പൂന്താനം സ്മാരക ശിലാസ്ഥാപനം 27ന് കീഴാറ്റൂരില്‍
പെരിന്തല്‍മണ്ണ: മഹാകവി പൂന്താനത്തിന് കീഴാറ്റൂരില്‍ നിര്‍മിക്കുന്ന പൂന്താനം സ്മാരകത്തിന്റെ രണ്ടാം ഘട്ടമായ സംസ്‌കാരിക മന്ദിരത്തിന് 27ന് രാവിലെ 10.30ന് തറക്കല്ലിടും. 90 ലക്ഷം രൂപ ചെലവില്‍ സംസ്ഥാന സര്‍ക്കാര്‍ ടൂറിസം വകുപ്പിന്റെ കീഴില്‍ നിര്‍മിക്കുന്ന സംസ്‌കാരിക മന്ദിരത്തിന് മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ശിലാസ്ഥാപന കര്‍മം നിര്‍വഹിക്കുക. എം. ഉമ്മര്‍ എം.എല്‍.എ അധ്യക്ഷനാകും. പൂന്താനം സ്മാരക സമിതി അനുവദിച്ച അര ഏക്കര്‍ സ്ഥലത്ത് പൂന്താനം സ്മാരകത്തിന്റെ ആദ്യഘട്ടമായി 50 ലക്ഷം രൂപ ചെലവില്‍ ആയിരം പേര്‍ക്ക് ഇരിക്കാവുന്ന ഗാലറിയോടുകൂടിയ ഓപ്പണ്‍ ഓഡിറ്റോറിയം കഴിഞ്ഞ വര്‍ഷം നിര്‍മാണം പൂര്‍ത്തിയാക്കിയിരുന്നു.
അതിഥികള്‍ക്കുള്ള സ്വീകരണമുറി, ഓഫിസ്മുറി ഗ്രീന്റും, മുകളിലത്തെ നിലയില്‍ ഓഡിറ്റോറിയം, ചുറ്റുമതില്‍, പ്രവേശനകവാടം എന്നിവ ഉള്‍ക്കൊള്ളുന്നതാണ് രണ്ടാം ഘട്ട നിര്‍മാണ പ്രവര്‍ത്തനം. തിരൂരിലെ മലയാള സര്‍വകലാശാല സംസ്‌കൃതപഠന വിഭാഗം മേധാവി പ്രൊഫ. കെ.എം ഭരതന്‍ പൂന്താനം കവിതകളുടെ സമകാല വിചാരം എന്ന വിഷയത്തില്‍ സംസ്‌കാരിക പ്രഭാഷണവും നടത്തുമെന്ന് പൂന്താനം സ്മാരക സമിതി പ്രസിഡന്റ് മാങ്ങോട്ടില്‍ ബാലകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി കെ.എം വിജയകുമാര്‍, ഭാരവാഹികളായ കീഴാറ്റൂര്‍ അനിയന്‍, പി. നാരായണനുണ്ണി, പി. ഹാരിസ് എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."