അന്നം മുട്ടാതിരിക്കാന്‍ 74ാം വയസിലും മീന്‍കുട്ടയുമേന്തി ബാവാക്ക
വളാഞ്ചേരി: അന്യംനിന്ന് പോയിട്ടും അന്നം മുട്ടാതിരിക്കാന്‍ അരനൂറ്റാണ്ടിന്റെ പെരുമയുമായി ഇന്നും ഊര്‍ജ്ജസ്വലതയോടെ തലയില്‍ മീന്‍കൊട്ടയുമായി ഓടി നടക്കുകയാണ് ഇരിമ്പിളിയം മങ്കേരി സ്വദേശി കടവത്ത് പറമ്പില്‍ സൈതലവി എന്ന ബാവ(74). തന്റെ ഇരുപത്തിരണ്ടാമത്തെ വയസില്‍ തുടങ്ങിയതാണ് തലച്ചുമടുമായി കിലോമീറ്റര്‍ താണ്ടിയുള്ള ഈ നടത്തം.
രാവിലെ ആറ് മണിക്ക് വളാഞ്ചേരി മാര്‍ക്കറ്റിലെത്തും. ആളുകളുടെ ആവശ്യത്തിനുസരിച്ച് മൂന്നോ നാലോ തരം മത്സ്യം വാങ്ങി കൊട്ടയിലാക്കി യാത്ര തുടങ്ങും. ഇരിമ്പിളിയം മങ്കേരി വെണ്ടല്ലൂര്‍ ഭാഗത്തേക്ക് കാല്‍നടയായാണ് യാത്ര.
റോഡോ സൗകര്യങ്ങളോ ഇല്ലാതിരുന്ന കാലത്ത് കാല്‍നടയാത്രക്ക് എളുപ്പമാര്‍ഗമായി നാട്ടുകാര്‍ ഉപയോഗിച്ചിരുന്ന വളാഞ്ചേരി ടൗണില്‍ നിന്ന് ദ്വീപ് വഴി വെണ്ടല്ലൂര്‍ പാടം, മങ്കേരി പാടം പാത തന്നെയാണ് ഇന്നും തന്റെ കച്ചവട മേഖലയായി ഇദ്ദേഹം ആശ്രയിക്കുന്നത്. മുന്‍പ് ഒരണക്ക് (ആറ് പൈസ) 60 ഉം 70 ഉം മത്തി വിറ്റിരുന്നു. അണയും പൈസയുമൊക്കെ ചരിത്രത്തിന്റെ ഭാഗമായി.
ഇന്ന് നൂറ് രൂപക്ക് 10 മത്തി പോലും കിട്ടാത്ത കാലം. മീന്‍ കച്ചവടം തലച്ചുമടില്‍ നിന്ന് സൈക്കിളിലും മോട്ടോര്‍ ബൈക്കിലും പെട്ടിഓട്ടോയിലുമെത്തി. അത്യാധുനിക വാഹനങ്ങളില്‍ വരെ മീന്‍ കച്ചവടം നടക്കുന്ന ഈ കാലത്തും 74ാം വയസിലും തലച്ചുമടുമായി കിലോമീറ്റര്‍ താണ്ടി ബാവാക്ക തന്റെ നടത്തം തുടരുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."