കലക്ടര്‍ അനുപമയ്ക്കും മാധ്യമങ്ങള്‍ക്കും ബിഗ് സല്യൂട്ട്
മന്ത്രിമാരുടെ രാജി പുതുമയുള്ള കാര്യമല്ല. എത്രയോ മന്ത്രിമാര്‍ പലപ്പോഴായി രാജിവച്ചിട്ടുണ്ട്. എല്ലായിടത്തുമെന്നതുപോലെ കേരളത്തിലും തെരഞ്ഞെടുപ്പ് അസാധുവായി പ്രഖ്യാപിക്കുമ്പോള്‍, കോടതിയുടെ എതിര്‍പരാമര്‍ശം വരുമ്പോള്‍, അഴിമതിയുള്‍പ്പെടെയുള്ള ആരോപണങ്ങളുണ്ടാകുമ്പോള്‍, ലൈംഗികാരോപണങ്ങളുണ്ടാകുമ്പോള്‍... അങ്ങനെ പലപ്പോഴും മന്ത്രിമാര്‍ രാജിവച്ചിട്ടുണ്ട്. മുന്നണിക്കിടയിലെയും പാര്‍ട്ടിക്കുള്ളിലെയും അഭിപ്രായവ്യത്യാസങ്ങളും ചിലപ്പോഴെങ്കിലും മന്ത്രിമാരുടെ രാജിയില്‍ കലാശിച്ചിട്ടുണ്ട്.
സി.എച്ച് മുഹമ്മദ് കോയയെപ്പോലെ അപൂര്‍വം ചിലര്‍ അധികാരക്കസേര വലിച്ചെറിഞ്ഞിട്ടുണ്ട്. രാജിയെന്ന നിര്‍ദേശമുയര്‍ന്നു മിനിറ്റുകള്‍ക്കകം രാജി പ്രഖ്യാപിച്ച ചരിത്രം കേരളത്തിലുണ്ടായിട്ടുണ്ട്. മടിച്ചുമടിച്ചു രാജിവയ്ക്കാന്‍ നിര്‍ബന്ധിതരായവരും കുറവല്ല.
അതു സ്വാഭാവികം. അധികാരം വിട്ടൊഴിയാനുള്ള മടി മനുഷ്യസഹജമാണ്. ആ മടിയില്ലാതെ അധികാരമൊഴിയാന്‍ ഇത്തിരി വലിയ മനസ്സുള്ളവര്‍ക്കേ കഴിയൂ, നല്ല മൂല്യബോധമുള്ളവര്‍ക്കേ കഴിയൂ. അത്തരം മൂല്യബോധവും മനസ്സും സാധാരണ രാഷ്ട്രീയക്കാരില്‍നിന്നു പ്രതീക്ഷിക്കാനാവില്ല.
ഇന്ന്, ചരിത്രത്തിലെ മറ്റെല്ലാ രാജികളെയും മഹത്വവല്‍ക്കരിച്ചിരിക്കുകയാണു തോമസ്ചാണ്ടിയുടെ രാജി. നാറി നാറി കടിച്ചുതൂങ്ങിയത് ഒന്നും രണ്ടും ദിവസമല്ല, മൂന്നു മാസത്തിലേറെയാണ്. കേരളത്തിലെ ഏറ്റവും ചെറിയ പാര്‍ട്ടി വാര്‍ത്തകളില്‍ ഏറ്റവും കൂടുതല്‍ ഇടംപിടിച്ചുവെന്നതാണ് ഇതുകൊണ്ടുണ്ടായ നേട്ടം!
എത്ര ചെറിയ പാര്‍ട്ടിയാണെങ്കിലും ഒരു പ്രശ്‌നമുണ്ടാകുമ്പോള്‍ ആ പാര്‍ട്ടി മന്ത്രിമാരെ നിയന്ത്രിക്കുന്ന കാഴ്ചയാണു നമ്മള്‍ സാധാരണ കാണാറുള്ളത്. ഇവിടെ പക്ഷേ, അങ്ങനെയൊന്നു സംഭവിച്ചില്ല. മറിച്ചൊന്നു സംഭവിക്കുകയും ചെയ്തു, മന്ത്രി പാര്‍ട്ടിയെ കൂച്ചുവിലങ്ങിട്ടു നിയന്ത്രിച്ചു,മുന്നണിയെ മൂക്കുകയറിട്ടു നിയന്ത്രിച്ചു, അതില്‍ത്തന്നെ മുഖ്യമന്ത്രിയെ മുഖ്യമായും നിയന്ത്രിച്ചു.
