വൃദ്ധയുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി സംഭവത്തില്‍ ദുരൂഹതയേറുന്നു
നെയ്യാറ്റിന്‍കര: മാരായമുട്ടം സ്‌കൂളിന് സമീപമുള്ള ഉപയോഗ ശൂന്യമായ കിണറ്റില്‍ വൃദ്ധയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയേറുന്നു. മൃതദേഹം പുറത്തെടുത്ത് ദിവസങ്ങള്‍ കഴിഞ്ഞതിന് ശേഷമാണ് മാരായമുട്ടം പൂങ്കാല സ്വദേശിനിയായ തങ്കത്തിന്റെ മൃതദേഹമാണ് പൊലിസും നാട്ടുകാരും തിരിച്ചറിഞ്ഞത്.
റോഡിന് സമീപമുള്ള കിണറ്റിനരികില്‍ ഫയര്‍ഫോഴ്‌സ് പുറത്തെടുത്ത തങ്കത്തിന്റെ മൃതദേഹം കണ്ടിരുന്നെങ്കിലും ആര്‍ക്കും തന്നെ ആളെ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല എന്നാണ് മാരായമുട്ടം പൊലിസ് പറയുന്നത്.
തങ്കത്തിന്റെ മരണത്തില്‍ ദുരൂഹതയുള്ളതായി നാട്ടുകാര്‍ക്കിടയില്‍ സംസാരമുണ്ട്. തുടര്‍ന്ന് പൊലിസിന്റെ ഭാഗത്തു നിന്ന് ഇതുവരെ മരണത്തെക്കുറിച്ച് യാതൊരു വിധ അന്വേഷണവും നടന്നിട്ടില്ലെന്നും ആക്ഷേപമുയരുകയാണ്.
എന്നാല്‍ സമീപത്തുള്ള ഒരു യുവാവിനെപറ്റിയും മറ്റ് ചില യുവാക്കളെകുറിച്ചും നാട്ടുകാര്‍ സംശയം പറയുന്നുണ്ട്. ഈ വൃദ്ധ മരണപ്പെടുന്നതിന് ഏതാണ്ട് ഒരുമാസം മുന്‍പ് നെയ്യാറ്റിന്‍കര വനിതാസെല്ലില്‍ ഒരു പരാതി നല്‍കിയിരുന്നതായി വനിതാസെല്‍ എസ്.ഐ തങ്കം പറഞ്ഞു.
തന്നെ ചിലര്‍ മനപൂര്‍വം ആക്രമിക്കാന്‍ ശ്രമിക്കുന്നതായും തന്റെ സ്വത്ത് തട്ടിയെടുക്കുകയാണ് അവരുടെ ലക്ഷ്യമെന്നും പരാതിയില്‍ പറയുന്നു.
ഇത്തരം സാഹചര്യങ്ങള്‍ ഈ സംഭവവുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടും ഒരു തുടര്‍ അന്വേഷണം നടത്തുന്നതിനോ നാട്ടുകാര്‍ക്കുണ്ടായ ദുരൂഹത നീക്കുന്നതിനോ പൊലിസ് ഇതുവരെയും തയാറായിട്ടില്ലായെന്നതാണ് യാതാര്‍ഥ്യം.
ആക്രി കച്ചവടം നടത്തി ഉപജീവനം നടത്തിവന്നിരുന്ന തങ്കം നിര്‍ധനയും പരസാഹായം ആവശ്യവുമായിരുന്ന ഒരു വിധവയുമാണ്.
ഏക മകള്‍ വളരെ അകലെയാണ് താമസിക്കുന്നത്. മൃതദേഹം തങ്കത്തിന്റേതാണെന്ന് വിളിച്ചറിയിച്ച ശേഷമാണ് മകള്‍ എത്തിച്ചേര്‍ന്നത്. മകള്‍ക്കോ, ബന്ധുക്കള്‍ക്കോ, നാട്ടുകാര്‍ക്കോ പരാതിയില്ലെന്ന കാരണം പറഞ്ഞാണ് പൊലിസ് തുടര്‍ അന്വേഷണം നിറുത്തി വച്ചിരിക്കുന്നതെന്നും സംസാരമുണ്ട്. ഈ നടപടി ജനാധിപത്യ വിരുദ്ധമാണ്.
പൊതു സമൂഹത്തിനുണ്ടായ ദുരൂഹത മാറ്റേണ്ടതും മരണകാരണം മറ്റെന്തങ്കിലും പ്രേരണമൂലമാണോ എന്നും സത്യസന്ധമായ ഒരു അന്വേഷണം നടത്തേണ്ടത് ക്രമസമാധാന ചുമതലയുള്ള പൊലിസിനാണെന്നും നാട്ടുകാര്‍ പറയുന്നുണ്ട്.
ഈ ഉത്തരവാദിത്വം നിര്‍വഹിക്കപ്പെടാത്തതുകാരണം ഈ ദുരൂഹ മരണത്തിന് പിന്നില്‍ മറ്റ് ദുര്‍ശക്തികള്‍ക്ക് പങ്കെുണ്ടെന്നുള്ളത് വ്യക്തമാണ്.
അതിനാല്‍ ജനങ്ങള്‍ക്കുണ്ടായ ആശങ്ക മാറ്റുന്നതിനും മരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്തുന്നതിനും പൊലിസ് സമഗ്ര അന്വേഷണം നടത്തണമെന്നു തന്നെയാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."