HOME
DETAILS

സ്വാതന്ത്ര്യദിനത്തിലെ അനിവാര്യമായ അശുഭചിന്തകള്‍

  
backup
August 14 2016 | 19:08 PM

%ef%bb%bf%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%be%e0%b4%a4%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b5%8d%e0%b4%af%e0%b4%a6%e0%b4%bf%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%86


ആറുവയസുകാരനായ കുട്ടി സ്വന്തം അച്ഛന്റെ അടിയേറ്റു പുളയുകയാണ്. വേദന സഹിക്കാനാവാതെ കുട്ടി ഉറക്കെയുറക്കെ കരയുന്നു. അതിനൊത്ത് അച്ഛന്റെ രോഷം ഇരട്ടിക്കുകയും ചെയ്യുന്നു. അടിയുടെ ശക്തികൂടുന്നു. കരച്ചില്‍ അസഹ്യമായപ്പോള്‍ അയല്‍വീട്ടില്‍ നിന്നാരോ ഓടിവന്നു. കുട്ടിയെ പിടിച്ചുമാറ്റി. രോഷാകുലനായ അച്ഛന്‍ വടിവലിച്ചെറിഞ്ഞ് അലക്ഷ്യമായി നടന്നുപോയി.
വഴക്കിന്റെ കാരണമന്വേഷിച്ച അയല്‍വീട്ടുകാരനോടു കുട്ടി ഗദ്ഗദത്തോടെ പറഞ്ഞതിങ്ങനെയാണ്: ''സ്‌കൂളില്‍നിന്നു കിട്ടുന്ന ഉച്ചഭക്ഷണം ഇത്തിരി ഞാന്‍ തിന്നും. ബാക്കി അച്ഛനു കൊണ്ടുവന്നു കൊടുക്കുകയാണു പതിവ്. ഇന്നു ഭക്ഷണം വളരെക്കുറച്ചേ കിട്ടിയുള്ളൂ. അതുമുഴുവന്‍ ഞാന്‍ തിന്നു. അതിനാണ് അച്ഛന്‍ തല്ലിയത്.''
കെട്ടുകഥയല്ല, തലസ്ഥാനജില്ലയിലെ ഒരുഗ്രാമത്തില്‍ സംഭവിച്ചതാണ്! ആരുടെയോ ഔദാര്യംകൊണ്ടു കിട്ടുന്ന ഇത്തിരി ഭക്ഷണം. അതു കുട്ടികളുടെ വിശപ്പുമാറ്റാന്‍തന്നെ മതിയാവില്ല. എന്നിട്ടും അതിലൊരു പങ്കിനായി കത്തുന്ന വയറോടെ രക്ഷിതാക്കള്‍ കാത്തിരിക്കുകയാണ്! അവരെ കുറ്റംപറഞ്ഞുകൂടാ. വിശക്കുന്നവയറുകള്‍ക്കെവിടെ, നീതിബോധം.
ഒരമ്മ അഞ്ചുരൂപയ്ക്കു സ്വന്തം കുഞ്ഞിനെ വിറ്റതു വളരെപ്പഴയ വാര്‍ത്തയല്ല.  ഇത്തരം സംഭവങ്ങള്‍ എന്താണു തെളിയിക്കുന്നത്. സ്വാതന്ത്ര്യാനന്തരഭാരതം കോരിച്ചെലവഴിച്ച കോടിക്കണക്കിനു രൂപ എത്തേണ്ടിടത്ത് എത്തിയില്ലെന്നുതന്നെ. ഫലമോ. ദരിദ്രരുടെ സംഖ്യ ഇരട്ടിച്ചു. പോഷണവൈകല്യം, മാറാവ്യാധികള്‍, വര്‍ധിച്ചുവരുന്ന ശിശുമരണം... ഇവയുടെയൊക്കെ ഹേതു ദാരിദ്ര്യം തന്നെ. വസിഷ്ഠമഹര്‍ഷി ശ്രീരാമനോടു പറയുകയാണ്: ''ദരിദ്രനെക്കൊണ്ട് ഒന്നുംചെയ്യാന്‍ കഴിയില്ല. ദരിദ്രന്‍ ശവത്തിനു തുല്യമാണ്. ജീവച്ഛവങ്ങളായ ഈ സാധാരണക്കാരോടു സാമൂഹ്യനീതികളോ, സദാചാരമൂല്യങ്ങളോ പാലിക്കാന്‍ ആവശ്യപ്പെടുന്നത് അനീതിയാണ്. അത് അവരെ പരിഹസിക്കുന്നതിനു തുല്യവുമാണ്.''
