ജയരാജനെതിരേ നടപടി; കീഴ്ഘടകങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യാനിടയില്ല
കണ്ണൂര്‍: ജില്ലാ സെക്രട്ടറി പി. ജയരാജനെതിരേ സംസ്ഥാന സമിതി കൈകൊണ്ട അച്ചടക്ക നടപടി കീഴ്ഘടകങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള തീരുമാനം ആശങ്കപ്പെടുത്തുന്നത് പാര്‍ട്ടി നേതൃത്വത്തെ. ജയരാജന്‍ സ്വയം മഹത്വവല്‍കരിക്കുന്നുവെന്ന സംസ്ഥാന സമിതിയുടെ വിമര്‍ശനം ജില്ലയിലെ പാര്‍ട്ടി ഘടകങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിഞ്ഞ ദിവസം നടന്ന സംസ്ഥാന സമിതിയില്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ജില്ലയിലെ പാര്‍ട്ടി അണികളില്‍ നിന്നു ജയരാജന് കിട്ടുന്ന പിന്തുണയും ഇപ്പോഴത്തെ സംഭവങ്ങള്‍ക്ക് പിന്നില്‍ ജില്ലയിലെ ചില നേതാക്കള്‍ തന്നെയാണെന്ന പ്രചരണത്തിന്റെയും പശ്ചാത്തലത്തില്‍ പ്രത്യേക ജനറല്‍ ബോഡികള്‍ വിളിച്ച് റിപ്പോര്‍ട്ട് ചെയ്താല്‍ അത് ജില്ലയിലെ പാര്‍ട്ടി ഘടകങ്ങളില്‍ വീണ്ടും വീഭാഗീയ പ്രവണതകള്‍ക്ക് ഇടയാക്കുമെന്ന ആശങ്കയാണ് നേതാക്കള്‍ക്കുള്ളത്.
ജില്ലയിലെ പാര്‍ട്ടി ഘടകങ്ങളെല്ലാം അദ്ദേഹത്തിന്റെ നിലപാടുകളോട് പൂര്‍ണപിന്തുണ പ്രഖ്യാപിക്കുന്നതാണ്. ഈ സാഹചര്യത്തില്‍ അടുത്ത ദിവസം ജില്ലയില്‍ എത്തുന്ന സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തില്‍ ജില്ലാ കമ്മിറ്റി യോഗം ചേര്‍ന്ന് റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്ത് തുടര്‍നടപടികളിലേക്ക് പോകാതെ അവസാനിപ്പിക്കാനാണ് സാധ്യത.
ജില്ലയിലെ ചില നേതാക്കള്‍ നേരിട്ട പോലെയുള്ള ആരോപണമല്ല ജില്ലാ സെക്രട്ടറി പി. ജയരാജന്റെ മേല്‍ ആരോപിച്ചിരിക്കുന്നതെന്ന അഭിപ്രായം പാര്‍ട്ടിയില്‍ ശക്തമാണ്.
ആര്‍.എസ്.എസ് ആക്രമണത്തെ പ്രതിരോധിക്കാന്‍ അണികള്‍ക്കൊപ്പം നിന്ന ജയരാജന്‍ രണ്ടു കൊലക്കേസില്‍ ഉള്‍പ്പെടെ പ്രതിപ്പട്ടികയില്‍ ഉള്ള ആളാണ്. ക്രൂരമായ ആര്‍.എസ്.എസ് അക്രമങ്ങളും ജയരാജന്‍ വിധേയനായിട്ടുണ്ട്.
ഈ മാസം 17നാണ് കതിരൂര്‍ മനോജ് വധക്കേസില്‍ യു.എ.പി.എ ഉള്‍പ്പെടുത്തിയോ എന്ന കാര്യം സി.ബി.ഐ കോടതിയെ അറിയിക്കുക. കോടതി എടുക്കുന്ന നിലപാട് ജയരാജനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായിരിക്കും. ഈ സാഹചര്യത്തില്‍ ജയരാജനൊപ്പം പാര്‍ട്ടി നിലകൊള്ളേണ്ട സമയത്ത് സംസ്ഥാന നേതൃത്വം കൊണ്ടുവന്ന മഹത്വവല്‍കരണ ആരോപണത്തോട് അണികള്‍ക്ക് കടുത്ത പ്രതിഷേധമാണുള്ളത്.
ഇന്നലെയാരംഭിച്ച ഏരിയാ സമ്മേളനവും ജയരാജന് പിന്തുണ പ്രഖ്യാപിക്കുന്ന കാഴ്ചയായിരുന്നു. ജയരാജന്റെ ചിത്രവും മണ്‍മറഞ്ഞ നേതാക്കള്‍ക്കൊപ്പം അണികള്‍ സമ്മേളന സ്ഥലത്ത് സ്ഥാപിച്ചിരുന്നു. സമ്മേളനത്തിലെ നടപടികളും ജയരാജന് പൂര്‍ണ പിന്തുണ നല്‍കുന്നതായിരുന്നു.
കണ്ണൂര്‍ ഏരിയാ സമ്മേളനം ഉദ്ഘാടനം ചെയ്ത പി. ജയരാജനാകട്ടെ തന്റെ മേല്‍ സംസ്ഥാന നേതൃത്വം കൈകൊണ്ട നടപടിയെകുറിച്ച് പരാമര്‍ശിക്കാതെ 'ഏതെങ്കിലും നേതാക്കളല്ല, അണികളാണ് പാര്‍ട്ടിയുടെ ശക്തിയെന്ന്' തന്റെ പ്രസംഗത്തിലൂടെ നേതൃത്വത്തെ ഓര്‍മപെടുത്താനാണ് ശ്രമിച്ചത്. ജനങ്ങളെ അണിനിരത്തി തന്റെ കരുത്ത് ജില്ലയില്‍ കാട്ടാനാകുമെന്ന ജയരാജന്റെ തികഞ്ഞ ആത്മവിശ്വാസമാണ് സംസ്ഥാന നേതൃത്വത്തിന് തലവേദനയാകുന്നതും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."