ഹയര്‍സെക്കന്ററിയിലും വിദ്യാര്‍ഥികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ
മലപ്പുറം: പൊതുവിദ്യാലയങ്ങളിലെ എല്ലാ വിദ്യാര്‍ഥികള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കം കൂടുതല്‍ വിപുലപ്പെടുത്താന്‍ ആലോചന. സര്‍ക്കാര്‍, എയ്ഡഡ് മേഖലകളിലുള്ള ഒന്നു മുതല്‍ 10 വരെ ക്ലാസുകളിലെ പന്ത്രണ്ടായിരത്തോളം സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. എന്നാല്‍ ഇത് ഹയര്‍ സെക്കന്‍ഡറി ക്ലാസുകളിലേക്കുകൂടി വ്യാപിപ്പിക്കാനാണ് നീക്കം. പത്ത് വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുമ്പോള്‍ 35 ലക്ഷം വിദ്യാര്‍ഥികള്‍ക്കാണ് ഇതിന്റെ ഗുണം ലഭിക്കുക. ഇത് പ്ലസ്ടു ക്ലാസുകളിലേക്കുകൂടി വ്യാപിപ്പിച്ചാല്‍ 1426 സ്‌കൂളുകളിലെ 641,000 കുട്ടികള്‍ക്കുകൂടി ഇന്‍ഷുറന്‍സിന്റെ പരിരക്ഷ ലഭിക്കും.
അപകട ചികിത്സയ്ക്കും മറ്റും 50,000 രൂപയുടെ സാമ്പത്തിക പരിരക്ഷ ഓരോ വിദ്യാര്‍ഥിക്കും നല്‍കാനാണ് ആലോചന. പദ്ധതി തയാറാക്കിയശേഷം സര്‍ക്കാര്‍ അന്തിമ തീരുമാനമെടുക്കും. ഇപ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് യാതൊരു സുരക്ഷാ ഇന്‍ഷുറന്‍സ് പദ്ധതികളും നിലവിലില്ല.
എന്നാല്‍ ചില സ്വകാര്യ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളെ മാനേജ്‌മെന്റുകള്‍ സ്വന്തം നിലയ്ക്ക് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നുണ്ട്. ഇതിനുള്ള പ്രീമിയം തുക വിദ്യാര്‍ഥികളെ ചേര്‍ക്കുന്ന സമയത്തുതന്നെ അധികൃതര്‍ കൈപ്പറ്റുകയും ചെയ്യും. എന്നാല്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയില്‍ വിദ്യാര്‍ഥികള്‍ യാതൊരു തുകയും ഒടുക്കേണ്ടിവരില്ല. പദ്ധതി നടപ്പാക്കുന്നതു സംബന്ധിച്ച നിര്‍ദേശം വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.പി.എം മുഹമ്മദ്ഹനീഷിന് നല്‍കിയിട്ടുണ്ട.് ഇതിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പ് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താനുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. വിദ്യാര്‍ഥികളുടെ ആരോഗ്യസുരക്ഷയ്ക്കും ചികിത്സയ്ക്കും കുടുംബങ്ങളിലെ സാമ്പത്തിക പ്രയാസം തടസമാകരുതെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പദ്ധതിയുമായി സര്‍ക്കാര്‍ മുന്നിട്ടിറങ്ങുന്നത്. പദ്ധതി യഥാര്‍ഥ്യമായാല്‍ രാജ്യത്തുതന്നെ ഇത്തരം പദ്ധതി നടപ്പാക്കുന്ന ആദ്യ സംസ്ഥാനമാകും കേരളം. അതേസമയം, 24 ടെക്‌നിക്കല്‍ സ്‌കൂളിലെ 4,500ഓളം വിദ്യാര്‍ഥികളും 14 റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ 1,200 വിദ്യാര്‍ഥികളുമുള്‍പ്പെടെ അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ പഠിക്കുന്ന 4,60,153 വിദ്യാര്‍ഥികള്‍ക്ക് ഇന്‍ഷുറന്‍സിന്റെ ഗുണം ലഭിക്കില്ല. പൊതു വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു നീക്കത്തിന് സര്‍ക്കാര്‍ മുന്നിട്ടിറങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."