ഗെയില്‍ പൈപ്പ് ലൈന്‍; വില്ലേജ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു
പെരിയ: ഗെയില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടു പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ കുണിയയില്‍ പെരിയ വില്ലേജ് ഓഫിസര്‍, പനയാല്‍ വില്ലേജ് ഓഫിസര്‍ എന്നിവര്‍ സന്ദര്‍ശനം നടത്തി. ഇന്നലെ ഗെയില്‍ ഉദ്യോഗസ്ഥരോടൊപ്പമാണു പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന സ്ഥലങ്ങള്‍ ഇവര്‍ സന്ദര്‍ശിച്ചത്. പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടു ഈ ഭാഗങ്ങളില്‍ മുമ്പു രണ്ടു സര്‍വേകള്‍ നടത്തിയിരുന്നു. ഇതില്‍ നിന്നു വിഭിന്നമായി മറ്റൊരു ഭാഗത്തു കൂടി പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ ശ്രമിച്ചതിലും ഭൂ ഉടമകള്‍ അറിയാതെ അതിര്‍ത്തി മതിലുകളും വൃക്ഷങ്ങളും നശിപ്പിച്ചതിനെ തുടര്‍ന്നും കഴിഞ്ഞ ദിവസം നാട്ടുകാര്‍ പ്രതിഷേധം ഉയര്‍ത്തി ജോലിയെടുക്കാന്‍ വന്ന യന്ത്രങ്ങള്‍ തിരിച്ചയച്ചിരുന്നു.
ഇതേ തുടര്‍ന്ന് ജില്ലാ കലക്ടര്‍ കെ.ജീവന്‍ ബാബു, എം.എല്‍.എമാരായ കെ. കുഞ്ഞിരാമന്‍, എന്‍.എ നെല്ലിക്കുന്ന് എന്നിവര്‍ പ്രശ്‌നത്തില്‍ ഇടപെടുകയും ഭൂ ഉടമകളുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ചു പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന ജോലി പുനരാരംഭിച്ചാല്‍ മതിയെന്നും ഗെയില്‍ അധികൃതരോട് പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ ഇരു വില്ലേജ് ഓഫിസര്‍മാരെയും ഗെയില്‍ അധികൃതര്‍ പ്രദേശത്തേക്ക് കൊണ്ടു വരുകയായിരുന്നു.
തുടര്‍ന്നു നടത്തിയ പരിശോധനയില്‍ 2010ല്‍ നടത്തിയ രണ്ടാം സര്‍വേയുടെ അടിസ്ഥാനത്തില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. എന്നാല്‍ 2013 ല്‍ സാറ്റലൈറ്റ് വഴി നടത്തിയ സര്‍വേ പ്രകാരമാണെന്നു അവകാശപ്പെട്ടാണ് കഴിഞ്ഞ ദിവസം മറ്റൊരു വഴിയേ പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ ശ്രമം നടത്തിയത്.
അതേ സമയം 2010 ല്‍ നടത്തിയെന്നു പറയുന്ന സര്‍വേയിലും ജനങ്ങള്‍ ഏറെ തിങ്ങിപ്പാര്‍ക്കുന്ന ഭാഗത്തുകൂടിയാണു പൈപ്പ് ലൈന്‍ കടന്നു പോകുന്നത്. ഗെയില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടു ഈ പ്രദേശത്തെ ആര്‍ക്കും തന്നെ ഇതുമായി ബന്ധപ്പെട്ടു ഒരു വിവരവും ഇതുവരെ നല്‍കിയിട്ടില്ലെന്നും ഇതൊന്നും ചെയ്യാതെയാണു കഴിഞ്ഞ ദിവസം യാതൊരു അറിയിപ്പുമില്ലാതെ ഇവര്‍ ചുറ്റുമതിലും ഫല വൃക്ഷങ്ങളും ഉള്‍പ്പെടെ വെട്ടിനിരത്തിയതെന്നും പറയുന്നു.
ഇന്നു പൈപ്പ് ലൈന്‍ കടന്നുപോകുന്ന സ്ഥലങ്ങള്‍ മാര്‍ക്ക് ചെയ്തു ചിട്ടപ്പെടുത്തുകയും പിന്നീട് നാട്ടുകാരുടെ യോഗം വിളിച്ചു ചേര്‍ത്തു പ്രശ്‌നങ്ങള്‍ പരിഹരിച്ചു ജോലി തുടങ്ങുമെന്ന് ഗെയില്‍ അധികൃതര്‍പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."