കരാറുകാരന്‍ പണി എടുത്തില്ലെങ്കില്‍ ഗുണഭോക്തൃ സമിതിക്ക് പണി ഏറ്റെടുത്തു ചെയ്യാം
കിളിമാനൂര്‍: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ മരാമത്ത് പ്രവര്‍ത്തികള്‍ ടെണ്ടര്‍, റീ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷവും പ്രവര്‍ത്തികള്‍ ഏറ്റെടുക്കുന്നതിന് കരാറുകാര്‍ തയാറാകാത്ത സാഹചര്യത്തില്‍ ഗുണഭോക്തൃ കമ്മിറ്റിക്ക് പണിഏറ്റെടുത്തു ചെയ്യാമെന്ന് സര്‍ക്കാര്‍ ഉത്തരവായി.
കഴിഞ്ഞ മാസം 19ന് കൂടിയ വികേന്ദ്രീകൃതാസൂത്രണ സംസ്ഥാന തല കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ തീരുമാന പ്രകാരമാണ് സര്‍ക്കാര്‍ പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.20 ലക്ഷം രൂപ വരെയുള്ള പ്രവൃത്തികള്‍ ഗുണഭോക്തൃ സമിതി മുഖേന നിര്‍വഹണം നടത്തുന്ന കാര്യം പരിഗണിക്കാമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.
സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ 2017 ഡിസംബര്‍ അവസാനത്തോടെ 70 ശതമാനം പദ്ധതി വിഹിതം ചെലവിടണം എന്നായിരുന്നു സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നത്. എന്നാല്‍ ഇതുവരെ 30 ശതമാനം പോലും എത്തിയില്ലെന്നുള്ളതാണ് വസ്തുത. ഒട്ടു മിക്ക പഞ്ചായത്തുകളിലും പദ്ധതി വിഹിതത്തിന്റെ 50 ശതമാനവും നിര്‍മാണ പ്രവര്‍ത്തികള്‍ക്കാണ് ചെലവിടുന്നത്. കഴിഞ്ഞ കാലങ്ങളില്‍ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റി, പി.ടി.എ, അങ്കണവാടി വെല്‍ഫെയര്‍ കമ്മിറ്റി എന്നിവക്ക് പരിധിയില്ലാതെ പദ്ധതി വിഹിതം ചെലവിടാന്‍ അനുമതിയുണ്ടായിരുന്നു. പിന്നീട് അത് 15 ലക്ഷമാക്കി. ഒപ്പം അഞ്ച് ലക്ഷം രൂപ വരെയുള്ള മരാമത്ത് പ്രവൃത്തികള്‍ ഗുണഭോക്തൃ സമിതി ചെയ്യുന്നതിന് തടസം ഇല്ലായിരുന്നു. പിണറായി സര്‍ക്കാര്‍ വന്നശേഷം രാഷ്ട്രീയമായും സര്‍ക്കാര്‍ തലത്തിലും ടെണ്ടര്‍ നടത്തി പണി ചെയ്യണമെന്ന് തീരുമാനമെടുത്തു. ഗുണഭോക്തൃ സമിതികള്‍ അഴിമതി നടത്തുമെന്ന ന്യായമാണ് ഇതിന് കണ്ടെത്തിയത്. നോട്ട് നിരോധനവും, ജി.എസ്.ടിയും വന്നതോടെ മരാമത്ത് പ്രവൃത്തികള്‍ ചെയ്യുന്നതില്‍ അവ്യക്തത വരികയും പണികള്‍ ഏറ്റെടുക്കുന്നതിന് കരാറുകാര്‍ തയാറാകാത്ത സാഹചര്യവുമുണ്ടായി. ഇതോടെ പദ്ധതി വിഹിതം ചെലവിടാന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല. മാര്‍ച്ച് അവസാനിച്ചാലും മരാമത്ത് പണികള്‍ ഇക്കുറി തീര്‍ക്കാനും പദ്ധതി വിഹിതം ചെലവിടാനും കഴിയാത്ത അവസ്ഥയിലേക്ക് എത്തി. റീ ടെണ്ടര്‍ ചെയ്ത പ്രവൃത്തികള്‍ ഇനി ഗുണഭോക്തൃ സമിതിക്ക് കൈമാറണമെങ്കില്‍ തന്നെ പ്രോജക്റ്റ്, എസ്റ്റിമേറ്റ് ഇവ റിവൈസ് ചെയ്തു വരണം. അത് എന്ന് തീരുമെന്ന് കണ്ടു തന്നെ അറിയണം. വികേന്ദ്രീകൃതാസൂത്രണ സംസ്ഥാന തല കോര്‍ഡിനേഷന്‍ കമ്മിറ്റിക്ക് ആസൂത്രണമില്ലെന്നാണ് തദ്ദേശ സ്ഥാപങ്ങളുമായി ബന്ധപ്പെട്ടവര്‍ ഉന്നയിക്കുന്ന ആക്ഷേപം. ഈ തീരുമാനം നേരത്തെ എടുത്തിരുന്നെങ്കില്‍ 70 ശതമാനം പദ്ധതി വിഹിതം ഇപ്പോള്‍ ചെലവിടാമായിരുന്നു എന്ന് മാത്രമല്ല ജോലി ഭാരം വളരെ കുറയുകയും ചെയ്യുമായിരുന്നു. വെളുക്കാന്‍ തേച്ച് പാണ്ടായ അവസ്ഥയിലാണ് മരാമത്ത് പ്രവര്‍ത്തികളുടെ ഇപ്പോഴത്തെ അവസ്ഥ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."