കടലിലേക്കു പാഞ്ഞടുത്ത വിഷ്ണുമൂര്‍ത്തിയെ ജനസാഗരം മതില്‍ തീര്‍ത്തു 'തടഞ്ഞു'
തൃക്കരിപ്പൂര്‍: ചെണ്ടയുടെ അസുര താളത്തിനുസരിച്ചു നൃത്തമാടി വന്ന വിഷ്ണുമൂര്‍ത്തി തെയ്യം ആര്‍ത്തിരമ്പുന്ന കടലിനെ ലക്ഷ്യമാക്കി പാഞ്ഞടുത്തു. ഒപ്പമുണ്ടായിരുന്ന ജനസാഗരം വന്‍ മതില്‍ തീര്‍ത്ത് തെയ്യത്തെ ക്ഷേത്ര നടയിലേക്ക് തിരികെയെത്തിച്ചു. വലിയപറമ്പ ദ്വീപിലെ മാവിലാക്കടപ്പുറം ഒരിയരക്കാവ് വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ സമാപന ദിവസമായ ഇന്നലെയാണ് അപൂര്‍വ ചടങ്ങ് നടന്നത്.
ക്ഷേത്രത്തിലെ അഗ്നിപ്രവേശം കഴിഞ്ഞ് കടല്‍ക്കരയിലെത്തി ബലിതറയില്‍ ബലിതര്‍പ്പണം പൂര്‍ത്തിയാക്കിയ ശേഷമാണ് വിഷ്ണുമൂര്‍ത്തി തെയ്യം കടലിലേക്ക് പാഞ്ഞടുത്തത്. ആര്യനാട്ടില്‍ നിന്നു മരക്കപ്പലില്‍ മലനാട് കാണാന്‍ ആര്യ രാജാവിന്റെ മകളും 101 തോഴിമാരും വന്ന് വടക്കിന്റെ തെയ്യങ്ങളായി മാറിയെന്നും മരക്കപ്പലില്‍ എത്തിയവരെ സ്വീകരിക്കാന്‍ വിഷ്ണുമൂര്‍ത്തി കടലിലേക്ക് പാഞ്ഞടുക്കുന്നുവെന്നുമാണ് ഐതിഹ്യം. കടലിലേക്ക് പാഞ്ഞടുക്കുന്ന വിഷ്ണു മൂര്‍ത്തി തെയ്യത്തെ ഭക്തജനങ്ങള്‍ കൈകള്‍ കോര്‍ത്തുമതില്‍ കെട്ടി തടഞ്ഞ് തിരികെ ക്ഷേത്രത്തിലെത്തിക്കുന്നതാണ് ചടങ്ങ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."