കൊലക്കേസില്‍ കൈപ്പത്തി മാറിയ സംഭവത്തില്‍ പുനരന്വേഷണ സാധ്യത തേടുന്നു
തലശ്ശേരി: സി.പി.എം പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പൊലിസ് കണ്ടെത്തിയ കൈപ്പത്തി കൊല്ലപ്പെട്ടയാളുടേതല്ലെന്ന് ഡി.എന്‍.എ പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പുനരന്വേഷണത്തിനുള്ള സാധ്യത തേടി പ്രൊസിക്യൂഷന് നീക്കമാരംഭിച്ചു. എരഞ്ഞോളി കുടക്കളത്തെ സി.പി.എം പ്രവര്ത്തകന് മൂന്നാംകണ്ടി വീട്ടില്‍ കെ.എം സുധീര്കുമാറാണ് കൊല്ലപ്പെട്ടത്.
വിചാരണക്കിടെയാണ് കണ്ടെടുത്ത കൈപ്പത്തി കൊല്ലപ്പെട്ട് സുധീറിന്റേതല്ലെന്ന് ഡി.എന്‍.എ റിപ്പോര്‍ട്ട് പബ്ലിക്ക് പ്രൊസിക്യൂട്ടര്‍ അഡ്വ. ബി.പി ശശീന്ദ്രന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഇത് വാര്‍ത്തയായതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് സംഭവത്തിന്റെ നിജസ്ഥിതി ആരാഞ്ഞിരുന്നു. വിശദമായ റിപ്പോര്‍ട്ട് പബ്ലിക്ക് പ്രൊസിക്യൂട്ടര്‍ അഡ്വ. ബി.പി ശശീന്ദ്രന് എസ്.പിക്ക് ഇന്ന് കൈമാറും.
കൈപ്പത്തി മാറിയിട്ടില്ലെന്നും പോസ്റ്റ്മോര്‍ട്ടത്തിനിടെ രക്ത സാമ്പിള്‍ മാറിയതായിരിക്കാമെന്ന നിലപാടാണ് അന്വേഷണ ഉദ്യോഗസ്ഥന് സ്വീകരിച്ചിരിക്കുന്നത്. കേസന്വേഷണം നടത്തിയിരുന്ന ഡിവൈ.എസ്.പി എം.വി സുകുമാരനെ വിളിച്ചുവരുത്തി പ്രൊസിക്യൂട്ടര്‍ വിശദ വിവരങ്ങള്‍ തേടിയിരുന്നു. സുധീറിന്റെ കൈപ്പത്തിയെവിടെയെന്ന ചോദ്യം പ്രൊസിക്യൂഷന് അന്വേഷണ ഉദ്യോഗനോട് ആരാഞ്ഞിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് പ്രൊസിക്യൂഷന് പറഞ്ഞു.
കൈപ്പത്തിയുടെ ഡി.എന്‍.എ പരിശോധന വീണ്ടും നടത്തണമെന്ന ആവശ്യം പ്രൊസിക്യൂഷന് ജില്ലാ പൊലിസ് ചീഫിന് മുമ്പില്‍ വയ്ക്കും. സുധീറിന്റെ കൈപ്പത്തി മൃതദേഹത്തോടൊപ്പം കിട്ടിയില്ലെന്ന് സുധീറിന്റെ ബന്ധുക്കളും പ്രൊസിക്യൂഷനോട് പരാതിപ്പെട്ടിരിക്കുകയാണ്. സുധീര്‍ കൊല്ലപ്പെട്ട് 10 വര്‍ഷം കഴിഞ്ഞതോടെയാണ് ഇത്തരമൊരു ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. ഇതോടെ കൈപ്പത്തിയുെട യഥാര്‍ഥ ഉടമയെ കണ്ടെത്തേണ്ട ബാധ്യത പൊലിസിന് തലവേദനയാവും. കേസന്വേഷണ ഉദ്യോഗസ്ഥന് ഇത്തരമൊരു ഗൗരവമേറിയ സംഭവം കണ്ടിട്ടും കോടതിയെ അറിയിക്കാത്തത് വിവാദമായിരിക്കുകയാണ്.
2007 നവംബര്‍ കൊളശ്ശേരി കാവുംഭാഗം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിന് സമീപം വച്ചാണ് കാര്‍ ഡ്രൈവറായ സുധീറിനെ കണ്ണൂര്‍ ചിന്മയ സ്കൂളിലെ വിദ്യാര്‍ഥികളുമായി വരവെ കാര്‍ തടഞ്ഞ് വെട്ടിക്കൊലപ്പെടുത്തിയത്
ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട സുധീറിന്റെ ഒരു കൈപ്പത്തി വെട്ടിമാറ്റിയിരുന്നു.
ഇതാണ് സംഭവത്തിന്റെ പിറ്റേദിവസം പൊലിസ് സമീപത്തെ വീട്ടുപറമ്പില്‍ വച്ച് കണ്ടെടുത്തത്. ഈ കൈപ്പത്തി മാത്രം പിന്നീട് പ്രത്യേകമായി പൊലിസ് ഇന്‍ക്വസ്റ്റ് നടത്തി തിരുവന്തപുരത്തെ ഫോറന്‍സിക് ലാബില്‍ പരിശോധനക്ക് അയക്കുകയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."