തെരഞ്ഞെടുപ്പിനു മുന്‍പെ മന്ത്രിയായി പ്രഖ്യാപിച്ചു; സ്ഥാനം ലഭിച്ചപ്പോള്‍ എട്ടുമാസം തികച്ചില്ല
തിരുവനന്തപുരം: ആലപ്പുഴയിലെ കുട്ടനാട് മണ്ഡലത്തില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നതിനു മുന്‍പുതന്നെ താന്‍ കുട്ടനാട്ടില്‍ മത്സരിക്കുമെന്നും ഇടതുമുന്നണി സര്‍ക്കാരില്‍ ജലസേചന മന്ത്രിയാകുമെന്നും പ്രഖ്യാപിച്ചയാളാണ് തോമസ് ചാണ്ടി. തെരഞ്ഞെടുപ്പ് പ്രചാരണത്തിലും അദ്ദേഹം ഇതുപയോഗിച്ചിരുന്നു.
എന്നാല്‍, ഇടതുമുന്നണി അധികാരത്തിലെത്തിയപ്പോള്‍ കോടീശ്വരനും ബിസിനസുകാരനുമായ തോമസ് ചാണ്ടിക്ക് മന്ത്രിസഭയില്‍ ഇടം ലഭിച്ചില്ല. എന്‍.സി.പിയുടെ എ.കെ ശശീന്ദ്രനെ മന്ത്രിയാക്കിയതോടെ ആ സ്വപ്‌നം പൊലിഞ്ഞു.
പക്ഷേ ഹണിട്രാപ്പില്‍പ്പെട്ട് എ.കെ ശശീന്ദ്രന് രാജിവയ്‌ക്കേണ്ടി വന്നപ്പോള്‍ പിണറായി സര്‍ക്കാര്‍ ഒരുവര്‍ഷംപോലും പൂര്‍ത്തിയാക്കിയിരുന്നില്ല. ദിസവങ്ങള്‍ക്കുള്ളില്‍ തോമസ് ചാണ്ടി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
കുട്ടനാട്ടില്‍നിന്നുള്ള ആദ്യ മന്ത്രിയെന്ന ഖ്യാതിയോടെ മന്ത്രിസ്ഥാനം ഏറ്റെടുത്ത ചാണ്ടിയുടെ ആഗ്രഹ സാഫല്യമായിരുന്നു അത്. കായല്‍ കൈയേറിയെന്ന വിവാദം ആരംഭിച്ചിട്ട് നാലുമാസത്തിലേറെയായി. പിന്നീട് തുടര്‍ച്ചയായി മന്ത്രിയുടെ കമ്പനിയും മന്ത്രിയും നടത്തിയ നിയമലംഘനങ്ങള്‍ പുറത്തുവന്നുകൊണ്ടിരുന്നു. തുടര്‍ന്ന് നിലനില്‍പ്പിനായുള്ള അടവുകള്‍ പയറ്റുന്ന മന്ത്രിയെയാണ് കേരളം കണ്ടത്.
ഇടതുമുന്നണി നടത്തിയ ജനരക്ഷാ യാത്രയില്‍ പൊതുവേദിയില്‍ പരസ്യമായ വെല്ലുവിളി നടത്തുന്നതിലേക്കുപോലും മന്ത്രിയെത്തി. വിവാദമുയര്‍ന്നപ്പോള്‍ മുതല്‍ റവന്യൂ വകുപ്പ് കൈവശം വയ്ക്കുന്ന സി.പി.ഐയുടെ നിലപാട് പരിഗണിക്കാതെ മുന്നോട്ടുപോയത് തോമസ് ചാണ്ടിക്ക് കനത്ത തിരിച്ചടിയായി.
കൈയേറ്റ വിവാദം കൊടുമ്പിരികൊണ്ടപ്പോഴും മന്ത്രിസ്ഥാനത്തു പിടിച്ചുനില്‍ക്കാന്‍ നടത്തിയ ശ്രമങ്ങള്‍ പ്രശ്‌നങ്ങള്‍ കൂടുതല്‍ രൂക്ഷമാക്കുകയും ചെയ്തു. എല്ലാ അടവും പയറ്റി മറ്റൊരു പോംവഴിയുമില്ലാതെയാണ് തോമസ് ചാണ്ടി ആ സ്വപ്‌ന കസേരയില്‍നിന്ന് പടിയിറങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."