പോക്‌സോ കേസുകള്‍ തീര്‍പ്പാക്കുന്നതില്‍ കാലതാമസം
തിരുവനന്തപുരം: കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം തടയുന്ന നിയമപ്രകാരമുള്ള (പോക്‌സോ) കേസുകള്‍ വ്യാപകമായി കോടതിയില്‍ കെട്ടിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. 2016ലെ സ്ഥിതിവിവര കണക്കുകള്‍ പ്രകാരം പ്രത്യേക കോടതികളിലെ പോക്‌സോ കേസുകള്‍ 4275 ആണ്. ഇതില്‍ വെറും 14.5 ശതമാനമാണ് തീര്‍പ്പാക്കിയിട്ടുള്ളത്. ബാക്കി 3655 കേസുകള്‍ കെട്ടിക്കിടക്കുകയാണെന്ന് കേരള സംസ്ഥാന ബാലാവകാശ കമ്മിഷന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
4275ല്‍ ആകെ തീര്‍പ്പാക്കിയ കേസുകള്‍ 620 എണ്ണമാണ്. ഇതില്‍ തന്നെ വെറും 73 കേസുകളില്‍ മാത്രമാണ് ശിക്ഷിച്ചിട്ടുള്ളത്. 484 കേസുകളിലെ പ്രതികളെ വെറുതെ വിട്ടതായും റിപ്പോര്‍ട്ടിലുണ്ട്. ഒത്തുതീര്‍പ്പായ കേസുകളുടെ എണ്ണം 58 ആണ്. 23 കേസുകളില്‍ നഷ്ടപരിഹാരം അനുവദിച്ചു.
പോക്‌സോ ആക്ട് പ്രകാരം കേസുകള്‍ തീര്‍പ്പാക്കുന്നതിലുള്ള കാലതാമസം സംബന്ധിച്ച് ബാലാവകാശ കമ്മിഷന്റെ ആശങ്കകള്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. ഇരകള്‍ക്കുള്ള നഷ്ടപരിഹാര സ്‌കീമിനെ കുറിച്ചുള്ള ബോധവല്‍ക്കരണം സംബന്ധിച്ചും, കോടതികളിലെ ബാലസൗഹൃദാന്തരീക്ഷം മെച്ചപ്പെടുത്തുന്നതു സംബന്ധിച്ചുമുള്ള ആശങ്കകളും ഹൈക്കോടതിയെ അറിയിച്ചതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
അതേസമയം, സംസ്ഥാനത്ത് കുട്ടികള്‍ വീടുകളില്‍ പോലും സുരക്ഷിതരല്ലെന്ന് വ്യക്തമാക്കുന്നതാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ പോക്‌സോ കേസുകള്‍ ഇരട്ടിയിലധികം വര്‍ധിച്ചതായാണ് കണക്കുകള്‍. 2016ല്‍ മാത്രം സംസ്ഥാനത്ത് 2093 പോക്‌സോ കേസുകളാണ് പൊലിസില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പ്രതികളായ 2,491 പേരില്‍ 1,666 പേരെ കുട്ടികള്‍ക്ക് അടുത്തറിയാമെന്നതാണ് ഞെട്ടിക്കുന്ന വസ്തുത.
2013ല്‍ 1002 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ 2016ല്‍ ഇത് ഇരട്ടിയിലേറെ വര്‍ധിച്ചു.
കുടുംബാംഗങ്ങളില്‍ അച്ഛന്‍, രണ്ടാനച്ഛന്‍, സഹോദരന്‍, അമ്മ, വളര്‍ത്തച്ഛന്‍, അര്‍ധസഹോദരന്‍, മുത്തച്ഛന്‍, അമ്മാവന്‍ തുടങ്ങിയവരും ഇത്തരം കേസുകളില്‍ പ്രതികളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2013 മുതല്‍ 2016 വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകള്‍
2013 1002
2014 1380
2015 1569
2016 2093
കുറ്റകൃത്യത്തിനിരയായ കുട്ടികളും പ്രതികളും തമ്മിലുള്ള ബന്ധം
(എണ്ണം ബ്രാക്കറ്റില്‍ )
അയല്‍ക്കാര്‍ (646)
കുടുംബാംഗങ്ങള്‍ (197)
ബന്ധുക്കള്‍ (164)
വാന്‍, ഓട്ടോ ഡ്രൈവര്‍മാര്‍ (62)
കമിതാക്കള്‍ (56)
സുഹൃത്തുക്കള്‍ (289)
അധ്യാപകര്‍ (68)
പരിചയക്കാര്‍ (181)
2016ല്‍ നടന്ന കുറ്റകൃത്യങ്ങള്‍
തിരുവനന്തപുരം 256
കൊല്ലം 180
പത്തനംതിട്ട 85
ആലപ്പുഴ 83
കോട്ടയം 114
ഇടുക്കി 103
എറണാകുളം 217
തൃശൂര്‍ 190
പാലക്കാട് 123
മലപ്പുറം 241
കോഴിക്കോട് 169
വയനാട് 92
കണ്ണൂര്‍ 142
കാസര്‍കോട് 96
റെയില്‍വേ 2
ആകെ 2093
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."