എ.ടി.കെ വന്നു ബ്ലാസ്റ്റേഴ്സിനെ നേരിടാന്‍
കൊച്ചി: ഐ.എസ്.എല്‍ നാലാം പതിപ്പ് ഉദ്ഘാടന പോരാട്ടത്തില്‍ കേരള ബ്ലാസ്റ്റേഴ്സിനെ നേരിടാന്‍ അമര്‍ തൊമര്‍ കൊല്‍ക്കത്ത കൊച്ചിയില്‍ എത്തി. ഇന്നലെ രാത്രി ഏഴോടെയാണ് നിലവിലെ കിരീട ജേതാക്കളായ എ.ടി.കെ ടീം നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയത്. മരടിലെ പഞ്ചനക്ഷത്ര ഹോട്ടലായ ക്രൗണ്‍ പ്ലാസയിലാണ് ടീമിന് താമസ സൗകര്യം ഒരുക്കിയിട്ടുള്ളത്. ഇന്ന് വൈകിട്ട് ടീം പരിശീലനത്തിനിറങ്ങും. കേരള ബ്ലാസ്റ്റേഴ്സ് രാത്രി എട്ടിന് പനമ്പിള്ളി നഗര്‍ സ്കൂള്‍ ഗ്രൗണ്ടിലാണ് പരിശീലനം നടത്തുന്നത്.
അടിമുടി മാറ്റങ്ങളുമായി എത്തുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ നാലാം പതിപ്പിന്റെ കിക്കോഫ് നാളെ രാത്രി എട്ടിന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടക്കും. സ്പാനിഷ് താരം ജോര്‍ദി ഫിഗ്വറസ് മോണ്ടലാണ് കൊല്‍ക്കത്തയെ നയിക്കുന്നത്. പരിശീലനത്തിനിടെ പുരുക്കേറ്റ് റോബി കീന്‍ നാട്ടിലേക്ക് മടങ്ങിയതോടെയാണ് മോണ്ടോലിനെ പകരം നായകനാക്കിയത്. കൊല്‍ക്കത്തയില്‍ ആയിരുന്നു ആദ്യം ഉദ്ഘാടന മത്സരം നിശ്ചയിച്ചിരുന്നത്. പിന്നീട് കൊച്ചിയിലേക്ക് മാറ്റുകയായിരുന്നു. ഫൈനല്‍ കൊല്‍ക്കത്ത സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ നടക്കും. ഐ.എസ്.എല്‍ ഉദ്ഘാടന മത്സരത്തിന് ആദ്യമായാണ് കൊച്ചി ആതിഥ്യമേകുന്നത്.
വൈകിട്ട് 6.30 മുതല്‍ ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കും. 20 മിനുറ്റ് നീളുന്ന വര്‍ണശബളമായ ചടങ്ങാണ് ഒരുക്കിയിട്ടുള്ളത്. ബോളിവുഡ് താരങ്ങളായ സല്മാന് ഖാന്, കത്രീന കൈഫ് എന്നിവര്‍ക്കൊപ്പം സച്ചിന് ടെണ്ടുല്‍ക്കര്‍, അഭിഷേക് ബച്ചന് അടക്കമുള്ള വിവിധ ടീം ഉടമകളും നിത അംബാനി, മുകേഷ് അംബാനി തുടങ്ങിയ പ്രമുഖരും പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."