പപ്പുവല്ല, പകരം യുവരാജ്: ഗുജറാത്തില്‍ രാഹുലിന്റെ 'പേര് മാറ്റി'
അഹമ്മദാബാദ്: തെരഞ്ഞെടുപ്പുകമ്മിഷന്റെ ശക്തമായ നിലപാടിനെതുടര്‍ന്ന് രാഹുല്‍ ഗാന്ധിയെ അവഹേളിച്ചുകൊണ്ട് പപ്പു എന്നുള്ള പരാമര്‍ശം ബി.ജെ.പി നീക്കി. പകരം യുവരാജ് എന്നാണ് നല്‍കിയത്. ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി തയാറാക്കിയ ഡോക്യുമെന്ററിയിലാണ് രാഹുല്‍ ഗാന്ധിയെ 'പപ്പു'എന്ന് അഭിസംബോധന ചെയ്തുകൊണ്ടുള്ള വിവാദ പരാമര്‍ശം നടത്തിയത്. 48 സെക്കന്റ് നീണ്ടുനില്‍ക്കുന്ന വിഡിയോ ബി.ജെ.പിയുടെ ഫേസ് ബുക്ക് പേജിലാണ് നല്‍കിയത്. ഇതിനെതിരേ ശക്തമായ നിലപാട് സ്വീകരിച്ച തെരഞ്ഞെടുപ്പ് കമ്മിഷന്‍ അവഹേളിക്കുന്ന തരത്തിലുള്ള പരാമര്‍ശം ഒഴിവാക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് ഇത് നീക്കി പകരം യുവരാജ് എന്ന് ചേര്‍ത്തത്.
യുവരാജ് വരുന്നുണ്ടെന്ന് ഒരു കടക്കാരന്റെ സഹായി പറയുന്നതായിട്ടാണ് വിഡിയോ തുടങ്ങുന്നത്. യുവരാജാവ് വന്ന ശേഷം, ഈ കടയില്‍ നിന്ന് നിങ്ങള്‍ക്ക് എന്തുസാധനവും ലഭിക്കും, എന്നാല്‍ വോട്ട്മാത്രം ലഭിക്കില്ലെന്ന് കടക്കാരന്‍ പറയുന്നതായിട്ടാണ് വിഡിയോ തയാറാക്കിയത്. പപ്പു എന്ന പരാമര്‍ശം വിഡ്ഡിയെന്ന് സൂചന നല്‍കുന്നുണ്ടെന്നും ഒരാളെ പരിഹസിക്കാന്‍ പലപ്പോഴും ഉപയോഗപ്പെടുത്തുന്ന വാക്കാണിതെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ ചൂണ്ടിക്കാട്ടുന്നു. രാഹുല്‍ ഗാന്ധിയെ അവഹേളിക്കാനായി നേരത്തെ തന്നെ ബി.ജെ.പി ഉപയോഗിച്ച വാക്കായിരുന്നു ഇത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."