വായ്പ തിരിച്ചടച്ചിട്ടും പ്രമാണം തിരികെ നല്‍കിയില്ല; ബാങ്കിനുമുന്നില്‍ വീട്ടമ്മയുടെ കുത്തിയിരിപ്പ് സത്യഗ്രഹം
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയ്ക്ക് സമീപം വഴുതൂരിലുള്ള പ്രൈമറി കോ- ഓപ്പറേറ്റീവ് അഗ്രികള്‍ച്ചറല്‍ റൂറല്‍ ഡവലപ്‌മെന്റ് ബാങ്കാണ് വായ്പ തിരിച്ചടച്ചിട്ടും വസ്തുവിന്റെ പ്രമാണം നല്‍കാതിരുന്നതോടെ വീട്ടമ്മ സത്യഗ്രഹം നടത്തി.
ചെങ്കല്‍ വട്ടവിള സ്വദേശി ധര്‍മ്മരാജ്-രത്‌നമ്മ ദമ്പതികളാണ് പണം അടച്ചിട്ടും പ്രമാണം ലഭിക്കാഞ്ഞതിനെത്തുടര്‍ന്ന് വഴുതൂരിലുളള ബാങ്കിനു മുന്നില്‍ ഇന്നലെ രാവിലെ മുതല്‍ കുത്തിയിരുന്ന് ഉപരോധം നടത്തിയത്. 2006 ല്‍ ഒരു ലക്ഷം രൂപ ബാങ്കില്‍ നിന്ന് കടമെടുത്തിരുന്നു. പലിശയും പിഴപലിശയുമടക്കം നാലുലക്ഷത്തി എണ്‍പത്തിയയ്യായിരം രൂപ ബാങ്കില്‍ അടച്ച് വീടിന്റെ പ്രമാണം ആവശ്യപ്പെടുകയായിരുന്നു.
രണ്ട് ദിവസം കഴിഞ്ഞിട്ടും പ്രമാണം ലഭിക്കാത്തതിനെത്തുടര്‍ന്ന് വിവരം തിരക്കിയപ്പോള്‍ വസ്തുവിന്റെ പ്രമാണം ബാങ്കില്‍ കാണാനില്ല എന്നായിരുന്നു ബാങ്ക് ജീവനക്കാര്‍ മറുപടി പറഞ്ഞത്. വിവരമറിഞ്ഞ മാധ്യമ പ്രവര്‍ത്തകര്‍ നെയ്യാറ്റിന്‍കര വഴുതൂരുള്ള പ്രൈമറി കോ-ഓപ്പറേറ്റീവ് അഗ്രികള്‍ച്ചറല്‍ റൂറല്‍ ഡവലപ്‌മെന്റ് ബാങ്കിന്റെ പ്രസിഡന്റ് നാരായണന്‍ നായരോട് വിവരം അന്വേക്ഷിച്ചപ്പോള്‍ പ്രമാണം കോടതിയിലാണെന്നായിരുന്നു മറുപടി പറഞ്ഞത്.
പണം അടച്ചിട്ടും വസ്തുവിന്റെ പ്രമാണം ലഭിക്കാത്തതിനെത്തുടര്‍ന്ന് രത്‌നമ്മയും മകനും മകളും ബാങ്കിന്റെ ഉമ്മറത്തിരുന്ന് കുത്തിയിരിപ്പ് സത്യാഗ്രഹം ആരംഭിച്ചു.
വിവരമറിഞ്ഞ് നെയ്യാറ്റിന്‍കര എസ്.ഐ ശ്രീകണ്ഠന്‍ എത്തി ബാങ്ക് അധികൃതരുമായി നടത്തിയ ചര്‍ച്ചയില്‍ പുതിയ ലോണ്‍ നല്‍കാമെന്ന ഉറപ്പില്‍ ഉപരോധം അവസാനിപ്പിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."