രാഷ്ട്രീയരംഗത്ത് ഒരു പാരമ്പര്യവുമില്ലാത്ത കച്ചവടക്കാരന് അധികാരം കിട്ടിയാല്‍ അയാള്‍ അതിശക്തനായ കച്ചവടക്കാരനായി മാറും. തോമസ്ചാണ്ടിയുടെ കാര്യത്തില്‍ അതാണു നമ്മള്‍ കണ്ടത്. തോമസ്ചാണ്ടി രാഷ്ട്രീയക്കാരനല്ലായിരുന്നുവെന്ന് നമുക്കെല്ലാം അറിയാം. അദ്ദേഹം മൂക്കില്‍ കണ്ണുള്ള കച്ചവടക്കാരനാണ്. അതുകൊണ്ടാണല്ലോ രാഷ്ട്രീയവും ഒരു വ്യവസായശാലയാണെന്നു ചാണ്ടി തെളിയിച്ചത്.
വാങ്ങാവുന്നതെല്ലാം വാങ്ങാനും അതിനിടയില്‍ വെട്ടിപ്പിടിക്കാവുന്നതെല്ലാം വെട്ടിപ്പിടിക്കാനും തോമസ്ചാണ്ടി രംഗത്തിറങ്ങി. വില്ലേജ് ഓഫീസും താലൂക്ക് ഓഫീസും കലക്ടറേറ്റും ഉള്‍പ്പെടെ റവന്യൂ വകുപ്പ് മാത്രമല്ല നഗരസഭ ഉള്‍പ്പെടെ മറ്റ് അധികാരകേന്ദ്രങ്ങളും ഇദ്ദേഹത്തിനായി വഴിവെട്ടി. ആ വഴിയില്‍ പൂ വിതറി. ആ തണലില്‍ ചാണ്ടി ഉണ്ടാക്കാവുന്നതിന്റെ നൂറിരട്ടി ഉണ്ടാക്കി. ഒപ്പംനിന്നവരെ നക്കാപ്പിച്ച കൊടുത്തു സന്തോഷിപ്പിച്ചു.
മന്ത്രിസഭാ രൂപീകരണത്തിന്റെ തുടക്കത്തില്‍ത്തന്നെ മന്ത്രിയാവാന്‍ ശ്രമിച്ചു പരാജയപ്പെട്ട ഈ 'വലിയ' നേതാവിന് അപ്രതീക്ഷിമായാണു മന്ത്രിസ്ഥാനം ലഭിക്കുന്നത്. എ.കെ ശശീന്ദ്രന്റെ രാജിയിലേയ്‌ക്കെത്തിച്ച കഥയ്ക്കു പിന്നിലെന്തെന്നു പോസ്റ്റുമോര്‍ട്ടം നടത്തേണ്ട കാര്യമില്ല. ഏതായാലും ചാണ്ടിമുതലാളി മന്ത്രിയായി.
തോമസ്ചാണ്ടിയുടെ വഴിവിട്ട ഇടപാടുകള്‍ കണ്ട് പിടിച്ചതു മാധ്യമപ്രവര്‍ത്തകരാണ്. ഏഷ്യാനെറ്റിന്റെ റിപ്പോര്‍ട്ടര്‍ പ്രസാദാണു തുടക്കമിട്ടത്. പിന്നെ എല്ലാ മാധ്യമങ്ങളും ഒറ്റക്കെട്ടായി അതേറ്റെടുത്തു. ഏഷ്യാനെറ്റിന്റെ റിപ്പോര്‍ട്ടറെ ചാണ്ടിയുടെ ആള്‍ക്കാര്‍ ഒരുപാടു പീഡിപ്പിച്ചു. അതൊന്നും കാര്യമാക്കാതെ അവര്‍ മുന്നോട്ടുപോയി.
