HOME
DETAILS

സൂപ്പര്‍ ഫുട്‌ബോളിന് ഇന്ന് തുടക്കം; കിക്കോഫ് രാത്രി എട്ടിന്

  
backup
November 17 2017 | 01:11 AM

super-footbal-isl-kickoff-today-night-eight-spm

കൊച്ചി: ഇന്നത്തെ രാവില്‍ കൊച്ചിയുടെ പുല്‍ത്തകിടിയില്‍ സോക്കര്‍ വസന്തത്തിന് പന്തുരുളും. പുതിയ രൂപവും ഭാവവുമായി വരുന്ന കേരള ബ്ലാസ്റ്റേഴ്‌സും അമര്‍ തൊമര്‍ കൊല്‍ക്കത്തയും കഴിഞ്ഞ തവണത്തെ ഫൈനല്‍ പോരിന്റെ ആവര്‍ത്തനമെന്നോളം ആദ്യ കളിയില്‍ നേര്‍ക്കുനേര്‍ വരും. വിജയം കൊണ്ട് ആഘോഷം തീര്‍ക്കാന്‍ മോഹിച്ചു തന്നെയാണ് ശക്തരുടെ വരവ്. കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തം തട്ടകത്തില്‍ പന്ത് തട്ടാന്‍ ഇറങ്ങുന്നത് പുതിയ കരുത്തുമായി. പതിവ് ശൈലികള്‍ വിട്ടു മഞ്ഞപ്പടെ പാടെ മാറി. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ തന്ത്രങ്ങളും കരുത്തുമാണ് ഇന്നത്തെ ബ്ലാസ്റ്റേഴ്‌സിന്റെ കൈമുതല്‍. തന്ത്രജ്ഞന്‍ മാത്രമല്ല വിദേശ- സ്വദേശ പോരാളികളില്‍ ഏറെയും പുതിയ മുഖങ്ങള്‍.
മാഞ്ചസ്റ്ററിന്റെ ഇതിഹാസം ദിമിത്രി ബെര്‍ബറ്റേവും വെസ് ബ്രൗണും. ഐ.എസ്.എല്ലിന്റെ സൂപ്പര്‍ ഹീറോ മലയാളികളുടെ സ്വന്തം ഹ്യൂമേട്ടന്‍ എന്ന കനേഡിയന്‍ ആക്രമണകാരി ഇയാന്‍ ഹ്യൂം. ആഫ്രിക്കന്‍ കരുത്തുമായി ഘാന താരം പെകുസനും നെമിഞ്ച പെസിച്ചും. സന്തോഷ് ജിങ്കനും സി.കെ വിനീതും ഉള്‍പ്പടെ കരുത്തന്‍മാര്‍ക്കൊപ്പം ഇന്ത്യന്‍ യുവരക്തങ്ങളായ അരാറ്റ ഇസുമി, ജാക്കിചന്ദ് സിങ്, ലാല്‍റുവതാര. കരുത്തിലും തന്ത്രങ്ങളിലും മഞ്ഞപ്പട സന്തുലിതമാണ്. ഈ കരുത്തന്‍മാരെ ഒരു പന്തിന് പിന്നാലെ ഒരു മനസോടെ കൂട്ടിയിണക്കുന്ന തന്ത്രജ്ഞനായി റെനെ മ്യൂളെന്‍സ്റ്റീന്‍.
സൂപ്പര്‍ ഫുട്‌ബോളിലെ നാലാം പതിപ്പില്‍ കേരള ബ്ലാസ്റ്റേഴ്‌സ് പടയോട്ടത്തിന് ഒരുങ്ങി കഴിഞ്ഞു. സ്വന്തം തട്ടകത്തില്‍ ബ്ലാസ്റ്റേഴ്‌സ് എ.ടി.കെയെ നേരിടാന്‍ ഇറങ്ങുമ്പോള്‍ കണക്കിലെ കളിയില്‍ എ.ടി.കെയ്ക്ക് തന്നെയാണ് മുന്‍തൂക്കം. മൂന്ന് പതിപ്പുകളിലായി രണ്ട് ഫൈനല്‍ അടക്കം എട്ട് കളികളിലെ അഞ്ചിലും ബ്ലാസ്റ്റേഴ്‌സ് തോറ്റു. ഒരു വിജയവും ഒരു സമനില മാത്രമാണ് ആശ്വാസം. ബ്ലാസ്റ്റേഴ്‌സിന്റെ കിരീട മോഹം രണ്ട് തവണയും തല്ലിക്കെടുത്തിയത് കൊല്‍ക്കത്തയായിരുന്നു. പഴയതെല്ലാം മറന്ന് പുതിയ തുടക്കമാണ് റെനെ മ്യൂളെന്‍സ്റ്റീന്‍ ലക്ഷ്യമിടുന്നത്. ക്ലീന്‍ ഷീറ്റില്‍ കളിച്ചു തുടങ്ങുക. കൊല്‍ക്കത്തയെ തോല്‍പിച്ച് ആദ്യ വിജയവുമായി പടയോട്ടം തുടങ്ങുക.