ഞാന്‍ ഗാന്ധിജിയുടെ ചില വാക്യങ്ങള്‍ ഉദ്ധരിക്കട്ടെ:  ''നിങ്ങളുടെ പ്രഥമകര്‍ത്തവ്യം ദരിദ്രനാരായണന്മാരുടെ ദാരിദ്ര്യവും കഷ്ടപ്പാടുകളും ഉണ്ടാക്കുന്ന വ്യവസ്ഥയെ നിര്‍മാര്‍ജ്ജനം ചെയ്യലാണ്. കാരണം ദരിദ്രരുടെ മുന്‍പില്‍ ദൈവം അപ്പത്തിന്റെ രൂപത്തിലേ അവതരിക്കയുള്ളൂ.''
അദ്ദേഹം തുടരുന്നു:''പകുതിയും പട്ടിണിയായ രാഷ്ട്രത്തിനു മതമോ കലയോ സംസ്‌കാരമോ ഒന്നുമല്ല പ്രധാനം. കോടിക്കണക്കായ പട്ടിണിക്കാര്‍ക്കു പ്രയോജനകരമാകാവുന്ന എന്തെങ്കിലുമുണ്ടോ അതാണ് എന്റെ മനസ്സിനു സുന്ദരം. ആദ്യമായി ജീവിതത്തിന്റെ കാതലായ കാര്യങ്ങളൊക്കെ അവര്‍ക്കു നല്‍കുക. ജീവിതത്തിന്റെ എല്ലാ സൗകുമാര്യങ്ങളും അലങ്കാരങ്ങളും പിറകെ വന്നെത്തിക്കൊള്ളും.'' ഗാന്ധിജിയോടു വിയോജിപ്പുണ്ടാകാം. അദ്ദേഹത്തിന്റെ ആശയങ്ങള്‍ക്ക്  എരിവും തീവ്രതയും പോരായിരിക്കാം. പക്ഷേ, നിത്യജീവിതത്തിലെ അദ്ദേഹത്തിന്റെ ലാളിത്യം ആദരണീയമാണ്. 'ത്യാഗമെന്നതേ നേട്ടം, താഴ്മതാനഭ്യുന്നതി' എന്ന സ്വവചസ്സിനതീതമായി അദ്ദേഹം ജീവിച്ചിട്ടില്ല. ഇന്നത്തെ വിപ്ലവവാദികളോ. സാമൂഹികശക്തികളെയും ശാസ്ത്രീയസോഷ്യലിസത്തെയും പുകഴ്ത്തിപ്പാടുന്ന അവര്‍ സ്വജീവിതത്തില്‍ സ്വര്‍ഗീയസുഖം ഇച്ഛിക്കുന്നവരാണ്.
സ്വകാര്യസ്വത്തിനെപ്പറ്റി പണ്ടത്തെ ബൂര്‍ഷ്വാസിക്കുണ്ടായിരുന്ന ത്വരയേക്കാള്‍ എത്രയോ ഇരട്ടിയാണ് ഇന്നത്തെ വിപ്ലവവിശ്വാസിക്കുള്ള ത്വര. മാത്രവുമല്ല ഇവര്‍ അറ്റകൈയ്ക്ക് ഉപ്പിടാത്തവരുമാണ്. യാചകന് ഒരുപിടി അരിവാങ്ങിക്കൊടുക്കുന്ന ഒരുനേതാവിനെയും നാം കണ്ടിട്ടില്ല. എന്നാല്‍, യജമാനവര്‍ഗത്തിനെതിരായി യാചകരുടെ വിപ്ലവബോധം ആളിക്കത്തിക്കാന്‍ ആഹ്വാനം നല്‍കുന്ന നിരവധി നേതാക്കന്മാരെ നമുക്കറിയാം. ഇവിടെ ഒരുചോദ്യത്തിനു പ്രസക്തിയുണ്ട്: അഗതികളെ സഹായിക്കാന്‍ എപ്പോഴും സാധ്യമാകുമോ. ചിലപ്പോഴെങ്കിലും എന്നാണുത്തരം. സാധിക്കാവുന്ന കാര്യങ്ങളില്‍ നാം അതു ചെയ്യുന്നുണ്ടോ. 