23കാരന് പെണ്‍സുഹൃത്തുക്കള്‍ പാടില്ലെന്നുണ്ടോ- സിഡി വിവാദത്തില്‍ മറുപടിയുമായി ഹാര്‍ദ്ദിക് പട്ടേല്‍
അഹമദാബാദ്: ബി.ജെ.പിയുടെ ലൈംഗികാരോപണങ്ങള്‍ക്കു മറുപടിയുമായി ഗുജറാത്തിലെ പാട്ടീദാര്‍ നേതാവ് ഹാര്‍ദ്ദിക് പട്ടേല്‍ രംഗത്ത്. ദേശീയ മാധ്യമമായ ഇന്ത്യന്‍ എക്‌സ്പ്രസിനു നല്‍കിയ അഭിമുഖത്തിലാണ് ഹാര്‍ദ്ദിക് വ്യക്തിഹത്യയിലൂടെ രാഷ്ട്രീയ നേട്ടം കൊയ്യാന്‍ ശ്രമിക്കുന്ന ബി.ജെ.പിയുടെ കപടമുഖത്തെ തുറന്നു കാട്ടുന്നത്.
ദൃശ്യങ്ങളിലുള്ളത് താനല്ല എന്നും ഇനി അത് താനാണെങ്കില്‍ തന്നെ ഒരു 23 വയസ്സുകാരന് പെണ്‍സുഹൃത്തുക്കള്‍ ഉണ്ടാകാന്‍ പാടില്ലേ എന്നും അദ്ദേഹം അഭിമുഖത്തില്‍ ചോദിക്കുന്നു.
'അധികാരത്തിലിരിക്കുന്നവര്‍ പറയുന്നത് അത് എന്റെ വീഡിയോ ആണ് എന്നാണ്. ഞാന്‍ പറയുന്നു ആ വീഡിയോകള്‍ മോര്‍ഫ് ചെയ്യപ്പെട്ടതാണ് എന്നും. എന്റെ പ്രതിശ്രുതവധുവുമായി ഒരു ഹോട്ടല്‍ മുറിയില്‍ വെച്ച് അവര്‍ ഒരു സ്ട്രിങ് ഓപ്പറേഷന്‍ നടത്തിയിരുന്നെങ്കില്‍ ഞാനത് അംഗീകരിക്കുമായിരുന്നു. ഈ വീഡിയോകള്‍ എന്നെ പോലെ സാദൃശ്യമുള്ള ഒരാളെ വെച്ച് നിര്‍മ്മിച്ചതാണ്' - ഹാര്‍ദ്ദിക് പട്ടേല്‍ പറയുന്നു. തന്റെ സമുദായത്തില്‍ പെട്ട, വിദേശത്തു ജോലി ചെയ്യുന്ന സുഹൃത്തുക്കള്‍ക്ക് ഫോറന്‍സിക് പരിശോധനക്കായി ദൃശ്യങ്ങള്‍ അയച്ചിരുന്നെന്നും അത് വ്യാജമാണെന്ന റിപ്പോര്‍ട്ട് അവര്‍ അയച്ചു തന്നെന്നും അദ്ദേഹം വ്യക്തമാക്കി.
'ഇനി ചിലര്‍ പറയുമ്പോലെ ഞാന്‍ ഒരു സദാചാരമില്ലാത്തവസദാചാരമില്ലാത്തവന്‍ തന്നെയാണെന്നു വെയ്ക്കുക, (ആ വീഡിയോ ആ ഉദ്ദേശത്തോടെയുള്ളതാണല്ലോ). എന്താ ഒരു 23 വയസുള്ള യുവാവിന് പെണ്‍ സുഹൃത്തുക്കള്‍ ഉണ്ടാകാന്‍ പാടില്ലേ. എന്നാണ് എനിക്ക് ചോദിക്കാനുള്ളത്? 23 വയസുള്ള ഒരാള്‍ക്ക് പെണ്‍സുഹൃത്തുക്കള്‍ പാടില്ലെങ്കില്‍ പിന്നെ അമ്പതുകാരനായിട്ടാണോ പെണ്‍സുഹൃത്തുക്കള്‍ ഉണ്ടാകേണ്ടത്?'- അദ്ദേഹം ചോദിച്ചു.
