പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് 186 കോടിയുടെ പാത്രങ്ങള്‍ കാണാതായതായി റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: തിരുവനന്തപുരത്തെ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്ന് 186 കോടി രൂപ വിലമതിക്കുന്ന 769 സ്വര്‍ണപ്പാത്രങ്ങള്‍ കാണാതായതായി കേസിലെ അമികസ്‌ക്യൂറി വിനോദ് റായി കമ്മിറ്റിയുടെ സ്‌പെഷല്‍ ഓഡിറ്റ് റിപ്പോര്‍ട്ട്. ശുദ്ധീകരണത്തിനായി എടുത്തതില്‍ 263 കിലോ സ്വര്‍ണം നഷ്ടപ്പെട്ടതായും റിപ്പോര്‍ട്ട് പറയുന്നു. ഗൗരവമുള്ള അഴിമതിയും കുറ്റകൃത്യങ്ങളുമാണ് ക്ഷേത്രഭരണസമിതി നടത്തുന്നതെന്നും ഇതെക്കുറിച്ച് അന്വേഷണം വേണമെന്നും രണ്ടു വാള്യങ്ങളിലായി തയാറാക്കിയ 1,000 പേജുള്ള റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.
2.50 കോടി വിലമതിക്കുന്ന 10.41 കിലോ സ്വര്‍ണം മറ്റു രീതിയിലും നഷ്ടമായി. കരാറുകാര്‍ക്ക് നല്‍കിയ സ്വര്‍ണം സമയത്ത് തിരിച്ചെടുക്കാത്തതിനാല്‍ 59 ലക്ഷത്തിന്റെ നഷ്ടമുണ്ടായി. 14 ലക്ഷം വിലമതിക്കുന്ന വെള്ളി പലകകള്‍ കാണാതായി.
ക്ഷേത്രഭരണസമിതിയുടെ നടത്തിപ്പ് ചെലവില്‍ സമീപകാലത്ത് അസാധാരണമായ വര്‍ധനയുണ്ടായി. 2.11 എക്കര്‍ ഭൂമി ക്ഷേത്രക്കമ്മിറ്റി അനധികൃതമായി വിറ്റതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കാണിക്കയെണ്ണുന്നതില്‍ സുതാര്യതയില്ല. 14.8 ലക്ഷത്തിന്റെ സ്വര്‍ണവും വെള്ളിയും നടവരവ് രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടില്ല.
അഴിമതി ഇല്ലാതാക്കാന്‍ ഏഴംഗങ്ങളുള്ള ഒരു ഭരണ സമിതിയ്ക്ക് രൂപംകൊടുക്കണം. റിട്ടയേര്‍ഡ് സിവില്‍ സര്‍വിസ് ഉദ്യോഗസ്ഥനായിരിക്കണം അതിന്റെ തലവന്‍. തന്ത്രി, രണ്ടു പ്രമുഖ വ്യക്തികള്‍, സര്‍ക്കാറില്‍ നിന്നും രാജകുടുംബത്തില്‍ നിന്നും പ്രതിനിധികള്‍ ഇതിലുണ്ടായിരിക്കണം. ക്ഷേത്രത്തിലെ വിലപിടിപ്പുള്ള വസ്തുക്കള്‍ ആധുനിക മ്യൂസിയത്തിലേക്ക് കൈമാറണമെന്നും ശുപാര്‍ശയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."