61 ദിവസം, 3 രാജ്യങ്ങള്‍; ഉയരങ്ങള്‍ തേടി ഷിനാന്റെ യാത്ര
കണ്ണൂര്‍: സംസാരിക്കാനും കേള്‍ക്കാനും കഴിയാത്ത പി.എസ് ഷിനാന്‍ പിന്നിട്ട ദൂരത്തോളം വലിപ്പമുണ്ടാകും ജില്ലയിലെ ബധിരരുടെ ആഗ്രഹത്തിന്. അതിനാലാണ് ജില്ലയിലെ ബധിരര്‍ തങ്ങള്‍ക്ക് സാധിക്കാത്ത ആഗ്രഹങ്ങള്‍ നടത്തുന്ന സിനാന് സ്വീകരണം നല്‍കിയതും. ജന്മനാ കൂട്ടായ തന്റെ നിശബ്ദതയുമായി തൃശ്ശൂര്‍ കോട്ടപ്പടി പിള്ളക്കാട് സ്വദേശിയായ ഷിനാന്‍ തനിച്ച് പിന്നിട്ടത് മൂന്നു രാജ്യങ്ങളാണ്. തൃശ്ശൂരില്‍ നിന്നു ആരംഭിച്ച യാത്ര 61 ദിവസം കൊണ്ട് ഇന്ത്യയിലെ 29 സംസ്ഥാനങ്ങളും നേപ്പാള്‍, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളും താണ്ടി ഒക്ടോബര്‍ 31ന് തിരിച്ചെത്തി. ഏകദേശം 16,000 കിലോമീറ്ററോളം യാത്ര ചെയ്തു.
പിള്ളക്കാട് പുതുവാറത്തുവീട്ടിലെ ഷംസുദ്ദീന്റെയും നൂര്‍ജഹാന്റെയും മകനാണ് ഷിനാന്‍. പിതാവ് ഒരു വയസുള്ളപ്പോള്‍ മരിച്ചുപോയി. വളരെ കഷ്ടപ്പെട്ടാണ് മാതാവ് നൂര്‍ജഹാന്‍ മകനെ വളര്‍ത്തിയത്. അലുമിനിയം ഫാബ്രിക്കേഷന്‍ ജോലി ചെയ്യുന്ന ഈ 25കാരന്‍ സ്വന്തമായി അധ്വാനിച്ച് വാങ്ങിയ ബുള്ളറ്റ് ബൈക്കുമായാണ് യാത്ര തുടങ്ങിയത്. ബധിരരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെയായിരുന്നു യാത്ര.ബധിരര്‍ക്ക് ലൈസന്‍സ് നല്‍കുന്നതിലെ മോട്ടോര്‍ വാഹന വകുപ്പിന്റെ വിമുഖതക്കെതിരേ സ്വീകരണ ചടങ്ങില്‍ പ്രതിഷേധമുയര്‍ന്നു. തന്റെ യാത്രാനുഭവങ്ങള്‍ പങ്കുവച്ചശേഷം ഷിനാന്‍ ഗോവയിലേക്ക് യാത്ര തിരിച്ചു. 10,000 രൂപ ഷിനാന് ജില്ലാ കമ്മിറ്റി സമ്മാനമായി നല്‍കി. ജില്ലാ ബധിര അസോസിയേഷന്റെ നേതൃത്വത്തില്‍ മഹാത്മ മന്ദിരത്തില്‍ നല്‍കിയ സ്വീകരണത്തില്‍ അസോസിയേഷന്‍ പ്രസിഡന്റ് എന്‍.പി ദേവരാജ്, ജനറല്‍ സെക്രട്ടറി ടി. സുനീഷ് കുമാര്‍, തളാപ്പ് സ്പീച്ച് ആന്‍ഡ് ഹിയറിങ് ക്ലിനിക്ക് ഡയറക്ടര്‍ എസ്.പി.സി പണ്ഡാല സംസാരിച്ചു.
തലശ്ശേരി പഴയ ബസ് സ്റ്റാന്റില്‍ എത്തിയ ഷിനാന് തലശ്ശേരി ക്ലബ് ഓഫ് ഡഫും ഓള്‍ കേരള പാരന്റ്‌സ് അസോസിയേഷന്‍ ഹിയര്‍ ആന്റ് ഇംപാഡും ചേര്‍ന്ന് സ്വീകരണം ഒരുക്കി. പടക്കം പൊട്ടിച്ചും മാലയിട്ടുമാണ് നഗരസഭ മുന്‍ കൗണ്‍സിലര്‍ കെ. അഷറഫിന്റെ നേതൃത്വത്തില്‍ ഷിനാനെ സ്വീകരിച്ചത്. തലശ്ശേരി ജോ. ആര്‍.ടി.ഒ രാധാകൃഷ്ണന്റെ നേതൃത്വത്തിലും ഷിനാന് സ്വീകരണം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."