മാഞ്ചസ്റ്ററിന്റെ തന്ത്രവുമായി
കടലാസിലെ ശക്തര്‍
കടലാസില്‍ റെനെയുടെ ടീം ശക്തരാണ്. ഇനി കളിക്കളത്തില്‍ തെളിയിച്ചാല്‍ മതി. ദിമിത്രി ബെര്‍ബറ്റോവ്, ഇയാന്‍ ഹ്യൂം, സി.കെ വിനീത് എന്നീ മൂവര്‍ സംഘമാണ് ബ്ലാസ്റ്റേഴ്‌സിന്റെ കുന്തമുനകള്‍. മൂന്ന് പതിപ്പുകളിലെ 43 പോരാട്ടങ്ങളില്‍ നിന്ന് 23 തവണ വല കുലുക്കിയ ഹ്യൂമിന്റെ സുവര്‍ണ ബൂട്ടുകളില്‍ തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് പ്രതീക്ഷകള്‍. ഹ്യൂമിനൊപ്പം ബെര്‍ബറ്റോവും കൈകോര്‍ക്കുന്നതോടെ എതിര്‍ ഗോള്‍മുഖം വിറയ്ക്കും. ഹോളണ്ട് താരം മാര്‍ക്ക് സിഫ്‌നിയോസ്, കരണ്‍ സാഹ്‌നി, മലയാളി താരം കെ പ്രശാന്ത് എന്നിവരും ആക്രമണ നിരയിലെ കരുത്താണ്. പ്രതിരോധ നിരയുടെ കരുത്തിനും മാറ്റേറി. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മുന്‍ താരം വെസ് ബ്രൗണ്‍ പ്രതിരോധത്തിലെ തലയെടുപ്പ്. നാലാം പതിപ്പിലും ബ്ലാസ്റ്റേഴ്‌സിന് കരുത്തായി കൂടെയുള്ള സന്തേഷ് ജിങ്കനും മലയാളി താരം റിനോ ആന്റോയും ഐ ലീഗ് ചാംപ്യന്‍മാരായ ഐസ്വാള്‍ എഫ്.സിയുടെ ലാല്‍റുവതാരയും കൂടി കൈകോര്‍ക്കുന്നതോടെ പ്രതിരോധക്കോട്ട ഭദ്രം. ലാല്‍താകിമ, പ്രീതംകുമാര്‍, സാമുവല്‍ ശദപ് എന്നിവരും കൂട്ടായുണ്ട്.
ആഫ്രിക്കന്‍ കരുത്തനായ യുവരക്തം കറേജ് പെകുസന്‍ മധ്യനിരയിലെ സൂപ്പര്‍ താരം. അരാറ്റ ഇസുമി, ജാക്കിചന്ദ് സിങ്, മിലന്‍ സിങ്, സിയാന്‍ ഹംഗല്‍ എന്നിവരാണ് മധ്യനിരയിലെ പ്രമുഖര്‍. കളിമെനയാന്‍ മാത്രമല്ല ആക്രമണകാരിയായും തിളങ്ങുന്ന അരാറ്റ ഇസുമി ബ്ലാസ്റ്റേഴ്‌സിന്റെ കരുത്ത് വര്‍ധിപ്പിക്കുന്നു. സ്‌ട്രൈക്കറായി തിളങ്ങി നില്‍ക്കുന്ന വിനീതിന് ഇന്ന് ദൗത്യം വിങിലായിരുക്കും. വലത് വിങിലൂടെ മിന്നലാക്രമണത്തിന്റെ ചുമതല ജാക്കിചന്ദ് സിങിനാകും.
ഡല്‍ഹി ഡൈനാമോസിന്റെ യൂട്ടിലിറ്റി പ്ലെയറായി തിളങ്ങിയ മിലന്‍ സിങ്, ഐ ലീഗില്‍ ബംഗളൂരു എഫ്.സിക്കും ചെന്നൈയിനും കളിച്ചിട്ടുള്ള സിയാം ഹംഗല്‍ എന്നിവരും മികച്ച താരങ്ങളെന്ന് തെളിയിച്ചവരാണ്. ഗോള്‍ വലയ്ക്ക് മുന്നില്‍ കരുത്തനായി വരുന്നത് ഇംഗ്ലീഷുകാരനായ മാഞ്ചസ്റ്ററിന്റെ ഗോള്‍ കീപ്പറായിരുന്ന പോള്‍ റെച്ചുബ്ക. ഇംഗ്ലീഷ് ഗോളിക്കൊപ്പം സന്ദീപ് നന്ദിയും സുഭാശിഷ് റോയ് ചൗധരിയും ചേരുന്നു.
മുന്‍ സീസണുകളില്‍ നിന്ന് വ്യത്യസ്തമായി സന്തുലിതമായ താര നിരയാണ് ബ്ലാസ്റ്റേഴ്‌സിന്റേത്. റെനെ മ്യൂളെന്‍സ്റ്റീന്റെ ആദ്യ ഇലവനില്‍ ആരൊക്കെ ഇടംപിടിക്കുമെന്ന് കാത്തിരുന്ന് കാണാം. മലയാളി താരമായ വിനീത് ആദ്യ ഇലവനില്‍ എത്തുമെന്ന് ഉറപ്പാണ്. ഗാലറിയില്‍ ആര്‍ത്തുവിളിക്കുന്ന മഞ്ഞപ്പട അനുകൂലികളെ തൃപ്തരാക്കാന്‍ അതുണ്ടായെ പറ്റൂവെന്ന് റെനെ തിരിച്ചറിയുന്നുണ്ട്.