'ഇല്ല എന്ന് എട്ടുവട്ടം പറയണം. പദ്ധതികള്‍ പലതും പൂര്‍ത്തിയാക്കി. ഫലമോ കുത്തകക്കാര്‍ കൂടുതല്‍ തടിച്ചുകൊഴുത്തു. പട്ടിണിക്കാര്‍ പേക്കോലങ്ങളാവുകയും ചെയ്തു. ആരുടെ നന്മയ്ക്കുവേണ്ടി പദ്ധതികള്‍ ആസൂത്രണം ചെയ്തുവോ ആ വിഭാഗത്തിന് ഒരുപ്രയോജനവും ലഭിക്കുകയുണ്ടായില്ല. ഇന്ത്യയിലെ 37 ശതമാനം ജനങ്ങളും ദാരിദ്ര്യരേഖയ്ക്കു താഴെയാണു ജീവിക്കുന്നതെന്ന് ഒരുകേന്ദ്രമന്ത്രിതന്നെ പാര്‍ലമെന്ററില്‍ പ്രസ്താവിച്ചത് ഓര്‍മിക്കുക. ഇവരുടെ സംഖ്യ 33 കോടിയാണ്!
സ്വാതന്ത്ര്യലബ്ധിക്കാലത്ത് ഇന്ത്യയില്‍ ആകെയുണ്ടായിരുന്ന ജനസംഖ്യയേക്കാള്‍ മൂന്നുകോടിയിലധികം ജനങ്ങള്‍ ഇന്നും നിരക്ഷരരാണ്-ഏതാണ്ടു 38 കോടി! ദരിദ്രരും നിരക്ഷരരുമായ ജനകോടികള്‍ ജീവച്ഛവങ്ങളായിക്കഴിയുന്നു. ഈ സ്ഥിതിവിശേഷം ജനസേവനക്കാര്‍ക്ക് അനുഗ്രഹമായി! അവര്‍ സര്‍വത്ര ബോധവല്‍ക്കരണക്ലാസുകള്‍ സംഘടിപ്പിക്കുകയാണ്! പദ്ധതിയുടെ പ്രയോജനം എന്തുകൊണ്ടു പാവപ്പെട്ടവരിലേയ്ക്ക് എത്തിയില്ല. ആസൂത്രണത്തില്‍ എവിടെയാണു പിഴവ്. പാവപ്പെട്ടവരെ ഇനിയും എങ്ങനെ നന്നാക്കാം. അതിനുള്ള വിഭവങ്ങള്‍ എങ്ങനെ സമാഹരിക്കാം. ഇങ്ങനെയുള്ള ചോദ്യാവലികള്‍ക്ക് ഉത്തരം കണ്ടെത്താനാണത്രേ സെമിനാറുകള്‍ സംഘടിപ്പിക്കുന്നത്. താലൂക്ക് ആസ്ഥാനങ്ങളിലോ ജില്ലാതലസ്ഥാനത്തോവച്ചു നടത്തുന്ന സെമിനാറുകളില്‍ ചില ഉയര്‍ന്ന ഉദ്യോഗസ്ഥന്മാര്‍ പങ്കെടുക്കാറുണ്ട്. പ്രത്യേകം ക്ഷണിക്കപ്പെട്ട വി.ഐ.പികളുമുണ്ടാകാം. ഈ കുറുക്കന്മാര്‍ ഒന്നിച്ചിരുന്നു ചര്‍ച്ചചെയ്തു പാവപ്പെട്ട കോഴികളെ രക്ഷിക്കാനാവശ്യമായ ഉപാധികള്‍ ഉന്നയിക്കുമെന്നു സംഘാടകര്‍ കരുതുന്നു. ഈയിടെയായി, സെമിനാറിനുള്ള വിഷയമായി പലരും തിരഞ്ഞെടുക്കുന്നതു 'പട്ടികജാതി-പട്ടികവര്‍ഗങ്ങളുടെ അവശതക'ളാണ്. 'മര്‍ദിതരുടെ തത്വശാസ്ത്രം' പരിപൂര്‍ണമായും ചര്‍ച്ചചെയ്തു കഴിഞ്ഞതിനാലാകാം, ഈ വിഷയമാറ്റം. അതെന്തോ ആകട്ടെ. പ്രാസംഗികരുടെ ശബ്ദം മൈക്കില്‍പോലും പട്ടികജാതി, പട്ടികവര്‍ഗ കോളനികളിലെത്താറില്ല. അത്രയും വിദൂരത്താണു സെമിനാര്‍ സംഘടിപ്പിക്കുന്നത്. ഒന്നുകില്‍ ഡാം സൈറ്റില്‍. അല്ലെങ്കില്‍ ടൗണ്‍ ഹാളില്‍.  പട്ടികജാതിപട്ടികവര്‍ഗങ്ങളുടെ പ്രശ്‌നംചര്‍ച്ചചെയ്യുന്നുവെന്ന് അവകാശപ്പെടുന്നിടത്ത്, അത്തരത്തിലുള്ള ഒരാളെങ്കിലും പങ്കെടുക്കാറുണ്ടോ. പങ്കെടുപ്പിക്കാന്‍ ഭാരവാഹികള്‍ ശ്രമിക്കാറുണ്ടോ. രണ്ടുമില്ല!
