നടപ്പാതയിലെ അനധികൃത പാര്‍ക്കിങ്ങ്; കൊച്ചി നഗരത്തിലെ കാല്‍നട യാത്രക്കാര്‍ ദുരിതത്തില്‍
കൊച്ചി: നഗരത്തിലെ നടപ്പാതകളിലെ അനധികൃത പാര്‍ക്കിങ് കാല്‍നടയാത്രക്കാര്‍ക്ക് ദുരിതമാകുന്നു. കൊച്ചി നഗരത്തിലെ പ്രധാന സ്ഥലമായ മറൈന്‍ ഡ്രൈവ്, മേനക, ജെട്ടി തുടങ്ങിയ സ്ഥലങ്ങളിലെ അനധികൃത പാര്‍ക്കിങാണ് കാല്‍നടയാത്രക്കാര്‍ക്ക് ശല്യമാകുന്നത്. മേനകയിലെ അനധികൃത പാര്‍ക്കിങ് മൂലം അപകടങ്ങളും പതിവാണ്. മേനകയില്‍ നിന്നും കലൂര്‍ ഭാഗത്തേക്കുള്ള ബസുകള്‍ നിര്‍ത്തുന്ന ബസ് സ്‌റ്റോപ്പിനു പിന്നിലുള്ള നടപ്പാതയിലാണ് ഇത്തരത്തില്‍ അനധികൃതമായി ബൈക്കുകള്‍ പാര്‍ക്ക് ചെയ്തിരിക്കുന്നത്. ഇതോടെ ബസില്‍ കയറാനെത്തുന്നവരും ബസില്‍ നിന്നിറങ്ങുന്നവരും റോഡിലൂടെയാണ് മറ്റിടങ്ങളിലേക്ക് നടന്നുപോകുന്നത്.
പ്രൈവറ്റ് ബസുകളുടെ മരണപ്പാച്ചിലുകളാല്‍ നിരവധി അപകടങ്ങളാണ് ഇവിടങ്ങളില്‍ ദിനംപ്രതി നടക്കുന്നത്. നടപ്പാതയില്‍ ബൈക്കുകള്‍ പാര്‍ക്ക് ചെയ്തിരിക്കുന്നതിനാല്‍ കാല്‍നട യാത്രക്കാര്‍ റോഡിന്റെ അരിക്‌ചെര്‍ന്ന് നടക്കേണ്ട അവസ്ഥയിലാണ്. മത്സരിച്ചോടുന്ന ബസുകള്‍ ഏതെങ്കിലും ഒരു സാഹചര്യത്തില്‍ റോഡിന്റെ അരിക് ചേര്‍ക്കേണ്ടി വന്നാല്‍ അതുവഴി നടന്നുപോകുന്നവരുടെ ജീവന് തന്നെ ഭീഷണിയാകും.
അനധികൃത ബൈക്കുകള്‍ പാര്‍ക്ക് ചെയ്തിരിക്കുന്നതിന്റെ തൊട്ടടുത്തുതന്നെ പേ ആന്‍ഡ് പാര്‍ക്ക് സൗകര്യമുണ്ടായിട്ടും ബൈക്ക് യാത്രികര്‍ അതുപയോഗിക്കുന്നില്ലെന്നാണ് കാല്‍നട യാത്രക്കാര്‍ പറയുന്നു. ഏത് കടയിലാണോ കയറേണ്ടത് അതിനു മുന്നില്‍ മാത്രമെ തന്റെ വാഹനം പാര്‍ക്ക് ചെയ്യൂവെന്ന നിലപാട് പ്രതിഷേധാര്‍ഹമാണ്. ബൈക്ക് യാത്രികര്‍ അവരുടെ സൗകര്യം നോക്കുന്നതുപോലെ കാല്‍നട യാത്രക്കാര്‍ അവരുടെ സൗകര്യം കൂടി നോക്കിയാല്‍ നിലവില്‍ റോഡുകളിലൂടെ നല്ല രീതിയില്‍ വാഹനങ്ങള്‍ പോകില്ല എന്നുള്ളതാണ് വാസ്തവം. എന്നാല്‍ പേ ആന്‍ഡ് പാര്‍ക്കിങിലേത് മിതമായ നിരക്കല്ലതാനും. പത്ത് മിനിറ്റാണെങ്കിലും കുറഞ്ഞത് എട്ട് രൂപ ബൈക്കുകള്‍ക്കായി ഈടാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇവിടങ്ങളില്‍ പാര്‍ക്ക് ചെയ്യാന്‍ ബൈക്ക് യാത്രികരാരും മുതിരാറുമില്ല.
ബൈക്കുകള്‍ അനധികൃതമായി പാര്‍ക്ക് ചെയ്തിരിക്കുന്നതിന്റെ എതിര്‍വശമായ പെന്റാ മേനകയുടെ പരിസരങ്ങള്‍ സ്ഥിരമായി പൊലിസിന്റെ നിരീക്ഷണത്തിലാണ്.
അനധികൃതമായി പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങള്‍ക്കെതിരെ നടപടിയെടുക്കാനും പെറ്റി കേസ് ചാര്‍ജ് ചെയ്യാനുമായാണ് പൊലിസ് സംഘം ഈ പരിസരത്ത് സ്ഥിരമായി വിന്യസിക്കാറുള്ളത്. എന്നാല്‍ നോക്കിയാല്‍ കണ്ണെത്തുന്ന ദൂരത്ത് നടക്കുന്ന ഈ അനധികൃത പാര്‍ക്കിങിനെതിരേ ഇതുവരെ യാതൊരുവിധ നടപടിയും സ്വീകരിക്കാന്‍ ഇവര്‍ ഇതുവരെ തയാറായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."