ചാണ്ടിക്കു തണലായി നിന്ന ആലപ്പുഴ കലക്ടര്‍ മാറി ടി.വി അനുപമയെത്തിയതാണ് ഇക്കഥയ്ക്ക് ഇതുപോലൊരു തിരക്കഥയുണ്ടാവാന്‍ കാരണം. ഏറെ ചെറുപ്പക്കാരിയായ ഈ മിടുക്കി നട്ടെല്ലുള്ള ഉദ്യോഗസ്ഥയാണെന്നു തെളിയിച്ചു. നിയമലംഘനങ്ങള്‍ അക്കമിട്ട് അവര്‍ നിരത്തി. കുറഞ്ഞ സര്‍വീസ് ജീവിതത്തിനിടയില്‍ ഈ ഉദ്യോഗസ്ഥ സര്‍ക്കാര്‍ ഉദ്യോഗത്തിന്റെ കരുത്തും സത്യസന്ധതയും എന്താണെന്നു തെളിയിച്ചു.
ഡോ.പി.ബി സലിം കോഴിക്കോട് കലക്ടറായിരിക്കെയാണു മസൂറിയില്‍നിന്നു പരിശീലനം കഴിഞ്ഞ് അനുപമയെത്തുന്നത്. ഒരു വര്‍ഷത്തെ ജില്ലാപരിശീലനത്തിന് അസിസ്റ്റന്റ് കലക്ടര്‍ ട്രെയിനിയായി എത്തി. കാര്യബോധമുള്ള സാമൂഹ്യപ്രതിബദ്ധതയുള്ള മികച്ച കലക്ടറായ സലിമിന്റെ കീഴിലുള്ള പരിശീലനംകൂടിയായപ്പോള്‍ അനുപമ ശക്തയായി. നിയമവും വകുപ്പുമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ എളുപ്പം പഠിച്ചെടുത്തു.
തന്റെ കീഴില്‍ പ്രവര്‍ത്തിച്ച അന്നത്തെ അസിസ്റ്റന്റ് കലക്ടറെക്കുറിച്ച് ഇപ്പോള്‍ ബംഗാളില്‍ കല്കടറായ, ഗവണ്‍മെന്റ് സെക്രട്ടറിയായി സ്ഥാനക്കയറ്റം ലഭിച്ച സലിം പറയുന്നു: 'കാര്യങ്ങള്‍ നേരെ ചൊവ്വേ നടക്കണമെന്നാഗ്രഹിക്കുന്ന പ്രകൃതമാണ് അനുപമയുടേത്. ബ്രൈറ്റ് ഓഫീസറാണ്, ഊര്‍ജ്ജസ്വലയാണ്. റൂള്‍സ് ആന്റ് റഗുലേഷന്‍സ് കൃത്യമായറിയാം.'
തോമസ്ചാണ്ടി പ്രശ്‌നം വന്നപ്പോള്‍ മുന്‍കലക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ ചെയ്ത വഴിവിട്ട ചെയ്തികള്‍ ഒന്നൊന്നായി അനുപമ ചൂഴ്‌ന്നെടുത്തു. ഒരു പ്രലോഭനത്തിലും അവര്‍ വീണില്ല. റവന്യൂ വകുപ്പുള്‍പ്പെടെ കൈകാര്യം ചെയ്യുന്ന സി.പി.ഐ നിലപാടും നിര്‍ണായകമായി.
