മന്ത്രിപദം തെറിപ്പിച്ചത് കലക്ടറുടെ പഴുതടച്ചുള്ള റിപ്പോര്‍ട്ടുകള്‍
ആലപ്പുഴ: കായല്‍ കൈയേറ്റ വിവാദത്തില്‍ തോമസ് ചാണ്ടിക്ക് മന്ത്രി പദവി നഷ്ടപ്പെടുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ താരമാകുകയാണ് ആലപ്പുഴ ജില്ലാ കലക്ടര്‍ ടി.വി അനുപമ.
മുന്‍ കലക്ടര്‍മാരില്‍ രണ്ടുപേരും വിഷയത്തില്‍ അനുകൂല റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും അനുപമ നല്‍കിയ മൂന്ന് റിപ്പോര്‍ട്ടുകളാണ് തോമസ് ചാണ്ടിയുടെ പുറത്തേക്കുള്ള വഴി തുറന്നത്.
കൈയേറ്റവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ കത്തിയതോടെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ കലക്ടറെ ചുമതലപ്പെടുത്തിയത്. ലേക്ക് പാലസ് റിസോര്‍ട്ട് നിര്‍മാണത്തില്‍ കൈയേറ്റവും ചട്ടലംഘനവും നടന്നതായി പ്രാഥമിക റിപ്പോര്‍ട്ടില്‍ തന്നെ സൂചിപ്പിച്ചു.
ഇടക്കാല റിപ്പോര്‍ട്ടിലും കൈയേറ്റം നടന്നുവെന്ന് തെളിവുകള്‍ സഹിതം വ്യക്തമാക്കിയ കലക്ടര്‍ അവസാനം സമര്‍പ്പിച്ച സമഗ്ര റിപ്പോര്‍ട്ടില്‍ മന്ത്രിയുടെ കൈയേറ്റങ്ങള്‍ അക്കമിട്ടു നിരത്തി. മാത്രമല്ല മുന്‍ കലക്ടര്‍മാരുടെയും റവന്യൂ ഉദ്യോഗസ്ഥരുടേയും നടപടികളും ചോദ്യം ചെയ്തു.
ഉപഗ്രഹ ചിത്രങ്ങള്‍ വഴി ശാസ്ത്രീയ പരിശോധന നടത്തിയും ലേക്പാലസ് അധികൃതരുടെ മൊഴിയെടുത്തും സമഗ്ര റിപ്പോര്‍ട്ട് ചാണ്ടിക്കെതിരേ വന്നതോടെയാണ് രാജിക്കായുള്ള സമ്മര്‍ദം മുറുകിയത്. റിപ്പോര്‍ട്ടിനെതിരേ കോടതിയില്‍ പോയ മന്ത്രിയുടെ മുഖം നഷ്ടപ്പെട്ടു. ഒടുവില്‍ കോടതിയുടെ വിമര്‍ശനത്തിനു വരെ കാരണമായതും രാജിയില്‍ കലാശിച്ചതും കലക്ടറുടെ റിപ്പോര്‍ട്ടാണ്.
മലപ്പുറം പൊന്നാനി മാറഞ്ചേരി സ്വദേശിനിയായ ടി.വി അനുപമ ഫുഡ് സേഫ്റ്റി കമ്മിഷണറായിരിക്കുമ്പോള്‍ തന്നെ സുതാര്യമായ പ്രവര്‍ത്തനങ്ങളിലൂടെ ജനസമ്മിതി നേടിയിരുന്നു.
നിറപറ അടക്കമുള്ള വന്‍ വ്യവസായ ഭീമന്‍മാര്‍ക്കെതിരേ മുഖം നോക്കാതെയും കലക്ടര്‍ അന്ന് നടപടി സ്വീകരിച്ചിരുന്നു. കലക്ടറുടെ നിശ്ചയദാര്‍ഢ്യത്തെ പുകഴ്ത്തി നിരവധി പോസ്റ്റുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."