നാല് സെന്റ് നാലായി പകുത്തപ്പോള്‍ കുടുംബം ഒന്നായി
തിരുവനന്തപുരം: നാലു സെന്റ് ഭൂമി മക്കള്‍ക്ക് വീതം വച്ച് ബാക്കിയുള്ള അരസെന്റിലെ വീട്ടില്‍ സ്വസ്ഥമായി ജീവിക്കാമെന്ന് മാതാവ്. അമ്മയെ സംരക്ഷിക്കാന്‍ ഒരുക്കമല്ലെങ്കില്‍ വയോജന സംരക്ഷണ നിയമം വേണ്ടി വരുമെന്ന് മക്കളോട് വനിതാ കമ്മിഷന്‍. സംഭവിച്ചതൊക്കെ കഴിഞ്ഞെന്നും ഇനി സന്തോഷത്തോടെ കഴിയാമെന്നും മൂന്നു പെണ്‍മക്കളും ഒരു മകനും സമ്മതിച്ചതോടെ അമ്മക്കും തൃപ്തിയായി.
ഇന്നലെ തൈക്കാട് റസ്റ്റ്ഹൗസില്‍ നടന്ന മെഗാ അദാലത്തിലാണ് സാന്ത്വന വാക്കുകള്‍ കൊണ്ടും നിയമത്തെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തല്‍ കൊണ്ടും കുടുംബ പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കിയത്.
പരിഗണനക്ക് വന്ന 150 കേസുകളില്‍ 64 എണ്ണത്തില്‍ ഇന്നലെ തീര്‍പ്പായി.
വെഞ്ഞാറമൂട് കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ ജീവനക്കാരികളെ പഞ്ചായത്ത് ജീവനക്കാര്‍ ആക്ഷേപിക്കുകയും പ്രയാസപ്പെടുത്തുകയും ചെയ്യുന്നുവെന്ന പരാതി കമ്മിഷന് മുന്നിലെത്തി. ജീവനക്കാര്‍ക്ക് അസഹ്യമാംവിധം ഡിപ്പോയോട് ചേര്‍ന്ന് പൊതുശുചിമുറി സ്ഥാപിച്ചതും കമ്മിഷന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നു. സംഭവത്തില്‍ വെഞ്ഞാറമൂട് പൊലിസ് സ്റ്റേഷനില്‍ കേസുള്ളതിനാല്‍ പൊലിസ് റിപ്പോര്‍ട്ട് കിട്ടിയ ശേഷം തുടര്‍ നടപടി സ്വീകരിക്കാന്‍ തീരുമാനമായി.
വളരെക്കാലമായി അടുത്തിടപഴകിയിരുന്ന അയല്‍ക്കാര്‍ കമ്മിഷന് മുന്നിലെത്തിയത് വീടുകള്‍ക്കിടയിലുള്ള മരത്തിന്റെ ചില്ലകളെ ചൊല്ലിയായിരുന്നു. കേസുകൊണ്ട് പരിഹരിക്കാനാകാത്തത് പരസ്പരം സംസാരിച്ചാല്‍ തീരുമെന്നതിന് തെളിവായി ഈ കേസ്.
മരം വളര്‍ന്നോട്ടെ നമുക്കിടയിലെ ചില്ലകള്‍ വെട്ടിമാറ്റി പഴയതുപോലെ സഹകരിക്കാന്‍ തീരുമാനിച്ച് ഇരുകൂട്ടരും പിരിഞ്ഞു. വയോവൃദ്ധനെതിരേ പീഡന പരാതിയുമായി യുവതി അദാലത്തില്‍ എത്തിയെങ്കിലും അതില്‍ കഴമ്പുണ്ടോയെന്ന് അന്വേഷിക്കാന്‍ കമ്മിഷന്‍ ഉത്തരവിട്ടു. 77 കേസുകള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി.
ആറ് കേസുകളില്‍ പൊലിസ് റിപ്പോര്‍ട്ട് തേടാനും മൂന്ന് കേസുകളില്‍ ദമ്പതികള്‍ക്ക് കൗണ്‍സിലിങ് നല്‍കാനും തീരുമാനിച്ചു. അംഗങ്ങളായ ഇ.എം രാധ, അഡ്വ. ഷിജി ശിവജി, ഷാഹിദാ കമാല്‍, അഡ്വ. എം.എസ് താര, ഡയരക്ടര്‍ വി.യു കുര്യാക്കോസ് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."