ഏറ്റവുമൊടുവില്‍ മന്ത്രിസഭായോഗം ബഹിഷ്‌കരിച്ച സി.പി.ഐ നടപടി അസാധാരണമായിരുന്നു. മുന്നണിയുടെ കെട്ടുറപ്പു തകരുമെന്ന ഈ മുന്നറിയിപ്പു ഫലം കണ്ടു. ഗത്യന്തരമില്ലാതെ മുഖ്യമന്ത്രിക്കു വഴങ്ങേണ്ടിവന്നു. ഇതു രാജി ഒഴിവാക്കാനുള്ള തോമസ്ചാണ്ടിയുടെ തന്ത്രത്തിന്റെ പഴുതടച്ചു. മാര്‍ത്താണ്ഡംകായല്‍ നികത്തി സ്വന്തമാക്കിയ നടപടിയാണു പുറത്തുവന്നത്. 64 പ്ലോട്ടുള്ള ഈ കൃഷിഭൂമിയാണു തോമസ് ചാണ്ടി സ്വന്തമാക്കിയത്. പഴയ കലക്ടര്‍ പത്മകുമാര്‍ ഇദ്ദേഹത്തിന് അനുകൂലമായ റിപ്പോര്‍ട്ടുണ്ടാക്കി കൊടുത്തതാണ് ഇപ്പോള്‍ പൊളിഞ്ഞത്. ഈ ചട്ടലംഘനമാണ് പത്മകുമാറിന്റെ പിന്‍ഗാമിയായ അനുപമ തകര്‍ത്തത്. ഭൂരഹിതരായ കര്‍ഷകര്‍ക്കു കൃഷിഭൂമി എന്ന പേരില്‍ 64 പ്ലോട്ടുകളാണ് ഇവിടെ ഉണ്ടായിരുന്നത്. അയ്യായിരം രൂപപോലും ലഭിക്കാത്ത സ്ഥലം വളരെ തന്ത്രപരമായി നികത്തി ലക്ഷങ്ങള്‍ വിലയുള്ള ഭൂമിയാക്കി മാറ്റാനായി ഈ കായല്‍ ചക്രവര്‍ത്തിക്ക്.
ലേയ്ക് പാലസ് തോമസ്ചാണ്ടിയുടേതാണെന്ന് അറിയാത്തവര്‍ ആരുമില്ല. എന്നിട്ടും അദ്ദേഹത്തിന്റെയും മകന്റെയും മകളുടെയും ബന്ധുക്കളുടെയും സ്വന്തക്കാരുടെയും പേരിലാണെന്നു പറഞ്ഞാണ് ഇയാള്‍ പിടിച്ചുനിന്നത്. അടിസ്ഥാനവര്‍ഗത്തിന്റെ പടത്തലവനായ പിണറായി വിജയനെപ്പോലും നിശ്ശബ്ദനാക്കാന്‍ മാത്രം ശക്തനായിരുന്നു ഈ ചെറിയ പാര്‍ട്ടിയുടെ 'വലിയ' നേതാവെന്നതു കഷ്ടമാണ്.
മുമ്പ് വ്യവസായമന്ത്രി ജയരാജനും ട്രാന്‍സ്‌പോര്‍ട്ട് മന്ത്രി ശശീന്ദ്രനുമൊക്കെ രാജിവയ്‌ക്കേണ്ടി വന്നപ്പോള്‍ ഇത്രയൊന്നും പ്രയാസമില്ലാതെ സംഗതി നടന്നു. അന്നൊക്കെ കര്‍ശനമായ നിലപാടെടുത്ത പിണറായിയില്‍നിന്ന് ഇത്തവണ കണ്ട നിലപാടു നിരാശാജനകമായിപ്പോയി.
ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുമെന്ന ഇടതുസര്‍ക്കാറിന്റെ പ്രഖ്യാപനമാണു പൊളിഞ്ഞുപോയത്. ഈ വിഷയം നിയമസഭയില്‍ ഓഗസ്റ്റില്‍ എത്തിയപ്പോള്‍ മുഖ്യമന്ത്രി പറഞ്ഞത് ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമാണെന്നാണ്. പിന്നീട് തോമസ് ചാണ്ടി പ്രഖ്യാപിച്ചതാവട്ടെ 'ഒരു സെന്റ് ഭൂമിയെങ്കിലും താന്‍ സ്വന്തമാക്കിയെന്നു തെളിഞ്ഞാല്‍ മന്ത്രിസ്ഥാനമല്ല എം.എല്‍.എ സ്ഥാനവും രാജിവയ്ക്കു'മെന്നായിരുന്നു. 'ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോര തന്നെ കൊതുകിനു കൗതുകം' എന്നു പരിഹസിക്കാനാണു കോടിയേരി തയാറായത്.
