രണ്ടു ലക്ഷം കുടുംബങ്ങളെ പങ്കാളികളാക്കും; ഭക്ഷ്യസുരക്ഷ ഭവനം പദ്ധതിയുമായി കുടുംബശ്രീ
കാസര്‍കോട്: കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ കാര്‍ഷിക വികസന പദ്ധതിയായ മഹിളാ കിസാന്‍ ശാക്തീകരണ പരിയോജന പദ്ധതിയുടെ ഭാഗമായി രണ്ടു ലക്ഷത്തില്‍പ്പരം കുടുംബങ്ങളെ പങ്കാളികളാക്കി ജില്ലയില്‍ ഭക്ഷ്യസുരക്ഷാ ഭവനം പദ്ധതിയൊരുക്കുന്നു. 'ഭക്ഷ്യസുരക്ഷക്ക് എന്റെ കൃഷി' എന്ന ആശയം കുടുംബശ്രീ കൂട്ടായ്മയിലൂടെ അയല്‍ക്കൂട്ട കുടുംബങ്ങളിലേക്ക് എത്തിക്കുന്നതിനും അതുവഴി എല്ലാവരെയും തങ്ങള്‍ക്ക് ആവശ്യമുള്ള പച്ചക്കറി ഉല്‍പാദിപ്പിക്കുന്നതിനു പ്രാപ്തരാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. കുടുംബശ്രീകളില്‍ അംഗങ്ങളായവരെ നാലുപേര്‍ ചേര്‍ന്ന പ്രത്യേക ഗ്രൂപ്പുകളാക്കി 25 സെന്റ് സ്ഥലം വരെയും ഗ്രോ ബാഗുകളില്‍ കൃഷി ചെയ്യുകയോ ചെയ്യുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്. സി.ഡി.എസില്‍ രജിസ്റ്റര്‍ ചെയ്താണു പച്ചക്കറി കൃഷിക്ക് ഗ്രൂപ്പുകളെ സജ്ജമാക്കുന്നത്. രജിസ്റ്റര്‍ ചെയ്ത ഗ്രൂപ്പുകള്‍ക്കു ഭക്ഷ്യസുരക്ഷാ ഭവനം പദ്ധതി പ്രകാരം കൃഷി ചെയ്യാനുള്ള പച്ചക്കറി വിത്തും കൃഷി പരിശീലനവും സൗജന്യമായി നല്‍കും. ജില്ലയിലെ 42 സി.ഡി.എസുകളിലെ 10,779 അയല്‍ക്കൂട്ടങ്ങളിലെ രണ്ടു ലക്ഷത്തില്‍പ്പരം കുടുംബാംഗങ്ങളെയാണ് ഭക്ഷ്യ സുരക്ഷാ ഭവനം പദ്ധതിയിലൂടെ പച്ചക്കറി സ്വയംപര്യാപ്തമാക്കുക.
പാലക്കാട് കാര്‍ഷിക വികസന കോളജില്‍ നിന്നും തനതു കര്‍ഷകരില്‍ നിന്നും വാങ്ങിക്കുകയും ചെയ്ത ജൈവ പച്ചക്കറി വിത്തുകളാണു ഭക്ഷ്യ സുരക്ഷാ ഭവനം പദ്ധതി പ്രകാരം കൃഷിയൊരുക്കാന്‍ നല്‍കുക. കൃഷി ചെയ്യാന്‍ സ്ഥലമില്ലാത്തവര്‍ക്ക് സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് സമ്മതപത്രം ലഭിക്കുകയാണെങ്കില്‍ കൃഷി ചെയ്യാവുന്നതാണെന്നും പ്രാദേശിക ഭക്ഷ്യ സുരക്ഷയാണു പദ്ധതിയുടെ ലക്ഷ്യമെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു. തക്കാളി, വഴുതിന, വെണ്ട, പയര്‍, പച്ചമുളക് എന്നീ അഞ്ചു പച്ചക്കറികളുടെ വിത്തുകളാണു നല്‍കുന്നത്. ഗ്രൂപ്പുകള്‍ക്ക് ഇഷ്ടമുള്ള പച്ചക്കറികളും കൃഷി ചെയ്യാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."