പുകയില വിമുക്ത വിദ്യാലയങ്ങള്‍: സമൂഹമാധ്യമ പ്രചാരണ പരിപാടിക്ക് തുടക്കം
തിരുവനന്തപുരം: ജീവിതത്തില്‍ ഇന്നുവരെ പുകവലിച്ചിട്ടില്ലാത്ത തനിക്ക് ഇനി വലിക്കാന്‍ ഉദ്ദേശ്യവുമില്ലെന്നും, കൂടെ നില്‍ക്കുന്നവരെ വലിക്കാന്‍ അനുവദിക്കാറില്ലെന്നും പ്രശസ്ത യുവ വയലിനിസ്റ്റും സംഗീതസംവിധായകനുമായ ബാലഭാസ്‌കര്‍.
പുകയിലവിമുക്ത സ്‌കൂളുകളും കോളജുകളും ലക്ഷ്യമിട്ട് 'സേ നോടു ടുബാക്കോ' എന്ന പേരില്‍ നടത്തുന്ന സമൂഹമാധ്യമ പ്രചാരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പുകയില വിപത്ത് കുട്ടികളെ സാരമായി ബാധിക്കുന്നുണ്ടെന്നും ഇതിനെതിരേ പോരാടാന്‍ അധ്യാപകരും വിദ്യാര്‍ഥികളും രക്ഷിതാക്കളുമടങ്ങിയ സമൂഹം നൂതന ആശയങ്ങളുമായി മുന്നോട്ടുവരണമെന്നും ബാലഭാസ്‌കര്‍ അഭ്യര്‍ഥിച്ചു.
തന്റെ സംഗീതസംഘത്തിന്റെ നേതൃത്വത്തില്‍ പുകയിലയ്‌ക്കെതിരായ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ തയാറെടുക്കുമ്പോഴാണ് ടുബാക്കോ ഫ്രീ കേരള, സമൂഹമാധ്യമ പ്രചാരണ പരിപാടിയുടെ അംബാസഡര്‍ ആകാന്‍ ക്ഷണിച്ചതെന്നും ഏറെ സന്തോഷത്തോടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുകയാണെന്നും അദ്ദേഹം അറിയിച്ചു.
പുകയില ഉല്‍പ്പന്നങ്ങളുടെ ഉപയോഗം തുടങ്ങാന്‍ അനുകൂലമായ ചുറ്റുപാട് സൃഷ്ടിക്കാതിരിക്കുകയും പുകയില ഉല്‍പ്പന്നങ്ങളോട് വേണ്ട എന്നു പറയാനുള്ള കരുത്ത് വളര്‍ത്തിയെടുക്കുകയുമാണ് കുട്ടികളെ പുകയില വിപത്തില്‍നിന്നു രക്ഷിക്കാന്‍ വേണ്ടതെന്ന് ടുബാക്കോ ഫ്രീ കേരള ഉപദേഷ്ടാവും ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ അച്യുതമേനോന്‍ സെന്റര്‍ സീനിയര്‍ റിസര്‍ച്ച് ഓഫിസര്‍ ഡോ. എ.എസ് പ്രദീപ് കുമാര്‍ പറഞ്ഞു. 'വേണ്ട' എന്നു പറയാനുള്ള മനോഭാവം രക്ഷിതാക്കള്‍ കുട്ടികളില്‍ വളര്‍ത്തിയെടുക്കണം.
അധ്യാപകരും ശ്രദ്ധിക്കണം. ജാഗ്രതയോടെ നീങ്ങിയാല്‍ കുട്ടികള്‍ പുകയില ഉപയോഗം തുടങ്ങുന്നതു തടയാനാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജോയ് തമലം രചിച്ച,് അമൃത, പ്രാര്‍ഥന, ജാനകി എന്നിവര്‍ ചേര്‍ന്ന് ആലപിച്ച, 'നോ ടു ടുബാക്കോ' എന്ന സന്ദേശമുള്ള ബാലഭാസ്‌കര്‍ സംവിധാനം ചെയ്ത സംഗീതശകലം (ജിംഗിള്‍) ചടങ്ങില്‍ പുറത്തിറക്കി. ടുബാക്കോ ഫ്രീ കേരള സ്റ്റേറ്റ് കോ ഓര്‍ഡിനേറ്റര്‍ ശ്രീ. എസ്. ജയരാജ് സംസാരിച്ചു.
'പാഠശാല' ആഫ്ടര്‍ സ്‌കൂള്‍ കെയറില്‍നിന്നുള്ള കുട്ടികളും പങ്കെടുത്തു. പ്രചരണപരിപാടിയുടെ ഭാഗമാകാനും എങ്ങനെ, എപ്പോള്‍ കുട്ടികള്‍ പുകയിലയെ അകറ്റിനിര്‍ത്തണം എന്ന വിഷയത്തില്‍ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും അവതരിപ്പിക്കാനും എല്ലാ അധ്യാപകരോടും ഡോക്ടര്‍മാരോടും വിദ്യാര്‍ഥികളോടും ഉത്തരവാദിത്തബോധമുള്ള മറ്റു പൗരന്മാരോടും 'ടുബാക്കോ ഫ്രീ കേരള' അഭ്യര്‍ഥിച്ചു. എപ്പോള്‍, എങ്ങനെ പുകയിലയെ അകറ്റിനിര്‍ത്തി എന്ന തരത്തിലുള്ള വ്യക്തികളുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കാനും ഈ പ്രചാരണപരിപാടി വേദിയാക്കാം.
താല്‍പര്യമുള്ളവര്‍ക്ക് അനുഭവങ്ങള്‍ ഇംഗ്ലീഷിലോ മലയാളത്തിലോ എഴുതി തങ്ങളുടെ പേര്, ചിത്രം എന്നിവയോടൊപ്പം സലൃമഹമീേയമരരീളൃലല@ഴാമശഹ.രീാ എന്ന വിലാസത്തില്‍ അയയ്ക്കാം. ടുബാക്കോ ഫ്രീ കേരളയുടെ സമൂഹമാധ്യമ പേജുകളില്‍ അവ പ്രസിദ്ധീകരിക്കുമെന്നും പ്രവര്‍ത്തകര്‍ അറിയിച്ചു. ബാലഭാസ്‌കറിന്റെ ജിംഗിള്‍ ഈ പേജുകളില്‍ ലഭ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."