തലശ്ശേരിയില്‍ വ്യാജ ടി.എം.സി നമ്പര്‍ വ്യാപകം
തലശ്ശേരി: തലശ്ശേരി നഗരത്തില്‍ പ്രത്യേകിച്ച് രാത്രി കാലങ്ങളില്‍ സര്‍വിസ് നടത്തുന്ന ഓട്ടോറിക്ഷകളില്‍ ഭൂരിഭാഗവും വ്യാജ ടി.എം.സി നമ്പറുകള്‍ പതിപ്പിച്ചാണ് സര്‍വിസ് നടത്തുന്നതെന്ന് പരാതി. നഗരത്തിലും നഗരത്തിനു പുറത്തുള്ള പിണറായി, മമ്പറം, മാഹി, പാനൂര്‍ എന്നിവിടങ്ങളില്‍ നിന്നും ട്രിപ്പുമായി നഗരത്തില്‍ എത്തുന്ന ഓട്ടോറിക്ഷകള്‍ തിരിച്ചു പോകാതെ നഗരത്തില്‍ സര്‍വിസ് നടത്തുന്നതും വ്യാപകമായിട്ടുണ്ട്.
തലശ്ശേരി പഴയ ബസ്സ്റ്റാന്‍ഡിലെ ഹാര്‍ബര്‍ സിറ്റിക്ക് മുന്‍വശം, സംഗമം കവല, ജൂബിലി റോഡ്, എ.വി.കെ നായര്‍ റോഡ്, മണവാട്ടി ജങ്ഷന്‍, ടി.സി മുക്ക്, റെയില്‍വേ സ്റ്റേഷന്‍ റോഡ് പരിസരം എന്നിവിടങ്ങളില്‍ വൈകുന്നേരത്തോടെ പാര്‍ക്ക് ചെയത് സര്‍വിസ് നടത്തുന്ന മിക്ക ഓട്ടോറിക്ഷകള്‍ക്കും ടി.എം.സി നമ്പറുകള്‍ ഇല്ലെന്ന് ട്രാഫിക്ക് പൊലിസിനു വിവരം ലഭിച്ചിട്ടുണ്ട്. നഗരത്തില്‍ 2700 ഓളം ടി.എം.സി നമ്പറുകളുളള വണ്ടികളാണ് ഔദ്യോഗികമായി ഉള്ളത്. ഇതില്‍ 1500 ഓട്ടോകള്‍ മാത്രമാണ് നഗരത്തില്‍ സര്‍വിസ് നടത്തുന്നത്. ആറു മാസങ്ങള്‍ക്ക് മുമ്പ് അഞ്ഞൂറോളം ഓട്ടോറിക്ഷകള്‍ക്ക് ടി.എം.സി നമ്പര്‍ നല്‍കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം നഗരത്തിലെ ലോഡ്ജില്‍ താമസിച്ച അന്യജില്ലയില്‍ നിന്നെത്തിനെത്തിയ ദമ്പതികള്‍ക്ക് റെയില്‍വേ സ്റ്റേഷനില്‍ പോകാന്‍ ഓട്ടോറിക്ഷ നഗരം ചുറ്റി അമിത ചാര്‍ജ് ഈടാക്കിയ സംഭവം വിവാദമായിരുന്നു. അഞ്ച് മിനുട്ടിനകം നടന്നെത്തുന്ന ദൂരത്തുള്ള റെയില്‍വേ സ്റ്റേഷനിലേക്ക് ദമ്പതിമാരില്‍ നിന്നു വന്‍ തുകയാണ് ഈടാക്കിയത്. തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ ഈയിടെ നടപ്പാക്കിയ ഓട്ടോ പ്രീപെയ്ഡ് സംവിധാനത്തെ ബുദ്ധിമുട്ടിലാക്കിയത് ഇത്തരത്തിലുള്ള ഓട്ടോറിക്ഷക്കാരുടെ ബോധപൂര്‍വ്വമായ ഇടപെടലാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. നഗരത്തിന്റെ പുറത്തുള്ളവര്‍ യാത്രക്കാരുമായി തശ്ശേരിയില്‍ വന്ന് പിന്നീട് തിരിച്ചു പോകാതെ നഗരത്തില്‍ സര്‍വിസ് നടത്തുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി സ്വതന്ത്ര ഓട്ടോറിക്ഷ തൊഴിലാളി യൂനിയന്‍ ഉയര്‍ന്ന പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിരുന്നെങ്കിലും യാതൊരു നടപടികളും ഇതുവരെ ഉണ്ടായിട്ടില്ല. തലശ്ശേരി പഴയ ബസ്സ്റ്റാന്‍ഡിലെ ഓട്ടോസ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്യുന്ന ഓട്ടോറിക്ഷകള്‍ വൈകുന്നേരം നാലു മണിക്ക് ശേഷം ഓട്ടത്തിനു വിളിച്ചാല്‍ പോവാത്തതും പതിവാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."