സാന്ദര്‍ഭികമായി, ഓര്‍മയില്‍വന്ന ഒരുസംഭവം പറയട്ടെ: അട്ടപ്പാടിയിലെ ആദിവാസികളുടെ ആചാരനുഷ്ഠാനങ്ങളെയും ജീവിതരീതിയെയും പുരസ്‌കരിച്ചു നാഴികകള്‍ക്കകലെ നഗരത്തിലെ ഒരു കോളജില്‍ സെമിനാര്‍ സംഘടിപ്പിച്ചു. യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷനാണിതിനു ധനസഹായം നല്‍കിയത്. സെമിനാറിന്റെ സമാപനയോഗത്തില്‍ പങ്കെടുത്ത ഒരു കോളജ് അധ്യാപകന്‍ തുറന്നുപറഞ്ഞു: ''കോളജ് അധ്യാപകരുടെ ചിരകാലസ്വപ്നമായ യു.ജി.സി. സ്‌കെയില്‍ ഇനിയും നടപ്പിലായിട്ടില്ല.  യു.ജി.സി ഗ്രേഡിലുള്ള ഒരുസദ്യ ഇന്നു തരമായി.''
ഞാന്‍ പറഞ്ഞുവരുന്നതും ഇതുതന്നെയാണ്. സെമിനാറുകളോ പ്രബന്ധാവതരണമോ പാവപ്പെട്ടവനെ നന്നാക്കുകയില്ല. പാവപ്പെട്ടവന്റെ പേരില്‍ പലര്‍ക്കും സദ്യയും ബത്തയും നേടാനേ അതുപകരിക്കുകയുള്ളൂ. വിശക്കുന്ന വയറുകള്‍ക്കാവശ്യം ആഹ്വാനമല്ല, ആഹാരമാണ്. വിശന്നുവാടുന്ന മനുഷ്യന്റെ ആവേശത്തിന് അതിരുണ്ട്. അന്നം നല്‍കി, അവനെ ആവേശഭരിതനാക്കുന്നതാരോ അവര്‍ക്കുവേണ്ടി അവന്‍ ആത്മബലിക്കുപോലും സന്നദ്ധനാകും. വിപ്ലവവാദികള്‍ നിത്യജീവിതത്തില്‍ ഒരല്‍പ്പം ആര്‍ദ്രതവച്ചുപുലര്‍ത്തുകതന്നെവേണം. അതിന്റെ ബഹിര്‍സ്പുരണമാകണം അവരുടെ പ്രവര്‍ത്തനങ്ങള്‍. ഒരാള്‍ക്ക് ഒരു നേരത്തെ ഭക്ഷണത്തിനുള്ളവക നല്‍കാന്‍ മിക്കപേര്‍ക്കും കഴിയും. പണ്ട്, ആത്മീയവാദികള്‍ പറഞ്ഞിരുന്നു: 'ദാരിദ്ര്യം മുജ്ജന്മസുകൃതഫലമാണ്.' ഇന്നു വിപ്ലവവാദികള്‍ അതൊന്നു മാറ്റിപ്പറയുന്നു: 'ദാരിദ്ര്യം ഈ സാമൂഹികവ്യവസ്ഥയുടെ ഫലമാണ്.'
ദാരിദ്ര്യത്തിന്റെ ഉല്‍പ്പത്തിയോ വികാസരൂപങ്ങളോ വിശകലനം ചെയ്യലല്ല ഇന്നത്തെ ആവശ്യം. പിന്നെയോ. അനുദിനജീവിത്തില്‍ അനുഭവപ്പെടുന്ന ദാരിദ്ര്യം എങ്ങനെ ഇല്ലാതാക്കാമെന്നു മാതൃക കാണിക്കലാണ്. അതിനാവശ്യമായ പദ്ധതികള്‍ ആസൂത്രണംചെയ്യുകയും നടപ്പിലാക്കുകയും വേണം. പ്രസിദ്ധനായ വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ ഒരുവാക്യം ഉദ്ധരിക്കട്ടെ:''വിശക്കുന്ന കുട്ടികള്‍ക്ക് ഇത്തിരി റൊട്ടിയും പാലും കൊടുക്കാന്‍ ശ്രമിക്കുന്ന മനുഷ്യസ്‌നേഹിയെയാണ്, വിദഗ്ധനായ രാജ്യതന്ത്രജ്ഞനേക്കാള്‍ എനിക്കിഷ്ടം.''



