ജില്ലയിലെ ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ വ്യാപക ക്രമക്കേടുകള്‍
മലപ്പുറം: വിജലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ജില്ലയിലെ ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ വ്യാപകമായ ക്രമക്കേടുകള്‍ നടക്കുന്നതായി കണ്ടെത്തി.
ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ സര്‍ക്കാരിന്റേതായ ബ്രാന്‍ഡുകളും മറ്റ് വിലകുറഞ്ഞ ബ്രാന്‍ഡുകളും വില്‍പന നടത്താതെ വ്യാപകമായ ക്രമക്കേടുകള്‍ കാണിക്കുന്നതായി വിജിലന്‍സ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ സംസ്ഥാന വ്യാപകമായി വിജിലന്‍സ് നടത്തിയ പരിശോധനയുടെ ഭാഗമായാണ് ജില്ലയിലും പരിശോധന നടന്നത്.
ജില്ലയിലെ പൊന്നാനി, മലപ്പുറം, പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലെ ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ പരിശോധന നടത്തിയതില്‍ കേടുവന്നതായി കാണിച്ചിരിക്കുന്ന സ്‌റ്റോക്കുകളില്‍ വ്യത്യാസം, ലഭ്യമായ സാധനങ്ങളുടെ ലിസ്റ്റ് പ്രദര്‍ശിപ്പിക്കാതിരിക്കുക, ഉയര്‍ന്ന ബ്രാന്‍ഡുകളുടെ സ്റ്റോക്കുകളില്‍ വ്യത്യാസം, കാഷ് കൗണ്ടറുകളില്‍ കണക്ക് പ്രകാരം കാണേണ്ട തുകയില്‍ വ്യത്യാസം, ഉപഭോക്താക്കള്‍ ആവശ്യപ്പെട്ട ബ്രാന്‍ഡുകള്‍ സ്റ്റോക്കുണ്ടായിട്ടും നല്‍കാതിരിക്കുക, ബില്ലിങ് മെഷീന്‍ ഡ്യൂട്ടി രജിസ്റ്റര്‍ യഥാക്രമം സൂക്ഷിക്കാതിരിക്കുക തുടങ്ങിയ വിവിധ ക്രമക്കേടുകളാണ് കണ്ടെത്തിയിരിക്കുന്നത്.
പൊന്നാനിയില്‍ വിജിലന്‍സ് ഡി.വൈ.എസ്.പി എ. രാമചന്ദ്രനും മലപ്പുറത്ത് വിജിലന്‍സ് ഇന്‍സ്‌പെക്ടര്‍ കെ.പി സുരേഷ് ബാബുവും പെരിന്തല്‍മണ്ണയില്‍ വിജിലന്‍സ് ഇന്‍സ്‌പെക്ടര്‍ എം. ഗംഗാധരനും പരിശോധനക്ക് നേതൃത്വം നല്‍കി. പരിശോധന വരും ദിവസങ്ങളിലും തുടരും. വിശദവിവരങ്ങള്‍ ഉള്‍പ്പെടുത്തി വിജിലന്‍സ് വിജിലന്‍സ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."