പത്മാവതി വിവാദം: രജപുത് വിഭാഗത്തിന്റെ ക്ഷമ പരീക്ഷിക്കരുതെന്ന് ബി.ജെ.പി എം.എല്‍.എ
ബംഗളൂരു: ദീപിക പദുക്കോണ്‍ നായികയായെത്തുന്ന പത്മാവതി സിനിമക്കെതിരെ പ്രതിഷേധമടങ്ങുന്നില്ല. രജ്പുത് വിഭാഗത്തിന്റെ ക്ഷമ പരീക്ഷിക്കരുതെന്ന താക്കീതുമായി ബി.ജെ.പി എം.എല്‍.എ രാംനാഥ് കാദം രംഗത്തെത്തി. വിവാദമായ രംഗങ്ങള്‍ സിനിമയില്‍ നീക്കാന്‍ സംവിധായകന്‍ സഞ്ജയ് ലാലാ ബന്‍സാലയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സഹകരിച്ചില്ലെങ്കില്‍ അദ്ദേഹത്തിന്റെ ഒരു സിനിമയും വെളിച്ചം കാണില്ലെന്നും രാംനാഥ് മുന്നറിയിപ്പു നല്‍കി.
അതിനിടെ സിനിമക്കെതിരെ പ്രതിഷേധവുമായി ബംഗളൂരുവിലെ രജപുത് സംഘടനകള്‍ രംഗത്തെത്തി. ചൊവ്വാഴ്ച രാജസ്ഥാനിലെ കോട്ടയില്‍ പത്മാവതിയുടെ ട്രെയിലര്‍ പ്രദര്‍ശിപ്പിച്ച തിയേറ്റര്‍ രജപുത് കര്‍ണിസേന അടിച്ചു തകര്‍ത്തിരുന്നു.
പത്മാവതിയില്‍ ചരിത്രത്തെ വളച്ചൊടിക്കുകയാണെന്നാണ് ഇവരുടെ ആരോപണം. പത്മാവതിയെ മോശമായി ചിത്രീകരിക്കുന്നതാണ് സിനിമയിലെ രംഗങ്ങളെന്ന് ഇവര്‍ ആരോപിക്കുന്നു.
സിനിമ റിലീസ് ചെയ്യുന്നതിനെതിരെ രജ്പുത് സംഘടനകള്‍ സമര്‍പ്പിച്ച ഹരജി സുപ്രിംകോടതി തള്ളിയിരുന്നു. ഡിസംബര്‍ ഒന്നിനാണ് പത്മാവതിയുടെ റിലീസ്.
14ാം നൂറ്റാണ്ടിലെ രജപുത്ര രാജ്ഞി പത്മാവതിയുടെ കഥയാണ് സിനിമയുടെ ഇതിവൃത്തം. ദീപിക റാണി പത്മിനിയാകുന്ന ചിത്രത്തില്‍ രണ്‍വീര്‍ സിങ്ങ് അലാവുദ്ദീന്‍ ഖില്‍ജിയാകുന്നു. റാണി പത്മിനിയുടെ ഭര്‍ത്താവായി ഷാഹിദ് കപൂറുമുണ്ട്. റാണി പത്മിനിയോട് അലാവുദ്ദീന്‍ ഖില്‍ജിക്ക് തോന്നുന്ന പ്രണയവും തുടര്‍ന്നുണ്ടാകുന്ന സംഘര്‍ഷവുമാണ് സിനിമ.
160 കോടി രൂപ മുതല്‍മുടക്കിലാണ് ചിത്രീകരിച്ചത്. ബന്‍സാലി പ്രൊഡക്ഷന്‍സും വിയാകോം 18 പിക്‌ചേഴ്‌സും ചേര്‍ന്നാണ് നിര്‍മിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."