കേന്ദ്രസര്‍ക്കാരിനെതിരേ ബി.എം.എസിന്റെ പ്രക്ഷോഭം നാളെ
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരേ ബി.എം.എസിന്റെ പ്രക്ഷോഭം നാളെ. തൊഴില്‍ നിയമപരിഷ്‌കരണത്തിന്റെ പേരില്‍ തൊഴിലാളികളുടെ അവകാശങ്ങള്‍ കവരുന്നത് അവസാനിപ്പിക്കുക, മുഴുവന്‍ മേഖലകളിലും തുല്യജോലിക്ക് തുല്യവേതനം ഉറപ്പാക്കുക, കരാര്‍ തൊഴില്‍ അവസാനിപ്പിക്കുക, പൊതുമേഖലയെയും സാമ്പത്തികസ്ഥാപനങ്ങളെയും സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രക്ഷോഭം.
സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരേയാണ് പ്രക്ഷോഭമെന്നും ഏതെങ്കിലും പാര്‍ട്ടിക്ക് എതിരല്ലെന്നും ബി.എം.എസ് ദേശീയ ജനറല്‍ സെക്രട്ടറി വ്രിജേഷ് ഉപാധ്യായ പറഞ്ഞു. സര്‍ക്കാരിന്റെ നയം രാഷ്ട്രീയമാണ്. എന്നാല്‍, സംഘടനയുടേത് തൊഴിലാളികളുടെ പ്രശ്‌നമാണെന്നും അദ്ദേഹം പറഞ്ഞു.
നരേന്ദ്രമോദി സര്‍ക്കാരിന്റെ തൊഴില്‍പരിഷ്‌കരണം, സ്വകാര്യവല്‍ക്കരണം, വിദേശ ഇടപെടലുകള്‍ എന്നീ നയങ്ങളില്‍ ബി.എം.എസിന് കടുത്ത എതിര്‍പ്പുണ്ട്. ഇക്കാര്യം പലതവണ നേതാക്കള്‍ സര്‍ക്കാരിനെ ധരിപ്പിക്കുകയും ചെയ്തിരുന്നു. ജി.എസ്.ടി, നോട്ട് നിരോധനം തുടങ്ങിയ വിഷയങ്ങളിലും സര്‍ക്കാരിനെ ബി.എം.എസ് വിമര്‍ശിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് നാളെ ഡല്‍ഹിയില്‍ പാര്‍ലമെന്റ് മാര്‍ച്ച് സംഘടിപ്പിക്കുന്നത്. പ്രകടനത്തിനു ശേഷം തൊഴില്‍പ്രശ്‌നം സംബന്ധിച്ച മന്ത്രിസഭാ ഉപസമിതി അധ്യക്ഷന്‍ അരുണ്‍ ജെയ്റ്റ്‌ലിക്ക് നേതാക്കള്‍ അവകാശപത്രിക സമര്‍പ്പിക്കും. നോട്ട് നിരോധിച്ചതിന്റെ ഒന്നാംവാര്‍ഷികത്തോടനുബന്ധിച്ച് രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ മൂന്നുദിവസത്തെ പ്രക്ഷോഭം സംഘടിപ്പിച്ചതിനു പിന്നാലെയാണ് ബി.എം.എസിന്റെ പ്രതിഷേധപരിപാടികള്‍.
നരേന്ദ്രമോദി സര്‍ക്കാരിന്റെ സാമ്പത്തിക, തൊഴില്‍നയങ്ങള്‍ ജനവിരുദ്ധമാണെന്നതിന് തെളിവാണ് സ്വന്തം തൊഴിലാളി സംഘടനതന്നെ പ്രക്ഷോഭത്തിന് ഇറങ്ങുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."