കണ്‍സ്യൂമര്‍ഫെഡ് സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാനുള്ള നീക്കത്തില്‍ സി.ഐ.ടി.യുവില്‍ അമര്‍ഷം
നീലേശ്വരം: അഴിമതിയുടെ കേന്ദ്രങ്ങളെന്നു മുദ്രകുത്തി കണ്‍സ്യൂമര്‍ഫെഡിന്റെ കീഴിലുള്ള സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കത്തില്‍ കണ്‍സ്യൂമര്‍ വര്‍ക്കേഴ്‌സ് യൂനിയന്‍ (സി.ഐ.ടി.യു) അംഗങ്ങള്‍ക്ക് അമര്‍ഷം. യൂനിയന്റെ തലപ്പത്തുള്ള ഒരുവിഭാഗം നേതാക്കള്‍ ചെയ്ത തെറ്റിനു തങ്ങളും ബലിയാടാകുന്നതാണ് ഇവരുടെ പ്രതിഷേധത്തിനു കാരണം. അഴിമതിയുടെ പേരില്‍ കണ്‍സ്യൂമര്‍ഫെഡിന്റെ കീഴിലുള്ള ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റ്, നന്മ സ്റ്റോറുകള്‍, ബിവറജസ് ഔട്ട്‌ലെറ്റുകള്‍ തുടങ്ങിയവ പൂട്ടാനായിരുന്നു തീരുമാനം. ഇതിനെതിരേയാണ് ഭരണാനുകൂല തൊഴിലാളി സംഘടനയിലെ ഒരുവിഭാഗത്തിനു പ്രതിഷേധമുള്ളത്.
എല്‍.ഡി.എഫ്, യു.ഡി.എഫ് ഭരണകാലങ്ങളില്‍ കണ്‍സ്യൂമര്‍ഫെഡിന്റെ തലപ്പത്തുണ്ടായിരുന്നത് സി.ഐ.ടി.യു നേതൃത്വത്തിലുള്ളവര്‍ തന്നെയായിരുന്നു. സംഘടനയുടെ സംസ്ഥാന സെക്രട്ടറിയെ വിജിലന്‍സ് അന്വേഷണത്തിന്റെ ഭാഗമായി സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. സംസ്ഥാനത്തെ കണ്‍സ്യൂമര്‍ഫെഡ് സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയാല്‍ ഇനിയും നേതാക്കളുടെ ക്രമക്കേടുകള്‍ കണ്ടെത്താന്‍ കഴിയുമെന്നാണു സംഘടനയിലെ അംഗങ്ങളായ തൊഴിലാളികള്‍ പറയുന്നത്.
എന്നാല്‍ പുതുതായിവന്ന ഇടതുമുന്നണി സര്‍ക്കാരും കണ്‍സ്യൂമര്‍ഫെഡിനെ സംരക്ഷിക്കുന്നതിനുപകരം ഒരുവിഭാഗം ജീവനക്കാര്‍ നടത്തിയ ക്രമക്കേടിന്റെ പേരില്‍ സ്ഥാപനങ്ങള്‍തന്നെ അടച്ചുപൂട്ടാനൊരുങ്ങുന്നതാണ് തൊഴിലാളികളെ ചൊടിപ്പിച്ചത്.
പത്തു വര്‍ഷത്തിലധികമായി 7,400 രൂപ മാസവേതനത്തില്‍ ജോലിചെയ്യുന്ന തൊഴിലാളികള്‍ ഈ സ്ഥാപനങ്ങളിലുണ്ട്. തൊഴിലാളികളുടെ വേതനം വര്‍ധിപ്പിക്കുന്നതിനുപകരം സ്ഥാപനങ്ങളിലുണ്ടാകുന്ന നഷ്ടബാധ്യതയും ഇവരില്‍നിന്നു ഈടാക്കിയതായി പറയുന്നു. അതുകൊണ്ടുതന്നെ കണ്‍സ്യൂമര്‍ഫെഡ് സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയാല്‍ വഴിയാധാരമാകുന്നത് ഈ തൊഴിലാളികളുടെ കുടുംബങ്ങളാണ്.
സാധാരണക്കാരനെ സംരക്ഷിക്കാന്‍ ബാധ്യതയുള്ള സര്‍ക്കാര്‍ അതില്‍നിന്നും ഒളിച്ചോടുന്നതില്‍ വ്യാപക പ്രതിഷേധമാണുയരുന്നത്. ഇക്കാര്യം തൊഴിലാളികള്‍ സംഘടനാനേതാക്കളെ അറിയിച്ചിട്ടുമുണ്ട്. അനുകൂലമായ തീരുമാനമുണ്ടാകാത്തപക്ഷം വരുംദിവസങ്ങളില്‍ പരസ്യമായി തന്നെ രംഗത്തുവരാനാണു ഇവരുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."