അവസാനം കായല്‍ ഭീമന്‍ വീണു
ഹൈക്കോടതി വിധിയുടെ അതിരൂക്ഷമായ വിമര്‍ശനത്തെ തുടര്‍ന്ന് ഗത്യന്തരമില്ലാതെ മന്ത്രി തോമസ് ചാണ്ടിക്ക് രാജിവച്ചൊഴിയേണ്ടി വന്നിരിക്കുന്നു. സി.പി.ഐയുടെ കടുംപിടിത്തം ഇതിന് ആക്കം കൂട്ടി. മുഖ്യമന്ത്രി പിണറായി വിജയന്‍ അവസാനം വരെ തീര്‍ത്ത സംരക്ഷണവലയം തോമസ് ചാണ്ടിയെ തുണച്ചില്ല.
ആലപ്പുഴ കലക്ടര്‍ ടി.വി അനുപമ തോമസ് ചാണ്ടി നടത്തിയ കൈയേറ്റം സംബന്ധിച്ച് സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ട് തള്ളണമെന്നാവശ്യപ്പെട്ടുകൊണ്ട് മന്ത്രി തോമസ് ചാണ്ടി നല്‍കിയ ഹരജിയാണ് ഒടുവില്‍ അദ്ദേഹത്തിന്റെ രാജിയില്‍ കലാശിക്കുവാന്‍ ഇടയായത്. സര്‍ക്കാരിന്റെ ഭാഗമായ തോമസ് ചാണ്ടി സര്‍ക്കാരിനെതിരേ എങ്ങനെയാണ് ഹരജിയുമായി വരികയെന്നും ഈ ഹരജി നിലനില്‍ക്കുന്നതല്ലെന്നുമായിരുന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ കണ്ടെത്തല്‍.
ഭരണഘടനാ ലംഘനമാണ് ഇത്തരമൊരു ഹരജിയിലൂടെ മന്ത്രി നടത്തിയത്. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം അദ്ദേഹം ലംഘിച്ചു. ഈ വിധം ഭരണഘടനാ ലംഘനം നടത്തിയ ഒരു മന്ത്രി എങ്ങനെയാണ് അധികാരത്തില്‍ തുടരുന്നതെന്ന് കോടതി ആശ്ചര്യം പ്രകടിപ്പിക്കുകയും ചെയ്തു. വേണമെങ്കില്‍ നിങ്ങള്‍ക്ക് ഹരജി പിന്‍വലിക്കാമെന്ന് കോടതി പറഞ്ഞിട്ടുപോലും മേല്‍പറഞ്ഞ പരാമര്‍ശങ്ങളൊക്കെയും കോടതിയില്‍ നിന്നുണ്ടായിട്ടും ഹരജി പിന്‍വലിക്കാതെ നിയമ നടപടിയുമായി മന്ത്രി തോമസ് ചാണ്ടി മുന്നോട്ടു പോയത് മന്ത്രിസ്ഥാനം നഷ്ടപ്പെട്ടാലും ലേക്ക്പാലസ് റിസോര്‍ട്ടിനെതിരെയുള്ള നടപടികളില്‍നിന്നും കോടതിയിലൂടെ ഇളവ് നേടാനാകുമോ എന്ന വ്യഗ്രതയാലായിരുന്നു.
എന്നാല്‍, കോടതി ആ വാതിലും കൊട്ടിയടച്ചത് തോമസ് ചാണ്ടിയുടെ ഹരജി തള്ളിക്കൊണ്ടാണ്. കോടതി, മന്ത്രി സ്ഥാനം രാജിവയ്ക്കുന്നതാണ് ഉചിതമെന്നും ദന്തഗോപുരത്തില്‍ നിന്നു താഴെയിറങ്ങിവന്ന് സാധാരണക്കാരനെപ്പോലെ നിയമ നടപടികളുമായി മുന്നോട്ടുപോകണമെന്ന് പറഞ്ഞിട്ടും മന്ത്രി രാജിക്ക് സന്നദ്ധനായില്ല. ഇതുവരെ മന്ത്രിക്ക് കവചം തീര്‍ത്ത മുഖ്യമന്ത്രി പിണറായി വിജയനും അവസാനം വരെ മന്ത്രിയെ കൈവിടാന്‍ തയ്യാറായില്ല. തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്നിറങ്ങിയ മുഖ്യമന്ത്രി മാധ്യമ പ്രതിനിധികളോട് പറഞ്ഞ വാക്കുകളില്‍ നിന്ന് ഇതാണ് മനസ്സിലായത്. തക്കസമയത്ത് ഉചിതമായ തീരുമാനമെടുക്കുമെന്നാണ് ഇതുവരെ ഇതുസംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മൗനം അവലംബിച്ച് പോന്ന മുഖ്യമന്ത്രിക്ക് പറയാനുണ്ടായിരുന്നത്.
