യു.എസ് സ്റ്റേറ്റ് സെക്രട്ടറി മ്യാന്‍മറില്‍: റോഹിംഗ്യന്‍ വിഷയത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യം
നെയ്പിഡോ: അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ മ്യാന്‍മറിലെത്തി. ഭരണാധികാരി ആങ് സാങ് സൂക്കിയുമായും മറ്റു സൈനിക അധികൃതരുമായും ചര്‍ച്ച നടത്തിയ അദ്ദേഹം, റോഹിംഗ്യകള്‍ക്കെതിരേ രാജ്യത്തു നടന്ന ക്രൂരതകളില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു.
ഫിലിപ്പൈന്‍സിലെ മനിലയില്‍ നടന്ന ആസിയാന്‍ ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷമാണ് ടില്ലേഴ്‌സണ്‍ മ്യാന്‍മറിലെത്തിയത്. സൈന്യവും ബുദ്ധ തീവ്രവാദികളും റോഹിംഗ്യന്‍ മുസ്‌ലിംകളെ ക്രൂരമായി കൊന്നൊടുക്കുകയും മര്‍ദിക്കുകയും ചെയ്ത സംഭവത്തില്‍ ആശങ്കയറിയിച്ച അദ്ദേഹം, ഈ വിഷയത്തില്‍ ഇപ്പോള്‍ മ്യാന്‍മറിനെതിരേ ഉപരോധം പ്രഖ്യാപിക്കുന്നത് ഉചിതമല്ലെന്നും കൂട്ടിച്ചേര്‍ത്തു. എന്നാല്‍, വ്യക്തിപരമായി ഈ ക്രൂരകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരെ ഉപരോധിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
റോഹിംഗ്യന്‍ മുസ്‌ലിംകള്‍ക്ക് മറ്റു രാജ്യങ്ങളിലേക്കു പലായനം ചെയ്യേണ്ടിവരുന്നതില്‍ അമേരിക്കയ്ക്കു വിഷമമുണ്ട്.
ഇതു നല്ല കാര്യമല്ലെന്നും വിഷയത്തില്‍ തക്കതായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടതായും സൂക്കിക്കൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. അഞ്ചു മണിക്കൂറാണ് അദ്ദേഹം മ്യാന്‍മറിലുണ്ടായിരുന്നത്.
കഴിഞ്ഞ ഓഗസ്റ്റില്‍ തുടങ്ങിയ അതിക്രമങ്ങളില്‍ ഇതുവരെ ആറു ലക്ഷത്തോളം റോഹിംഗ്യകളാണ് മ്യാന്‍മറിലെ രാഖൈനില്‍നിന്നു ബംഗ്ലാദേശിലേക്കും മറ്റുമായി പലായനം ചെയ്തത്. മ്യാന്‍മര്‍ ഭരണാധികാരിയും സമാധാനത്തിനുള്ള നൊബേല്‍ ജേതാവുമായ സൂക്കി അക്രമങ്ങളെ സാമാന്യവല്‍ക്കരിച്ചു നേരത്തേ രംഗത്തെത്തിയത് വന്‍ പ്രതിഷേധങ്ങള്‍ക്കു ഇടയാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."