞ്ചായത്തിലെ ചെറുവാടി പുഞ്ചപ്പാടത്ത് ഇത്തവണയും നെല്‍കൃഷിയിറക്കാന്‍ തീരുമാനം. 100 ഏക്കര്‍ വയലില്‍ കൃഷിയിറക്കാനാണ് പദ്ധതി. വര്‍ഷങ്ങളായി തരിശായി കിടന്ന പുഞ്ചപ്പാടം കല്ലന്‍തോട് നീര്‍ത്തട പദ്ധതിയുടെ ഭാഗമായി നവീകരിച്ചതോടെയാണ് കൃഷിക്ക് അനുയോജ്യമായത്. 80 ലക്ഷം രൂപ ചെലവഴിച്ച് തോട് നവീകരിക്കുകയും ഇരുവഴിഞ്ഞി പുഴയോട് ചേര്‍ന്ന് ഷട്ടര്‍ സ്ഥാപിക്കുകയും ചെയ്താണ് വയല്‍ കൃഷിയോഗ്യമാക്കിയത്.
കഴിഞ്ഞവര്‍ഷം 40 ഏക്കര്‍ സ്ഥലത്ത് നെല്‍കൃഷിയും പച്ചക്കറി കൃഷിയും ചെയ്തിരുന്നു. ഈ വര്‍ഷം കൂടുതല്‍ സ്ഥലത്ത് കൃഷിയിറക്കുന്നതിന്റെ ഭാഗമായി കൃഷിവികസന വകുപ്പ്, കൊടിയത്തൂര്‍ പഞ്ചായത്ത്, കൊടിയത്തൂര്‍ സര്‍വിസ് സഹകരണ ബാങ്ക് എന്നിവയുടെ ആഭിമുഖ്യത്തില്‍ കര്‍ഷകര്‍ക്കായി ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. സംസ്ഥാന കൃഷിവകുപ്പിന്റെ സുസ്ഥിര നെല്‍കൃഷി പദ്ധതിയുടെ ഭാഗമായി ഹെക്ടറിന് കര്‍ഷകര്‍ക്ക് 25,000 രൂപയും കൃഷി വകുപ്പില്‍നിന്ന് 3000 രൂപയും പഞ്ചായത്ത് 17000 രൂപയും സബ്‌സിഡിയായി നല്‍കും. പകുതി വിലക്ക് വളം നല്‍കുന്നതിനും പദ്ധതിയുണ്ട്.
അത്യുല്‍പാദനശേയിയുള്ള കാഞ്ചന ഇനം നെല്‍വിത്താണ് കൃഷിക്ക് ഉപയോഗിക്കുന്നത്. കൊടിയത്തൂര്‍ ബാങ്കിന്റെ ചുള്ളിക്കാപറമ്പ് ശാഖ ഓഡിറ്റോറിയത്തില്‍ നടന്ന ശില്‍പശാല പഞ്ചായത്ത് പ്രസിഡന്റ് സി.ടി.സി അബ്ദുല്ല ഉദ്ഘാടനം ചെയ്തു. ബാങ്ക് ഡയറക്ടര്‍ നാസര്‍ കൊളായി അധ്യക്ഷനായി. കൃഷി ഓഫിസര്‍ എം.എം സബീന പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി ചന്ദ്രന്‍, ചേറ്റൂര്‍ മുഹമ്മദ്, ബാബു മൂലയില്‍, ജോണി എടശേരി, എ.സി മൊയ്തീന്‍ സംസാരിച്ചു. ശില്‍പശാലക്ക് ഓമശേരി കൃഷി ഓഫിസര്‍ സാജിദ് അഹമ്മദ് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."