മുഗാബെയ്ക്കു വിനയായത് 'തലയണ മന്ത്രം'; സിംബാബ്‌വെയില്‍ പ്രതിസന്ധി
ഹരാരെ: സിംബാബ്‌വെയില്‍ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെയെയും കുടുംബത്തെയും തടവിലാക്കി ഭരണം സൈന്യം ഏറ്റെടുത്തതോടെ രാജ്യം കനത്ത പ്രതിസന്ധിയിലേക്കു നീങ്ങുകയാണ്. സിംബാബ്‌വെയില്‍ ഭരണ പ്രതിസന്ധി തുടങ്ങിയത് ഈയിടെയാണ്.
വൈസ് പ്രസിഡന്റായിരുന്ന എമേഴ്‌സണ്‍ മാന്‍ഗ്വാഗെയെ മുഗാബെ ഈയിടെ പുറത്താക്കിയിരുന്നു. ഈ സ്ഥാനത്തേക്കു ഭാര്യ ഗ്രേസിനെ കൊണ്ടുവരാനുള്ള നീക്കങ്ങള്‍ മുഗാബെ തന്റെ സാനു പി.എഫ് പാര്‍ട്ടിയില്‍ നടത്തുന്നതിനിടെയാണ് പുതിയ സംഭവവികാസങ്ങള്‍.
ഗ്രേസിനെ വൈസ് പ്രസിഡന്റാക്കി മുഗാബെയ്ക്കു ശേഷം അവരെ പ്രസിഡന്റാക്കാനായിരുന്നു നീക്കം. ഇതോടെ ഭരണതലത്തില്‍ പ്രതിഷേധങ്ങളും ഉയര്‍ന്നിരുന്നു. ഗ്രേസിനെ നേതൃതലത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാനുള്ള നീക്കങ്ങളെ നേരത്തേ എമേഴ്‌സണ്‍ എതിര്‍ത്തിരുന്നു. ഇതോടെ എമേഴ്‌സണെ പുറത്താക്കാന്‍ ഗ്രേസ് മുഗാബെയോട് ആവശ്യപ്പെടുകയായിരുന്നു.
അടുത്ത മാസം നടക്കുന്ന പാര്‍ട്ടി യോഗത്തില്‍ ഗ്രേസിനെ വൈസ് പ്രസിഡന്റായി പ്രഖ്യാപിക്കാനായിരുന്നു നീക്കം. എന്നാല്‍, രാജ്യം ചിലരുടെ നയങ്ങള്‍ കാരണം സാമ്പത്തിക, സാമൂഹിക പ്രതിസന്ധിയിലായെന്നാരോപിച്ചാണ് സൈന്യത്തിന്റെ പുതിയ നീക്കം. പ്രസിഡന്റിന്റെ ഓഫിസ് സെക്രട്ടറിയായി എത്തിയ ഗ്രേസ് 1996ലാണ് മുഗാബെയെ വിവാഹം കഴിക്കുന്നത്. നിരവധി കേസുകളില്‍ ആരോപണവിധേയയാണെങ്കിലും നയതന്ത്ര പരിരക്ഷ ഉപയോഗിച്ച് രക്ഷപ്പെടുകയായിരുന്നു.
അതേസമയം, സൈന്യം നിയന്ത്രണം ഏറ്റെടുത്തതോടെ രാജ്യത്ത് അനിശ്ചിതാവസ്ഥ തുടരുകയാണ്. സാമ്പത്തിക അടിയന്തരാവസ്ഥ മുന്നില്‍ക്കണ്ടു ജനങ്ങള്‍ നിക്ഷേപങ്ങള്‍ പിന്‍വലിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ബാങ്കുകള്‍ക്കു മുന്നില്‍ ഇന്നലെ വലിയ ജനത്തിരക്കായിരുന്നു.
ലക്ഷ്യമിടുന്നത് ദുരിതംവരുത്തിയവരെ; അട്ടിമറിയല്ല: സൈന്യം
ഹരാരെ: സിംബാബ് വെയില്‍ സൈനിക അട്ടിമറിയെന്ന വാര്‍ത്ത നിഷേധിച്ച് സൈന്യം. നടക്കുന്നതു സൈനിക അട്ടിമറിയല്ലെന്നും രാജ്യത്തിന്റെ സാമൂഹിക, സാമ്പത്തിക ദുരിതത്തിനിടയാക്കിയ മുഗാബെയുടെ അനുയായികളാണ് തങ്ങളുടെ ലക്ഷ്യമെന്നുമാണ് സൈന്യത്തിന്റെ വിശദീകരണം.
പ്രസിഡന്റ് സുരക്ഷിതനാണെന്നു പറഞ്ഞ സൈനിക മേധാവി കോണ്‍സ്റ്റാന്റിനോ ചിവെങ്ക, ഔദ്യോഗിക ടെലിവിഷനിലൂടെയാണ് രാജ്യത്തെ അഭിസംബോധന ചെയ്തത്. എന്നാല്‍, അസാധാരണ സംഭവങ്ങളില്‍ പ്രസിഡന്റ് മുഗാബെയുടെയോ കുടുംബത്തിന്റെയോ പ്രതികരണങ്ങള്‍ പുറത്തുവന്നിട്ടില്ല. ഇത് അവര്‍ കസ്റ്റഡിയിലാണെന്ന സംശയങ്ങള്‍ക്കു ബലം കൂട്ടുകയാണ്. എന്നാല്‍, സൈന്യത്തിനു വഴങ്ങില്ലെന്ന സൂചനയുമായി മുഗാബെയുടെ പാര്‍ട്ടി രംഗത്തെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."