ഹജ്ജ് കമ്മിറ്റി ഓഫിസ് നാളെ മുതല്‍ പ്രവര്‍ത്തനമാരംഭിക്കും
നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫിസ് നാളെ മുതല്‍ നെടുമ്പാശ്ശേരി ഹജ്ജ് ക്യാംപ് പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര വിമാനത്താവളത്തോട് ചേര്‍ന്ന എയര്‍ ക്രാഫ്റ്റ് മെയിന്റനന്‍സ് ഹാങ്കറില്‍ പ്രവര്‍ത്തനമാരംഭിക്കും.
താല്‍ക്കാലികമായിട്ടാണ് കരിപ്പൂരിലെ ഹജ്ജ് ഹൗസില്‍ നിന്ന് ഓഫിസിന്റെ പ്രവര്‍ത്തനങ്ങള്‍ ഇവിടേക്കു മാറ്റുന്നത്. ഹജ്ജ് കമ്മിറ്റി സെക്രട്ടറി ഇ.സി മുഹമ്മദിന്റെ നേതൃത്വത്തിലാണ് ഓഫിസിന്റെ പ്രവര്‍ത്തനങ്ങള്‍. ഈ വര്‍ഷത്തെ തീര്‍ഥാടകരുടെ യാത്രയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇനി മുതല്‍ നെടുമ്പാശ്ശേരിയിലെ ഓഫിസ് വഴിയാണ് ക്രമീകരിക്കുന്നത്.
ഈ വര്‍ഷം കൂടുതല്‍ തീര്‍ഥാടകര്‍ എത്തുന്നത് കണക്കിലെടുത്ത് അതിവിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. നിസ്‌ക്കാര സ്ഥലം, കാന്റീന്‍, വിശ്രമ സ്ഥലം, സന്ദര്‍ശകര്‍ക്ക് വിശ്രമിക്കാനുള്ള സ്ഥലം എന്നിവിടങ്ങളില്‍ സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്.
തീര്‍ഥാടകര്‍ക്കുള്ള പ്രതിരോധ കുത്തിവയ്പ്പുകള്‍ എല്ലാ ജില്ലകളിലും പൂര്‍ത്തിയായിട്ടുണ്ട്. യാത്ര പുറപ്പെടുന്നതിന്റെ തലേ ദിവസംതന്നെ ക്യാംപില്‍ എത്തണമെന്നാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. ക്യാംപിലെത്തുന്ന തീര്‍ഥാടകര്‍ക്ക് താമസിക്കാനുള്ള പ്രത്യേക സൗകര്യവും ഒരുക്കിയിട്ടുണ്ട്.
തീര്‍ഥാടകര്‍ ഏത് വാഹനത്തിലാണ് ക്യാംപിലേക്ക് എത്തുന്നതെന്ന് മുന്‍കൂട്ടി ബന്ധപ്പെട്ട വളണ്ടിയറെ വിളിച്ചറിയിക്കണമെന്ന് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ആലുവ റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങുന്ന തീര്‍ഥാടകരെ സഹായിക്കാന്‍ സ്വാഗതസംഘം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രത്യേക കൗണ്ടര്‍ പ്രവര്‍ത്തിക്കും. ഇവിടെയെത്തുന്ന തീര്‍ഥാടകരെ ക്യാംപില്‍ എത്തിക്കാന്‍ വാഹന സൗകര്യവും ഏര്‍പ്പെടുത്തും.
സഊദിയിലേക്കുള്ള യാത്രയില്‍ കൈയില്‍ കരുതാനുള്ള രേഖകള്‍, 2100 റിയാല്‍, തിരിച്ചറിയാനുള്ള അടയാളങ്ങള്‍ എന്നിവ ക്യാംപില്‍ വിതരണം ചെയ്യും.
കൂടാതെ ഹജ്ജിനെ കുറിച്ചും ഉംറയെ കുറിച്ചും വിവിധ പണ്ഡിതന്മാരുടെ ക്ലാസുകളും ഉണ്ടാകും. വിമാനം പുറപ്പെടുന്നതിന് മൂന്ന് മണിക്കൂര്‍ മുന്‍പ് ക്യാംപില്‍ നിന്ന് ഇഹ്‌റാം കെട്ടിയ ഹാജിമാരെ പ്രത്യേകം തയാറാക്കിയ ബസില്‍ വിമാനത്താവളത്തില്‍ എത്തിക്കും.
ലഗേജുകള്‍ ക്യാംപില്‍ വച്ചുതന്നെ പരിശോധനകള്‍ പൂര്‍ത്തിയാക്കി വിമാനത്താവളത്തില്‍ എത്തിക്കാനുള്ള പ്രത്യേക ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്വാഗതസംഘം കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസ്‌ലിയാരുടെ നേരിട്ടുള്ള നേതൃത്വത്തിലായിരിക്കും ഹജ്ജ് ക്യാംപിന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."