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പമ്പയില്‍ നിലയ്ക്കലേക്ക് പോയ കെ.എസ്.ആര്‍.ടി.സി ബസ് കത്തി നശിച്ചു

Kerala
  •  a month ago
No Image

അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്: ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Kerala
  •  a month ago
No Image

നെതന്യാഹുവിന്റെ വീട്ടു മുറ്റത്ത് ഫ്‌ളാഷ് ബോംബ്;  സുരക്ഷാ വീഴ്ചയെന്ന് ഇസ്‌റാഈൽ

International
  •  a month ago
No Image

കര്‍ശന നടപടിക്കൊരുങ്ങി റെയില്‍വേ; ട്രെയിനിലോ പാളത്തിലോ റീല്‍സ് ചിത്രീകരിച്ചാല്‍ പണികിട്ടും

Kerala
  •  a month ago
No Image

മണിപ്പൂരില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് തീയിട്ടു; പ്രധാനമന്ത്രി ഒരിക്കല്‍ കൂടി സംസ്ഥാനം സന്ദര്‍ശിക്കണമെന്ന് രാഹുല്‍ 

National
  •  a month ago
No Image

കോഴിക്കോട് ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍;  സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി

Kerala
  •  a month ago
No Image

എയ്ഡഡ് സ്കൂൾ: അധ്യാപകേതര ജീവനക്കാരുടെ  സ്ഥാനക്കയറ്റം തടയരുതെന്ന് വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a month ago
No Image

മണിപ്പൂരിൽ  തട്ടിക്കൊണ്ടുപോയ മൂന്ന് കുട്ടികളടക്കം ആറുപേരെയും കൊന്നു; ഏഴ് ജില്ലകളില്‍ ഇന്റര്‍നെറ്റ് തടഞ്ഞു ; രണ്ട് ജില്ലകളില്‍ കര്‍ഫ്യൂ

National
  •  a month ago
No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  a month ago