സ്വന്തം രാഷ്ട്രീയ പാര്‍ട്ടിയില്ലാതെ ദലിത് പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവില്ല: സി.കെ ജാനു
തൃശൂര്‍: സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടിയില്ലാതെ ആദിവാസികളുടേയും ദലിതരുടേയും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കില്ലെന്ന് ജനാധിപത്യ രാഷ്ട്രീയ സഭ ചെയര്‍പേഴ്‌സണ്‍ സി.കെ ജാനു. ജനാധിപത്യ രാഷ്ട്രീയ സഭ സംസ്ഥാന പ്രവര്‍ത്തക കണ്‍വന്‍ഷന്‍ സാഹിത്യ അക്കാദമി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. നിത്യചെലവിനു വേണ്ടി കഷ്ടപ്പെടുന്ന ദലിത് വിഭാഗത്തിന് രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കി അധികാരം കൈയേറാന്‍ യാതൊരു ആഗ്രഹവുമില്ല.
കേരളത്തിലെ മുന്നണി രാഷ്ട്രീയ സംവിധാനം വന്‍ പരാജയമാണെന്നതിനുള്ള തെളിവാണ് അറുപതു വര്‍ഷമായിട്ടും പാവപ്പെട്ടവന്‍ നേരിടേണ്ടിവരുന്ന അവഗണനയും പീഡനവും. അതുകൊണ്ടു തന്നെ സ്വന്തമായൊരു രാഷ്ട്രീയ പാര്‍ട്ടിയില്ലാതെ ന്യായമായ പ്രശ്‌നങ്ങള്‍ക്കു പോലും പരിഹാരം കാണാന്‍ സാധിക്കില്ല എന്ന ബോധ്യത്തില്‍ നിന്നാണ് ജനാധിപത്യ രാഷ്ട്രീയ സഭ എന്ന പാര്‍ട്ടി രൂപീകരിക്കാനുള്ള പ്രചോദനം.
ഒരു പാര്‍ട്ടിയുടേയും കീഴിലല്ലാതെ എന്‍.ഡി.എയുടെ ഘടകകക്ഷിയായി പ്രവര്‍ത്തിക്കും. എന്‍.ഡി.എയുമായി തുടങ്ങിയ കൂട്ടുകെട്ട് ശക്തമായിത്തന്നെ മുന്നോട്ടു കൊണ്ടുപോകുമെന്നും സി.കെ ജാനു വ്യക്തമാക്കി. ജനാധിപത്യ രാഷ്ട്രീയ സഭ ആക്ടിങ് ചെയര്‍മാന്‍ ഇ.പി കുമാരദാസ് അധ്യക്ഷനായ ചടങ്ങില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ മുഖ്യാതിഥിയായി. മുന്‍ കലക്ടര്‍ ഇ.അയ്യപ്പന്‍, ഗോത്രമഹാസഭാ ജനറല്‍ സെക്രട്ടറി ബിജു കാക്കത്തോട് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."