തലശ്ശേരി ഡിപ്പോയില്‍ കലക്ഷന്‍ കുത്തനെ കുറഞ്ഞു
തലശ്ശേരി: ബസ് റൂട്ടുകളുടെ സമയക്രമം അശാസ്ത്രീയമായി ക്രമീകരിച്ചതോടെ തലശ്ശേരി കെ.എസ്.ആര്‍.ടി.സി ഡിപ്പോയുടെ കലക്ഷന്‍ കുത്തനെ കുറഞ്ഞതായി ആരോപണം.
ബസുകളുടെ സമയം ക്രമീകരിച്ചതിനു പിന്നില്‍ ഭരണ കക്ഷിയിലെ തൊഴിലാളി നേതാവാണെന്നും ആക്ഷേപമുണ്ട്. ഇരിട്ടി-കൊട്ടിയൂര്‍, തലശ്ശേരി-ഇരിട്ടി, തലശ്ശേരി-മേലൂര്‍, തലശ്ശേരി-കോളയാട്, തലശ്ശേരി-പാനൂര്‍-കൈവേലിക്കല്‍ തുടങ്ങിയ റൂട്ടുകളിലെ കെ.എസ്.ആര്‍.ടി.സിയുടെ സമയക്രമം സ്വകാര്യ ബസുകള്‍ക്ക് വേണ്ടി ഈ മുന്നണി നേതാവ് ഇടക്കിടെ മാറ്റി നല്‍കിയതാണ് വരുമാനത്തില്‍ കുത്തനെ ഇടിവു വന്നതെന്നാണ് പരാതി. നിലവിലെ സമയമാറ്റത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും സ്വകാര്യ ബസുകളെ സഹായിച്ചതിനു പിന്നില്‍ പ്രവര്‍ത്തിച്ച യൂനിയന്‍ നേതാവിനെതിരേ വകുപ്പുതല നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷ സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ ഓരോ റൂട്ടിലേയും സമയക്രമം നിശ്ചയിക്കുന്നത് ഡിപ്പോകളിലെ അസി.ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍(എ.ടി.ഒ)മാരാണ്. എന്നാല്‍ തലശ്ശേരി ഡിപ്പോയില്‍ എ.ടി.ഒ തസ്തിക ഒഴിഞ്ഞ് കിടക്കുന്നതിനാല്‍ ആരോപണ വിധേയനായ തൊഴിലാളി നേതാവാണ് റൂട്ട് നിശ്ചയിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ഇത് മുതലെടുത്താണ് ഇയാള്‍ സ്വകാര്യ ബസുടമകള്‍ക്കു വേണ്ടി കെ.എസ്.ആര്‍.ടി.സി ബസുകളുടെ സമയം ക്രമീകരിച്ചതെന്നാണ് ആരോപണം. കഴിഞ്ഞ രണ്ട് മാസത്തിനിടേ ആരോപണ വിധേയമായ റൂട്ടുകളില്‍ ആറും ഏഴും തവണ ഇയാള്‍ സമയക്രമം മാറ്റി നിശ്ചയിച്ചിട്ടുണ്ട്. ഏറെ കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത കൊല്ലൂര്‍-മൂകാംബിക റൂട്ടിലെ കെ.എസ്.ആര്‍.ടി.സി ബസ് സര്‍വിസ് പൊടുന്നനെ നിര്‍ത്തി വെക്കാന്‍ കാരണവും ഈ തൊഴിലാളി നേതാവിന്റെ കളിയാണെന്നു പരാതിയുണ്ട്. അശാസ്ത്രീയമായ സമയ നിര്‍ണയം മൂലം ചെയിന്‍ സര്‍വിസ് പോലും അട്ടിമറിക്കപ്പെട്ടതിനു പിന്നിലും ഇയാളുടെ ഇടപെടല്‍ കാരണമായതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇയാളുടെ ഇത്തരം നടപടി മൂലം തലശ്ശേരി കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ ദിനം പ്രതിയുള്ള കലക്ഷനില്‍ വന്‍ ഇടിവാണ് ഉണ്ടായിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."