അസ്‌ലം വധം: അക്രമികള്‍ ഉപയോഗിച്ച കാര്‍ വടകരയില്‍ കണ്ടെത്തി
വടകര: നാദാപുരം ചാലപ്പുറത്തെ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കാളിയറമ്പത്ത് മുഹമ്മദ് അസ്‌ലം വെട്ടേറ്റു മരിച്ച സംഭവത്തില്‍ കൊലയാളിസംഘം ഉപയോഗിച്ച കാര്‍ കണ്ടെത്തി. വടകര സഹകരണാശുപത്രിക്കു സമീപത്ത് ഉപേക്ഷിച്ച കെ.എല്‍ 13 സെഡ് 9091 നമ്പര്‍ ഇന്നോവ കാര്‍ പൊലിസ് കസ്റ്റഡിയിലെടുത്തു. കാറിന്റെ മുന്‍ഭാഗം തകര്‍ന്ന നിലയിലാണ്. കാറില്‍ രക്തക്കറയും മദ്യക്കുപ്പികളും ട്രാക്ക് സ്യൂട്ടുകളും കണ്ടെത്തി.
കേസിലെ ദൃക്‌സാക്ഷിയും കൊല്ലപ്പെട്ട അസ്‌ലമിന്റെ സുഹൃത്തുമായ ഷാഫി നല്‍കിയ നമ്പര്‍ തന്നെയാണ് ഈ കാറിന്റേതെന്നും അന്വേഷണത്തില്‍ വ്യക്തമായി. അക്രമികള്‍ ഉപയോഗിച്ച കാര്‍ തന്നെയാണ് ഇതെന്ന് അന്വേഷണത്തിനു നേതൃത്വം നല്‍കുന്ന നാദാപുരം എ.എസ്.പി കറുപ്പസ്വാമി സ്ഥിരീകരിച്ചു. അന്വേഷണ സംഘത്തിലെ കുറ്റ്യാടി സി.ഐ സജീവന്‍ കാര്‍ പരിശോധിച്ചു. ആശുപത്രിക്കു സമീപത്തെ ഗ്രൗണ്ടിലാണ് കാര്‍ കിടന്നിരുന്നത്. ഞായറാഴ്ച ഉച്ചതിരിഞ്ഞാണ് കാറിനെകുറിച്ച് പുറംലോകം അറിയുന്നത്. സ്ഥലത്തെത്തിയ പൊലിസ് വാഹനം പ്രത്യേക വലയത്തിലാക്കി. വിരലടയാള വിദഗ്ധരും ബോംബ് സ്‌ക്വാഡും പരിശോധന നടത്തി. അക്രമിസംഘമെത്തിയ കാറിന്റെ ആര്‍.സി ഉടമയെ നേരത്തെ പൊലിസ് തിരിച്ചറിഞ്ഞിരുന്നു. കോഴിക്കോട് ബേപ്പൂര്‍ സ്വദേശിയാണ് ആര്‍.സി ഉടമ. രണ്ടുവര്‍ഷം മുന്‍പ് കാര്‍ മറിച്ചുവിറ്റുവെന്ന് ഇയാള്‍ പൊലിസില്‍ മൊഴിനല്‍കി.
അതേസമയം, വാഹനം രണ്ടോ മൂന്നോ തവണ കൈമാറ്റം ചെയ്തതായാണ് വിവരം. വാഹനം അവസാനം വാങ്ങിയ വ്യക്തിയെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. കാര്‍ കണ്ടെത്തിയത് അന്വേഷണത്തിന് സഹായകരമാവും. പ്രതികളെ എത്രയും വേഗം പിടികൂടാനാവുമെന്നാണ് അന്വേഷണസംഘം കരുതുന്നത്.
പരിശീലനം ലഭിച്ച കൊലയാളികളാണ് സംഭവത്തിനു പിന്നിലെന്നാണ് പൊലിസിന്റെ നിഗമനം. വെള്ളിയാഴ്ച വൈകിട്ട് അഞ്ചേകാലോടെ ചാലപ്പുറം വെള്ളൂര്‍ റോഡില്‍ ചക്കരക്കണ്ടിക്കു സമീപംവച്ചാണ് അസ്‌ലമിനെ ആക്രമിച്ചത്.
അസ്‌ലമിന്റെ കൂടെ യാത്ര ചെയ്തിരുന്ന രണ്ടു സുഹൃത്തുക്കളാണ് കേസിലെ ദൃക്‌സാക്ഷികള്‍. ഷിബിന്‍ വധക്കേസില്‍ വെറുതേവിട്ടതുമുതല്‍ ഭീഷണിയുള്ളതിനാല്‍ അസ്‌ലം തനിച്ച് യാത്ര ചെയ്യാറുണ്ടായിരുന്നില്ല. രണ്ടു സുഹൃത്തുക്കളോടൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യുമ്പോഴായിരുന്നു അക്രമം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."