ഏതു വിധത്തിലും രാഷ്ട്രീയ നേതാക്കള്‍ സാധാരണ പറയുന്ന ഒരു സ്ഥിരം വാചകം അദ്ദേഹം ആവര്‍ത്തിക്കുക മാത്രമാണുണ്ടായത്. കഴിഞ്ഞ ആഗസ്റ്റ് മുതല്‍ തുടങ്ങിയതാണ് മാധ്യമങ്ങളും രാഷ്ട്രീയപ്പാര്‍ട്ടികളും തോമസ് ചാണ്ടി നടത്തിയ കായല്‍ കൈയേറ്റം സംബന്ധിച്ചും ലേക്ക് പാലസില്‍ മണ്ണിട്ട് നികത്തിയതു സംബന്ധിച്ചുമുള്ള ആരോപണങ്ങള്‍. ഓരോരോ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് മുഖ്യമന്ത്രി തോമസ് ചാണ്ടിക്കെതിരെയുള്ള നടപടികളെല്ലാം മന്ദീഭവിപ്പിക്കുകയായിരുന്നു. സമ്മര്‍ദം സഹിക്കാനാവാതെയാണ് ആലപ്പുഴ കലക്ടര്‍ ടി.വി അനുപമയോട് സര്‍ക്കാര്‍ തോമസ് ചാണ്ടിയുടെ കൈയേറ്റം സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടത്. കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയപ്പോള്‍ അത് ഭാഗികമാണെന്ന് പറഞ്ഞൊഴിഞ്ഞു. പൂര്‍ണമായ റിപ്പോര്‍ട്ടില്‍ തോമസ് ചാണ്ടി നടത്തിയ കൈയേറ്റം കലക്ടര്‍ അക്കമിട്ട് നിരത്തിയപ്പോള്‍ അത് നിയമോപദേശത്തിനായി എജിക്ക് നല്‍കി. നടപടിയെടുക്കേണ്ടതാണെന്ന് എജി നിയമോപദേശം നല്‍കിയിട്ടും മുഖ്യമന്ത്രി തോമസ് ചാണ്ടിയുടെ രാജി വാങ്ങിയില്ല.
ഒടുവില്‍ ഇടതു മുന്നണി മന്ത്രിയുടെ രാജിയില്‍ ഒറ്റക്കെട്ടായി ആവശ്യം ഉന്നയിക്കുകയും തീരുമാനം നടപ്പാക്കാന്‍ മുഖ്യമന്ത്രിയെ അധികാരപ്പെടുത്തുകയും ചെയ്തിട്ടും മുഖ്യമന്ത്രി തീരുമാനവും പോക്കറ്റിലിട്ടു നടക്കുകയായിരുന്നു. ഇതുവഴി താന്‍ ഇതുവരെ കേരള രാഷ്ട്രീയത്തില്‍ പടുത്തുയര്‍ത്തിയ പ്രതിച്ഛായയാണ് നഷ്ടമായിക്കൊണ്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി ഓര്‍ക്കാതെ പോയി. പ്രതിച്ഛായ നഷ്ടപ്പെട്ടാലും തോമസ് ചാണ്ടിയെ സംരക്ഷിച്ച് നിര്‍ത്തേണ്ട ബാധ്യത മുഖ്യമന്ത്രി സ്വയം വഹിച്ചത് എന്തിനാണാവോ. കോടതി പരാമര്‍ശത്തിന്റെ പേരില്‍ മന്ത്രി ബാബുവിന്റെയും മന്ത്രി കെ.എം മാണിയുടെയും രാജിക്ക് വേണ്ടി തെരുവില്‍ സമരം ചെയ്ത ഒരു പാര്‍ട്ടിയുടെ നേതാവ് അഴിമതി രഹിത ഭരണം പ്രതീക്ഷിച്ച പൊതു സമൂഹത്തെയാണ് നിരാശപ്പെടുത്തിയിരിക്കുന്നത്. ആലപ്പുഴ കലക്ടര്‍ ഭരണകൂടത്തിന് വേണ്ടിയാണ് പ്രവര്‍ത്തിച്ചത്.
ആ റിപ്പോര്‍ട്ടിനെതിരേ ഭരണകൂടത്തിന്റെ ഭാഗമായ മന്ത്രി തന്നെ കോടതിയില്‍ പോവുക എന്നത് ഭരണഘടനാ ലംഘനവും കൂട്ടുത്തരവാദിത്വത്തിന്റെ തകര്‍ച്ചയുമാണ്. ആ നിമിഷം തന്നെ മുഖ്യമന്ത്രി തോമസ് ചാണ്ടിയുടെ രാജി ചോദിച്ചു വാങ്ങേണ്ടതായിരുന്നു. മന്ത്രിയെ കോടതിയില്‍ പോകാന്‍ അനുവദിച്ചതിലെ ഉത്തരവാദിത്വത്തില്‍ നിന്ന് മുഖ്യമന്ത്രിക്ക് ഒഴിഞ്ഞുമാറാനാവില്ല. അധികാര രാഷ്ട്രീയത്തില്‍ സമ്മര്‍ദം ചെലുത്താനുള്ള അധീശശക്തികളുടെ അതിഘോരമായ സമ്മര്‍ദമാണ് തോമസ് ചാണ്ടിയിലൂടെ പൊതുസമൂഹം കണ്ടത്. കോടതിയുടെ ഇടപെടലിലൂടെ ആ സമ്മര്‍ദത്തിന് അന്ത്യം വന്നിരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."