ഗെയില്‍ പൈപ്പ് ലൈന്‍: അധികൃതര്‍ സ്ഥലം അടയാളപ്പെടുത്തി
പെരിയ: ഗെയില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസം പ്രതിഷേധം ഉയര്‍ന്ന കുണിയയില്‍ ഗെയില്‍ അധികൃതര്‍ ഇന്നലെ പൈപ്പ് ലൈന്‍ കടന്നു പോകുന്ന വഴി അടയാളപ്പെടുത്തി. എന്നാല്‍, തങ്ങളുടെ ഭൂമിയില്‍ കൂടി പൈപ്പ് ലൈന്‍ കടന്നു പോകുന്ന യാതൊരു സൂചനയും ഇത്ര വര്‍ഷങ്ങളായിട്ടും തങ്ങള്‍ അറിഞ്ഞില്ലെന്നായിരുന്നു ഭൂ ഉടമകളുടെ പ്രതികരണം. കഴിഞ്ഞ ദിവസം മുന്‍ നിശ്ചയ പ്രകാരമുള്ള അലൈന്‍മെന്റ് മാറ്റി പുതുതായി മറ്റൊരു വഴിയില്‍ കൂടി പൈപ്പ് ലൈന്‍ സ്ഥാപിക്കാനുള്ള ശ്രമം ഗെയില്‍ അധികൃതര്‍ നടത്തിയതോടെയാണു പുല്ലൂര്‍ പെരിയ പഞ്ചായത്തില്‍ ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള ഒന്നാം വാര്‍ഡായ കുണിയയില്‍ വീട്ടുപറമ്പുകളില്‍ കൂടി പൈപ്പ് ലൈന്‍ കടന്നു പോകുന്ന വിവരം ഭൂ ഉടമകള്‍ അറിയുന്നത്.
പ്രദേശത്ത് സംഘര്‍ഷ സാധ്യത ഉടലെടുത്തതോടെ കലക്ടര്‍ ഇടപെടുകയും പ്രശ്‌നങ്ങള്‍ പരിഹരിച്ചു പൈപ്പ് ലൈന്‍ സ്ഥാപിക്കാനുള്ള ജോലികള്‍ തുടങ്ങിയാല്‍ മതിയെന്നു നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം ഗെയില്‍ അധികൃതര്‍ പനയാല്‍, പെരിയ എന്നീ വില്ലേജ് ഓഫിസര്‍മാരെ പ്രദേശത്തേക്കു കൊണ്ടു വരുകയും പൈപ്പ് ലൈന്‍ കടന്നു പോകുന്ന സ്ഥലം പരിശോധിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ഇന്നലെ പ്രദേശത്തെത്തിയ ഗെയില്‍ ഉദ്യോഗസ്ഥര്‍ പൈപ്പ് ലൈന്‍ കടന്നുപോകുന്ന ലൈന്‍ അടയാളപ്പെടുത്തിയത്.
ഈ ഭാഗത്തെ പത്തോളം വീട്ടുപറമ്പില്‍ കൂടിയാണു പൈപ്പ് ലൈന്‍ കടന്നു പോകുന്നത് എന്നു മാത്രമല്ല നാളിതു വരെയായി ഈ വിവരം ഭൂ ഉടമകള്‍ക്കും അറിയുമായിരുന്നില്ല. അതേ സമയം പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന ഭൂമിയുടെ ഉടമകളെ വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ ഇക്കാര്യം രേഖാപരമായി അറിയിച്ചിരുന്നെന്ന ഗെയില്‍ അധികൃതരുടെ വാദം ഇന്നലെ പൊളിയുകയും ചെയ്തു. 20 മീറ്റര്‍ വീതിയില്‍ സ്ഥലം ഇവര്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ എടുക്കുന്നതോടെ പലര്‍ക്കും വന്‍ കൃഷി നാശവും സംഭവിക്കുന്നുണ്ട്. ഒരു പറമ്പിലെ 65 തെങ്ങുകളാണ് പൈപ്പ് ലൈന്‍ കടന്നു പോകുന്നത് വഴി നശിക്കുന്നത്. പലര്‍ക്കും ഇരുപത് മുതല്‍ മുപ്പത് സെന്റ് സ്ഥലം വരെ നഷ്ടപ്പെടുന്ന അവസ്ഥയുമുണ്ട്. ഇതോടെ ഈ കുടുംബങ്ങള്‍ക്ക് വീട്ടില്‍ നിന്നു പുറത്തിറങ്ങാന്‍ പോലും പ്രയാസം നേരിടും. ജനവാസ കേന്ദ്രത്തില്‍ കൂടി പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നത് ഒഴിവാക്കണമെന്നു പ്രദേശവാസികള്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും ഗെയില്‍ അധികൃതര്‍ ഇക്കാര്യം കേട്ടതായിപോലും ഭാവിക്കുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."