ആറളം ഫാമില്‍ ഭീതിവിതച്ച് കാട്ടാനകള്‍
ഇരിട്ടി: വനമേഖലയില്‍ നിന്നു ആറളം ഫാം ജനവാസകേന്ദ്രത്തിലിറങ്ങിയ കാട്ടാനകള്‍ ഫാം തൊഴിലാളികള്‍ക്കിടയില്‍ ഭീതി വിതയ്ക്കുന്നു.
കഴിഞ്ഞ ദിവസം കാട്ടാന ഓടിച്ചതിനെത്തുടര്‍ന്ന് ഫാം തൊഴിലാളികളായ സ്ത്രീകളുള്‍പ്പെടെ എട്ടു പേര്‍ക്ക് വീണ് പരുക്കേറ്റു. ആറളം വന്യജീവി സങ്കേതത്തില്‍ നിന്നാണ് ഫാം മേഖലയില്‍ കാട്ടാനക്കൂട്ടം ഇറങ്ങിയത്.
ഫാമിനകത്തെ തെങ്ങിന്‍ തോട്ടങ്ങളിലെ കാടുവെട്ടി തെളിക്കുന്നതിനിടെയാണ് തൊഴിലാളികളായ ദേവസ്യ, ടിജോ, ശാന്ത, ലീല, സുമ, ഷൈനി, സാവിത്രി, ജോസ് എന്നിവര്‍ക്ക് പരുക്കേറ്റത്. ഫാമില്‍ ഭീതി പരത്തിയ കാട്ടാനക്കൂട്ടം തൊഴിലാളികളെ പിന്തുടര്‍ന്ന് കുത്തി വീഴ്ത്താന്‍ ശ്രമിക്കുകയായിരുന്നു.
ഓടി രക്ഷപ്പെടുന്നതിനിടെ കല്ലില്‍ തട്ടിയും മരത്തിനിടിച്ചുമാണ് പലര്‍ക്കും പരുക്കേറ്റത്.
ഫാം തൊഴിലാളികളായ ആദിവാസികളുള്‍പ്പെടെയുള്ള സ്ത്രീ തൊഴിലാളികളും പുരുഷന്മാരും കാട്ടാനകളുടെ ആക്രമത്തില്‍ നിന്നും പലപ്പോഴും തലനാരിഴയ്ക്കാണ് രക്ഷപ്പെടാറുള്ളത്. ഫാമിലെ കൃഷി മേഖലയിലും മറ്റും നിലയുറപ്പിച്ച കാട്ടാനക്കൂട്ടത്തെ തുരത്താന്‍ അധികൃതര്‍ തയ്യാറാവുന്നില്ലെന്നാണ് തൊഴിലാളികള്‍ പറയുന്നത്.
ഇതുകാരണം ഫാമില്‍ ധൈര്യത്തോടെ തൊഴില്‍ ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണുള്ളതെന്നും തൊഴിലാളികള്‍ പറഞ്ഞു.
പലരും ജീവന്‍ പണയം വെച്ചാണ് തൊഴിലിടങ്ങളില്‍ ജോലിക്കിറങ്ങുന്നത്. മുന്‍പ് ആറളം ഫാമില്‍ കാട്ടാനയുടെ ആക്രമത്തില്‍ ഒരു സ്ത്രീയുള്‍പ്പെടെ മൂന്നുപേര്‍ ദാരുണമായി കൊലപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."