ശബരിമല തീര്‍ഥാടനത്തിന് ഇന്ന് തുടക്കം; മുന്നൊരുക്കങ്ങളില്‍ വീഴ്ച
കൊട്ടാരക്കര: ശബരിമലയ്ക്കുള്ള തീര്‍ഥാടന പ്രവാഹത്തിന് ഇന്ന് തുടക്കമാകും.
തീര്‍ഥാടകര്‍ക്കുള്ള അടിസ്ഥാന സൗകര്യം ഒരുക്കുന്നതില്‍ കൊട്ടാരക്കരയിലെ വിവിധ സര്‍ക്കാര്‍ വകുപ്പുകളും നഗരസഭയും ഉദാസീനതയിലാണ്.
ഇതുമൂലം കൊട്ടാരക്കര വഴി കടന്നു പോകുന്ന തീര്‍ഥാടകര്‍ ഇക്കുറിയും ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരും.
ശബരിമലയ്ക്കുള്ള പ്രധാന പാതയാണ് കൊട്ടാരക്കര വഴി കടന്നുപോകുന്ന എം.സി.റോഡ്. തമിഴ് നാട്ടില്‍ നിന്നും, തിരുവനന്തപുരം ജില്ലയില്‍നിന്നും ആയിരക്കണക്കിന് തീര്‍ഥടകരാണ് ഇതു വഴി കടന്നുപോകുന്നത്.
ഭക്ഷണത്തിനും, വിശ്രമത്തിനും ഇവര്‍ പ്രധാനമായി ആശ്രയിക്കുന്നത് കൊട്ടാരക്കര ടൗണിനെയാണ്.
എന്നാല്‍ ഭക്ഷണകാര്യത്തില്‍ വില നിയന്ത്രണവും ശുചിത്വവും ഏര്‍പ്പെടുത്തുന്നതിന് ഇതിനായി ബന്ധപ്പെട്ട വകുപ്പുകളോ നഗരസഭയോ നടപടി സ്വീകരിച്ചിട്ടില്ല.
തീര്‍ഥാടന കാലത്ത് തീവെട്ടി കൊള്ളയാണ് പല ഹോട്ടലുകളിലും നടന്നുവരുന്നത്.
കൂട്ടമായി എത്തുന്ന തീര്‍ഥടാകര്‍ കള്ളക്കണക്ക് നല്‍കി പറ്റിക്കുന്ന ഏര്‍പ്പാടുകളും മുന്‍ കാലങ്ങളില്‍ ഉണ്ടായിട്ടുണ്ട്.
പല ഹോട്ടലുകളിലേയും പിന്നാമ്പുറങ്ങള്‍ മലീമസമാണ്. മലിന ജലത്തിലും ഉപഭോഗവും നടന്നു വരുന്നുണ്ട്.
വെജിറ്റേറിയന്‍ ഹോട്ടലുകളിലാണ് ഏറ്റവും അധികം വില കൊള്ള നടന്നുവരുന്നത്. ഇപ്പേള്‍ തന്നെ ഒരു ചായക്കും വടയ്ക്കും 25 രുപ ഇടാക്കി വരുന്നു. തീര്‍ഥാടന കാലത്ത് വില ഇനിയും കൂടും.
നഗരസഭ ആയിട്ടും പുലമണ്‍ കവലയില്‍ ഒരു പൊതു ശൗചാലയം നിര്‍മിക്കാന്‍ നഗരസഭയ്ക്ക് കഴിഞ്ഞിട്ടില്ല.
വില കൊള്ളയും വിശ്രമസൗകര്യവും ഇല്ലാത്തതിനാല്‍ മുന്‍ വര്‍ഷം തീര്‍ഥാടാകര്‍ കൊട്ടാരക്കരയെ ഉപേക്ഷിച്ച മട്ടായിരുന്നു. വ്യാപാര മേഖലയെ ഇത് കാര്യമായി ബാധിച്ചിരുന്നു.
എന്നിട്ടും ഇക്കുറിയും അധികൃതര്‍ മൗനം പാലിക്കുകയാണ്.
