പൊലിസുകാരുടെ കച്ചവടം; തളിപ്പറമ്പ് സ്റ്റേഷനില്‍ പിടികൂടിയ വാഹനങ്ങള്‍ ആക്രിക്കടയില്‍ മറിച്ചുവില്‍ക്കുന്നു
തളിപ്പറമ്പ്: മണല്‍കടത്തുകാര്‍ ഉപേക്ഷിച്ച മിനിലോറി കത്തിച്ച ശേഷം ആക്രികച്ചവടക്കാര്‍ക്ക് വിറ്റ സംഭവം വിവാദത്തില്‍. തളിപ്പറമ്പ് പൊലിസ് സ്റ്റേഷനിലെ എ.എസ്.ഐ ഉള്‍പ്പെടെ അഞ്ചു പൊലിസുകാര്‍ക്കെതിരേ നടപടിക്ക് സാധ്യത. ഇതുമായി ബന്ധപ്പെട്ട് തളിപ്പറമ്പ് ഡിവൈ.എസ്.പി ജില്ലാ പൊലിസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കി. നവംബര്‍ മൂന്നിന് പറപ്പൂലിലായിരുന്നു സംഭവം. രാത്രി കുപ്പം കടവില്‍ മണല്‍കടത്തുന്നുവെന്ന വിവരത്തെ തുടര്‍ന്ന് പരിശോധനക്കെത്തിയ പൊലിസ് കൈകാണിച്ചിട്ടും മിനിലോറി നിര്‍ത്താത്തതിനെ തുടര്‍ന്നാണ് എ.എസ്.ഐയുടെ നേതൃത്വത്തില്‍ പിന്തുടര്‍ന്നത്. ഡ്രൈവര്‍ വാഹനം കാട്ടിനുള്ളിലേക്ക് കയറ്റിവച്ച് രക്ഷപ്പെടുകയായിരുന്നു. ഡ്രൈവര്‍ രക്ഷപ്പെട്ട വിവരം മേലധികാരികളെ അറിയിച്ച ശേഷം ലോറി കത്തിക്കുകയും പിന്നീട് കുപ്പം ഖലാസികളെ ഉപയോഗിച്ച് സ്ഥലത്തുനിന്ന് മാറ്റി ആക്രികച്ചവടക്കാര്‍ക്ക് വില്‍ക്കുകയുമായിരുന്നു. കത്തിയ വാഹനം ആക്രികച്ചവടക്കാരന്റെ കുപ്പത്തെ ഗോഡൗണില്‍ നിന്നു കണ്ടെത്തിയിട്ടുണ്ട്. സംഭവം വിവാദമായതോടെ അന്വേഷണം ആവശ്യപ്പെട്ട് സി.പി.എം തളിപ്പറമ്പ് ഏരിയാ സെക്രട്ടറി പി. മുകുന്ദന്‍ കഴിഞ്ഞ 10ന് സി.ഐക്ക് പരാതി നല്‍കിയിരുന്നു.
ഇതിന് മുമ്പും പൊലിസ് സ്റ്റേഷനില്‍ നിന്നു ഇത്തരത്തില്‍ വാഹനങ്ങള്‍ വിലകൊടുത്തു വാങ്ങിയിട്ടുണ്ടെന്ന കുപ്പത്തെ ആക്രികച്ചവടക്കാരന്റെ മൊഴിയുള്‍പ്പെടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഡിവൈ.എസ്.പി കെ.വി വേണുഗോപാല്‍ നടത്തിയ അന്വേഷണത്തില്‍ ലഭിച്ചിരിക്കുന്നത്.
വര്‍ഷങ്ങളായി ഇത്തരത്തില്‍ പഴയ വാഹനങ്ങള്‍ ആക്രികച്ചവടക്കാരന് മറിച്ചുവിറ്റ് പലരും വന്‍തുക തന്നെ സമ്പാദിച്ചതായി വ്യക്തമാക്കുന്ന തെളിവുകള്‍ ലഭിച്ചതിനാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് ഡിവൈ.എസ്.പി നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും തളിപ്പറമ്പ് സ്റ്റേഷനില്‍ വന്‍ അഴിച്ചുപണി ഉണ്ടാകുമെന്നുമാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."