അധികൃതരുടെ അനാസ്ഥ...; അച്ചന്‍കോവില്‍ കഴുതുരുട്ടി പാത നവീകരണ പ്രവര്‍ത്തനം ഇത്തവണയില്ല
പുനലൂര്‍: അനധികൃതരുടെ അനാസ്ഥ മൂലം അച്ചന്‍കോവില്‍-കഴുതുരുട്ടി പാത നവീകരിക്കല്‍ ഈ മണ്ഡല കാലത്തും നടക്കില്ല.
തമിഴ്‌നാട്ടില്‍ നിന്ന് അച്ചന്‍കോവില്‍ ക്ഷേത്രത്തിലേക്കും അവിടെ നിന്ന് ആര്യങ്കാവ്, കുളത്തൂപ്പുഴ ക്ഷേത്രങ്ങളിലേക്കും എത്തുന്നതിന് ഏറ്റവും എളുപ്പമുള്ള പാതയാണ് ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം തകര്‍ന്നു കിടക്കുന്നത്.
പാത നവീകരിച്ചാല്‍ ആര്യങ്കാവ് പഞ്ചായത്തിലെ ഒന്നും രണ്ടും വാര്‍ഡായ അച്ചന്‍കോവിലുകാര്‍ക്കു സ്വന്തം പഞ്ചായത്തില്‍ എത്താന്‍ തമിഴ്‌നാട് ചുറ്റേണ്ട.
കഴുതുരുട്ടിയില്‍ നിന്ന് 25 കിലോമീറ്റര്‍ അമ്പനാട് പ്രിയ എസ്റ്റേറ്റ് വഴി സഞ്ചരിച്ചാല്‍ ഒരു മണിക്കൂറുകൊണ്ട് അച്ചന്‍കോവിലിലെത്താം.
എന്നാല്‍ നിലവില്‍ തമിഴ്‌നാട് ചെങ്കോട്ട ചുറ്റി 55 കിലോമീറ്റര്‍ താണ്ടിയാണ് അച്ചന്‍കോവിലിലെത്തുന്നത്.
മന്ത്രി കെ.രാജു പാതയ്ക്കായി അനുവദിച്ച 50 ലക്ഷം രൂപയുടെ നിര്‍മാണം പൂര്‍ത്തീകരിച്ചെങ്കിലും എങ്ങുമെത്തിയിട്ടില്ല.
രണ്ടാംഘട്ടത്തില്‍ അനുവദിക്കുമെന്നു പ്രഖ്യാപിച്ച 50 ലക്ഷം രൂപ ഇതുവരെ അനുവദിച്ചിട്ടുമില്ല. ആര്യങ്കാവ് പഞ്ചായത്ത് പാതയ്ക്ക് 70 ലക്ഷം രൂപ അനുവദിച്ചെങ്കിലും പണികള്‍ ആരംഭിച്ചിട്ടില്ല.
അച്ചന്‍കോവിലില്‍ നിന്ന് ഏഴ് കിലോമീറ്റര്‍ വനപാതയും അഞ്ച് കിലോമീറ്റര്‍ പ്രിയ എസ്റ്റേറ്റും ബാക്കി 13 കിലോമീറ്റര്‍ അമ്പനാട് എസ്റ്റേറ്റും പൊതുമരാമത്ത് വകുപ്പിന്റെ ഭാഗവുമാണ്.
ഇതില്‍ കഴുതുരുട്ടിയില്‍ നിന്ന് അമ്പനാടു വരെ ബസ് സര്‍വിസുമുണ്ട്.
വനംവകുപ്പും റവന്യുവകുപ്പും പൊതുമരാമത്തും വിചാരിച്ചാല്‍ അച്ചന്‍കോവിലുകാര്‍ക്കു തമിഴ്‌നാട് ചുറ്റാതെതന്നെ സ്വന്തം പഞ്ചായത്ത് ആസ്ഥാനത്തും വില്ലേജ് ഓഫിസിലുമെല്ലാം എത്താം. അച്ചന്‍കോവിലില്‍ നിന്നു പുറത്തേക്കുള്ള മറ്റു പാതകളേക്കാള്‍ ദൂരംകുറവുള്ള പാതയുമാണിത്.
പാതയുടെ നവീകരണത്തിന് എന്താണു തടസ്സമെന്ന് അധികൃതരാരും പറയുന്നുമില്ല. എന്തുതന്നെയായാലും പതിറ്റാണ്ടുകളായി അച്ചന്‍കോവിലുകാരുടെ കഴുതുരുട്ടി പാതയെന്ന ആവശ്യം സ്വപ്നമായി നിലനില്‍ക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."