അന്വേഷണത്തില്‍ പൊലിസിന് സുപ്രിം കോടതിയുടെ വിമര്‍ശനം: നെഹ്റു ഗ്രൂപ്പ് ഉടമ കൃഷ്ണദാസിന്റെ ജാമ്യത്തില്‍ ഇളവില്ല
ന്യൂഡല്‍ഹി: പാമ്പാടി കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയ് ദുരൂഹസാഹചര്യത്തില്‍ മരിക്കുകയും ലക്കിടി കോളജിലെ ഷഹീര്‍ ഷൗക്കത്തലിക്ക് മര്‍ദനമേല്‍ക്കുകയും ചെയ്ത കേസുകളിലെ പ്രതി നെഹ്റു ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ഉടമ കൃഷ്ണദാസിന്റെ ജാമ്യവ്യവസ്ഥയില്‍ സുപ്രിം കോടതി ഇളവ് നല്‍കിയില്ല. കേരളത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കണമെന്ന കൃഷ്ണദാസിന്റെ ആവശ്യം തള്ളിയ ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ രണ്ടംഗ ബെഞ്ച്, അദ്ദേഹത്തിനു നല്കിയ ജാമ്യം തുടരുമെന്ന് വ്യക്തമാക്കി. കൃഷ്ണദാസിനെ വനത്തിലേക്കല്ല അയച്ചതെന്നും കേരളത്തിന്റെ അയല്‍ സംസ്ഥാനമായ തമിഴ്നാട്ടിലേക്കാണ് അയച്ചതെന്നും ഹരജി തള്ളിക്കൊണ്ട് ജസ്റ്റിസ് രമണ പറഞ്ഞു.
അതേസമയം, രണ്ടുകേസുകളിലെയും അന്വേഷണ ഉദ്യോഗസ്ഥര്‍ ഇന്നലെ കോടതിയില്‍ നേരിട്ട് ഹാജരായി. അന്വേഷണ ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ച കേസ് ഡയറി കോടതിപരിശോധിച്ചു. ഇതിനിടെ ഇന്നലെയും സി.ബി.ഐയെയും പൊലിസിനെയും കോടതി വിമര്‍ശിച്ചു. കേസില്‍ പ്രാഥമിക പരിശോധന പോലും നടത്താത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ചാണ് കോടതി സി.ബി.ഐയെ വിമര്‍ശിച്ചത്. ജിഷ്ണു കേസിന്റെ അന്വേഷണം ഏറ്റെടുക്കാനാവില്ലെന്ന സി.ബി.ഐയുടെ നിലപാടില്‍ അതൃപ്തി അറിയിച്ച കോടതി, ഗൗരവമില്ലാത്ത ഏതെങ്കിലും കേസ് സി.ബി.ഐക്കു സംസ്ഥാന സര്‍ക്കാര്‍ കൈമാറുമോയെന്ന് ആരാഞ്ഞു. സ്വതന്ത്ര ഏജന്‍സി അന്വേഷിക്കേണ്ട പ്രത്യേക സാഹചര്യങ്ങളിലാണ് കേസ് സി.ബി.ഐ ഏറ്റെടുക്കാറുള്ളത്. ആ സാഹചര്യം എന്താണെന്ന് എന്തുകൊണ്ട് സി.ബി.ഐ പരിശോധിച്ചില്ലെന്ന് കോടതി ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."