കലക്ടര്‍ അനുപമയ്‌ക്കെതിരേ കോടതിയെ സമീപിച്ച തോമസ്ചാണ്ടി സ്വന്തം സര്‍ക്കാറിനെതിരേ കോടതിയെ സമീപിച്ച പ്രഥമമന്ത്രിയായി ചരിത്രത്തില്‍ ഇടംനേടി. കലക്ടറുടെ റിപ്പോര്‍ട്ടും അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശവും ഹൈക്കോടതിയുടെ ശാസനയും വന്നിട്ടും കടിച്ചു തൂങ്ങിനിന്ന മന്ത്രി ''ഇനിയും 42 പ്ലോട്ടു കൂടിയുണ്ട്, അതും ഇതുപോലെ തന്നെ ചെയ്യും'' എന്നു വെല്ലുവിളിച്ചതും നമ്മള്‍ കണ്ടു.
ഒടുവില്‍ കാനം രാജേന്ദ്രനും സി.പി.ഐയും കര്‍ശനമായ നിലപാടെടുത്തു. സി.പി.ഐ പലപ്പോഴും അങ്ങനെയാണ്, അവസരം നോക്കി മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിക്കാറുണ്ട്. 'നാണവും മാനവുമുണ്ടെങ്കില്‍ തോമസ്ചാണ്ടി രാജിവയ്ക്കണ'മെന്നു സി.പി.ഐ നേതാവ് ബിനോയ്‌വിശ്വം പറഞ്ഞതും കേരളം ആശ്വാസത്തോടെ കണ്ടു. സി.പി.ഐ മന്ത്രിമാര്‍ മന്ത്രിസഭായോഗം ബഹിഷ്‌കരിക്കുക കൂടി ചെയ്തപ്പോള്‍ തോമസ്ചാണ്ടിക്കു ഗതിമുട്ടി. ഒടുവില്‍ രാജിവച്ചു.
എന്നിട്ടും നേരത്തേ വീമ്പിളക്കിയപോലെ എം.എല്‍.എ സ്ഥാനം ഒഴിഞ്ഞിട്ടില്ല. പകരം, സുപ്രിംകോടതി വിധി അനുകൂലമായാല്‍ തിരിച്ചുവരുമെന്ന ഭീഷണി നിലനിര്‍ത്തിക്കൊണ്ടാണു തോമസ്ചാണ്ടി രാജിവച്ചിരിക്കുന്നത്. രാജിക്കുശേഷം തിരുവനന്തപുരത്തുനിന്നു തിരിച്ചുപോയതാകട്ടെ നാലാം നമ്പര്‍ സ്റ്റേറ്റ് കാറില്‍. അങ്ങനെ ഒരുപാടു റിക്കാര്‍ഡുകളുടെ ഉടമയായിരിക്കയാണ് തൊലിക്കട്ടിയില്‍ കാണ്ടാമൃഗത്തെപ്പോലും പിന്നിലാക്കുന്ന തോമസ് ചാണ്ടി.
കലക്ടര്‍ ടി.വി അനുപമക്കും മാധ്യമങ്ങള്‍ക്കും സി.പി.ഐക്കും കേരളം നന്ദി പറയണം. ഇരുന്ന പദവികളിലെല്ലാം അനുപമ തിളങ്ങിയിട്ടുണ്ട്. ഒടുവില്‍ ഭക്ഷ്യസുരക്ഷയുടെ ചുമതല വഹിച്ചപ്പോഴും മികച്ച പ്രകടനമാണവര്‍ കാഴ്ചവച്ചത്.
ഒരു പ്രാര്‍ഥനയേയുള്ളൂ. ഭാവിയിലെങ്കിലും നമ്മുടെ രാഷ്ട്രീയത്തില്‍ ഒരു തോമസ്ചാണ്ടി ഉണ്ടാവാതിരുന്നെങ്കില്‍...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."