താന്‍ വിവാഹിതനല്ലെന്നും എന്നാല്‍ സന്യാസിയല്ലെന്നും മുമ്പ് ബി.ജെ.പി നേതാവ് അടല്‍ ബിഹാരി വാജ്‌പേയ് പറഞ്ഞിരുന്നു. ബസില്‍ വെച്ച ബി.ജെ.പി നേതാവ് ഒരു സ്ത്രീയെ ലൈംഗികമായി അവഹേളിച്ച സംഭവം ഉണ്ടായിട്ടുണ്ട്. അന്നൊക്കെ മൗനം പാലിച്ച ബി.ജെ.പി ഇപ്പോള്‍ സദാചാര മുഖംമൂടിയണിഞ്ഞ് രംഗത്തെത്തിയതിന്റെ പൊള്ളത്തരത്തെയും അദ്ദേഹം ചോദ്യം ചെയ്യുന്നു.
ഇത് ബി.ജെ.പിയും കോണ്‍ഗ്രസും തമ്മിലുള്ള പോരാട്ടമല്ലെന്നും ബി.ജെ.പിയും ഹാര്‍ദ്ദിക്കും തമ്മിലുള്ള പോരാട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിയമനടപടികളുമായി മുന്നോട്ടു പോവുന്നതില്‍ ഫലമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനത്തിന്റെ നിയമവ്യവസ്ഥയില്‍ വിശ്വാസമില്ലെന്നും അദ്ദേഹം തുറന്നടിച്ചു.
അധികാരത്തിനു വേണ്ടിയല്ല, ജനങ്ങള്‍ക്കു വേണ്ടി ശബ്ദിക്കാനാണ് രാഷ്ട്രീയത്തിലിറങ്ങിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹാര്‍ദ്ദിക് പട്ടേലിന്റെ മുഖസാദൃശ്യമുള്ള ഒരു യുവാവും ഒരു സ്ത്രീയും സ്വകാര്യമുറിയില്‍ ഒരുമിച്ചുള്ള വീഡിയോ സി.ഡി ബി.ജെ.പി പുറത്തു വിട്ടിരുന്നു. എന്നാല്‍ പ്രതീക്ഷിച്ചതിന് വിപരീതമായി ഇത് ബി.ജെ.പിക്ക് തിരിച്ചടിയാണുണ്ടാക്കിയത്. ഉഭയസമ്മതപ്രകാരമുള്ള സ്വകാര്യ ജീവിതം രാഷ്ട്രീയത്തില്‍ പകപോക്കാനായി ഉപയോഗിക്കുന്നു എന്നുള്ള ആക്ഷേപം ബി.ജെ.പിക്കെതിരെ പ്രബലമായി.
വീഡിയോ ദൃശ്യവിവാദത്തില്‍ ഹാര്‍ദ്ദിക്കിന് ഐക്യദാര്‍ഢ്യവുമായി കഴിഞ്ഞ ദിവസം ദലിത് നേതാവ് മേവാനിയും രംഗത്തെത്തിയിരുന്നു. ലൈംഗികത മൗലികാവകാശമാണെന്നും അതില്‍ നാണക്കേടിന്റെ പ്രശ്‌നം ഉദിക്കുന്നില്ല എന്നുമായിരുന്നു മേവാനിയുടെ പ്രതികരണം. വിഷയത്തില്‍ അദ്ദേഹം ഹാര്‍ദ്ദിക്കിന് പൂര്‍ണപിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
Hardik Patel, Sex video fake, gujrath election
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."