കന്യാകുമാരിയില്‍ പുതിയ യാത്രി നിവാസ് തുറക്കും
തിരുവനന്തപുരം: കന്യാകുമാരിയില്‍ കേരള ഹൗസിനു സമീപം ടൂറിസം വികസന കോര്പ്പറേഷന് പുതിയ യാത്രി നിവാസ് പണിയുന്നു. സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിലെ സൗകര്യങ്ങള്‍ കേരളത്തില്‍ നിന്നുള്ള സഞ്ചാരികളില്‍ ഒരു ശതമാനത്തിനുപോലും ലഭ്യമാക്കാനാകുന്നില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കെ.ടി.ഡി.സി പുതിയ പദ്ധതിയുമായി എത്തുന്നത്.
പദ്ധതിയുടെ വിശദമായ രേഖ സംസ്ഥാന ടൂറിസം വകുപ്പ് ഇതിനകംതന്നെ തയാറാക്കികഴിഞ്ഞു. 17.6 കോടി രൂപ ചെലവുവരുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ ഭരണാനുമതിയും നല്‍കിക്കഴിഞ്ഞു. 30 മാസത്തിനുള്ളില്‍ നിര്‍മാണ ജോലികള്‍ പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്യാനാണ് ലക്ഷ്യമിടുന്നത്.
കന്യാകുമാരിയിലെ കേരള ഹൗസ് ഒരു ഹെക്ടറിലധികം സ്ഥലത്താണ് നിലകൊള്ളുന്നത്. ഇവിടെയുള്ള കെട്ടിടത്തില്‍ തീരെ കുറച്ച് സൗകര്യങ്ങള്‍ മാത്രമാണുള്ളത്. എട്ട് മുറികള്‍ മാത്രമുള്ള ഇവിടെയെത്തുന്ന മലയാളികള്‍ക്ക് എല്ലാവര്ക്കും താമസം അനുവദിക്കാന്‍ മിക്കപ്പോഴും അധികൃതര്‍ക്ക് കഴിയാറില്ല.
പുതിയ യാത്രി നിവാസിന്റെ നിര്‍മാണത്തോടെ പ്രശ്നങ്ങള്‍ക്ക് ഏറെക്കുറെ പരിഹാരമാകുമെന്നും കേരളത്തില്‍നിന്നുള്ള കൂടുതല്‍ വിനോദസഞ്ചാരികള്‍ക്ക് താമസ സൗകര്യം ഒരുക്കാന്‍ കഴിയുമെന്നുമാണ് കെ.ടി.ഡി.സിയുടെ വിലയിരുത്തല്‍. കെ.ടി.ഡി.സിയുടെ ചെന്നൈയിലെ റെയിന്‍ ഡ്രോപ്സ് ഹോട്ടലിന്റെ മാതൃകയില്‍ വിനോദസഞ്ചാരികള്‍ക്കും സര്‍ക്കാര്‍ അതിഥികള്‍ക്കുമായി നിശ്ചിത എണ്ണം വീതം മുറികള്‍ അനുവദിക്കുന്ന രീതിയായിരിക്കും കന്യാകുമാരിയില്‍ പണിതീര്‍ക്കുന്ന യാത്രി നിവാസിലേതുമെന്നാണ് ടൂറിസം വകുപ്പ് പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."