വെറ്റിലപ്പാറ സി.എച്ച്.സിക്ക് പുതിയ കെട്ടിടം പണിയുന്നു
അരീക്കോട്: ആദിവാസികള്‍ ഉള്‍പ്പടെ ദിനേനെ നൂറുകണക്കിന് രോഗികള്‍ എത്തുന്ന വെറ്റിലപ്പാറ സാമൂഹികാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം നിര്‍മിക്കുന്നു. അസൗകര്യങ്ങള്‍ കൊണ്ട് വീര്‍പ്പ് മുട്ടിയിരുന്ന ഇവിടെ ആവശ്യത്തിന് ജീവനക്കാരും കെട്ടിട സൗകര്യങ്ങളും ഇല്ലാത്തതിനാല്‍ രോഗികള്‍ ഏറെ പ്രയാസപ്പെട്ടിരുന്നു. മലയോര മേഖലയായ ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന സി.എച്ച്.സിക്ക് പുതിയ കെട്ടിടവും സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സും നിര്‍മിക്കുമെന്ന് പി.കെ ബഷീര്‍ എം.എല്‍.എ അറിയിച്ചു.
നബാര്‍ഡ് സ്‌കീമില്‍ 4.15 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഭരണാനുമതി ലഭിച്ചിരുന്നു. ഈ തുക ഉപയോഗിച്ചാണ് കെട്ടിടങ്ങളും അനുബന്ധ സൗകര്യങ്ങളും ഒരുക്കുക. ജനുവരി മാസത്തില്‍ കെട്ടിടത്തിന്റെ നിര്‍മാണം ആരംഭിക്കാനാകുമെന്നാണ് കരുതുന്നത്. ആശുപത്രിയിലെ അസൗകര്യങ്ങളെ കുറിച്ച് ഒക്ടോബര്‍ 21 ന് സുപ്രഭാതം വാര്‍ത്ത നല്‍കിയിരുന്നു.
പ്രാഥമികാരോഗ്യകേന്ദ്രമായിരുന്ന ഈ സ്ഥാപനത്തെ പൂവത്തിക്കലില്‍ മറ്റൊരു പി.എച്ച്.സി സ്ഥാപിച്ചതിനെ തുടര്‍ന്ന് 2015ല്‍ സാമൂഹികാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തിയെങ്കിലും ആവശ്യമായ സജീകരണങ്ങള്‍ ഒരുക്കാന്‍ അധികൃതര്‍ക്ക് സാധിക്കാതെ പോയതോടെയാണ് ആശുപത്രിയുടെ പ്രവര്‍ത്തനം അസൗകര്യങ്ങളില്‍ താളംതെറ്റിയത്. കൊടുമ്പുഴ, കുരീരി, നെല്ലിയായി തുടങ്ങിയ ആദിവാസി കോളനികളിലെ രോഗികളും ഇവിടെ എത്തുന്നുണ്ടെങ്കിലും ആശുപത്രിയിലെ അസൗകര്യങ്ങള്‍ കാരണം ഇവര്‍ ചികിത്സക്ക് കാത്തുനില്‍ക്കാതെ മടങ്ങുകയാണ് പതിവ്. പരിമിതമായ സ്ഥല സൗകര്യങ്ങള്‍ക്കിടയില്‍ രോഗികളും ആശുപത്രി അധികൃതരും ഒരുപോലെ പ്രയാസം നേരിടുകയാണ്. ആശുപത്രിയുടെ മുറ്റം അനൗദ്യോഗിക പാര്‍ക്കിങ് കേന്ദ്രമാവുന്നതോടെ ഒ.പി ടിക്കറ്റിന് വരിനില്‍ക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയാണ്.
നിലവില്‍ ഡോക്ടേഴ്‌സ് റൂം, സ്റ്റാഫ് റൂം, ഒ.പി ബ്ലോക്ക്, ഓഫിസ്, പ്രഷറും ഷുഗറും പരിശോധിക്കാനുള്ള ഇടവും ഇടുങ്ങിയ കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. കുത്തിവയ്പുകള്‍ക്ക് പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തണമെന്നാണങ്കിലും ഇവിടെ അതും പാലിക്കപ്പെടുന്നില്ല. ടെറസിന് മുകളില്‍ താല്‍ക്കാലികമായി സജീകരിച്ച ഹാളിലാണ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ ഇരിപ്പിടം. ആശുപത്രിയുടെ വികസനം സാധ്യമാകുന്നതോടെ പ്രദേശത്തെ ആദിവാസികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കാനാകുമെന്ന് പി.കെ ബഷീര്‍ എം.എല്‍.എ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."