എം. സി റോഡിന്റെ സ്ഥിതി പലയിടത്തും പരിതാപകരമാണ്. ടൗണില്‍ പോലും ഓടകള്‍ക്ക് മൂടിയില്ല.
മഴപെയ്താല്‍ വെള്ളക്കെട്ടാകുന്ന ഭാഗങ്ങള്‍ നിരവധിയാണ്. എം.സി.റോഡിന്റെ അടുത്ത ഘട്ട വികസനം ഉടന്‍ ആരംഭിക്കുമെന്ന പ്രഖ്യാപനം ഉണ്ടായിരുന്നെങ്കിലും ഇപ്പോഴും നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി വരുന്നതേയുള്ളൂ.
റൂറല്‍ പൊലിസ് ജില്ലയില്‍ നിന്നും ഓഫിസര്‍മാര്‍ അടക്കമുള്ള പൊലിസ് ഉദ്യോഗസ്ഥര്‍ ശബരിമല ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടിട്ടുണ്ട്. ഇത് മൂലം പൊലിസ് സേനയില്‍ ഉണ്ടാകുന്ന കുറവ് ഗതാഗത നിയന്ത്രണത്തെ ബാധിക്കും.
പകരം സ്‌പെഷ്യല്‍ ഓഫിസര്‍മാരെ നിയോഗിക്കേണ്ട നടപടികളും എങ്ങും എത്തിയിട്ടില്ല.
രാത്രികാല ഗതാഗതം ദുഷ്‌കരമാകും. തീര്‍ഥാടകര്‍ക്കും വാഹനം ഓടിക്കുന്നവര്‍ക്കും രാത്രികാലത്ത് ചുക്കു കാപ്പി നല്‍കുന്നതിനുള്ള ഒരുക്കങ്ങളും നടന്നിട്ടില്ല. വാഹനാപകടങ്ങള്‍ കുറയ്ക്കുന്നതിനുള്ള നടപടി ആയിരുന്നു ഇത്.
ഈ ആവശ്യങ്ങള്‍ക്കുള്ള ഫണ്ട് ഇനിയും എത്തിചേര്‍ന്നിട്ടില്ലെന്നാണ് അറിയുന്നത്.
ശബരിമല തീര്‍ഥാടകര്‍ക്കുള്ള പ്രധാന ഇടത്താവളമാണ് കൊട്ടാരക്കര ഗണപതി ക്ഷേത്രം. ഇവിടെയും സര്‍ക്കാര്‍ വകുപ്പുകളുടെ തിരിഞ്ഞുനോട്ടം ഉണ്ടായിട്ടില്ല.
എല്ലാ ദിവസവം അന്നദാനം നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ ക്ഷേത്രകമ്മിറ്റിയും ഭക്തജനങ്ങളും ഒരുക്കിയിട്ടുണ്ട്.
കൊട്ടാരക്കര കെ.എസ്.ആര്‍.ടി സി ഡിപ്പോയില്‍ തീര്‍ഥാടകര്‍ക്കുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി ഡി.ടി.ഒ ഇ.ഉദയകുമാര്‍ അറിയിച്ചു.
ശബരിമല സ്‌പെഷ്യല്‍ ആയി ഇപ്പോള്‍ ഒന്‍പത് വണ്ടികള്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. ഓച്ചിറ പന്ത്രണ്ടു വിളക്ക് കഴിഞ്ഞ് മകരവിളക്ക് കാലത്തും അധികം വണ്ടികള്‍ എത്തിച്ചേരും.
യാത്രക്കാര്‍ എത്തിച്ചേര്‍ന്നാല്‍ പമ്പയ്ക്ക് എപ്പോഴും ബസ് തയാറായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
കൊട്ടാരക്കരയില്‍ നിന്നും പമ്പയ്ക്ക് ഫാസ്റ്റ് പാസഞ്ചറില്‍ 98 രുപയും സൂപ്പര്‍ ഫാസ്റ്റില്‍ 106 രുപയുമായിരിക്കും നിരക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."