എ.ടി.കെ ലക്ഷ്യം ആക്രമണം
കാല്‍പന്തുകളിയുടെ ചരിത്രമുറങ്ങുന്ന വംഗദേശത്ത് നിന്ന് നാലാം പതിപ്പിലേക്ക് എ.ടി.കെ വരുന്നത് പുതിയ രൂപവും ഭാവവും നാമവുമായാണ്. അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയായി തുടങ്ങി നാലാം പതിപ്പില്‍ ആദ്യം അമ്രാ ടീം കൊല്‍ക്കത്തയും പിന്നീട് അമര്‍ തൊമര്‍ കൊല്‍ക്കത്തയുമായി മാറി. അത്‌ലറ്റിക്കോ മഡ്രിഡുമായുള്ള കൂട്ടുപിരിഞ്ഞതോടെയാണ് എല്ലാം മാറിയത്. സ്പാനിഷ് പടയെന്ന വിശേഷണം വെച്ചൊഴിഞ്ഞ എ.ടി.കെ ഇംഗ്ലീഷുകാരായി മാറി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെയും ടോട്ടനത്തിന്റെയും സൂപ്പര്‍ താരമായിരുന്ന ടെഡി ഷെറിങ്ഹാം പരിശീലനത്തിന്റെ ചുക്കാന്‍ ഏറ്റെടുത്തു.
ഹാട്രിക് കിരീടം സ്വപ്‌നം കാണുന്ന എ.ടി.കെയുടെ പ്രതീക്ഷ ആക്രമണ നിരയുടെ കരുത്തിലാണ്. സീസണിന് പന്തുരുളും മുന്‍പേ പരുക്ക് വില്ലനായത് എ.ടി.കെയെ വല്ലാതെ വലയ്ക്കുന്നുണ്ട്. സൂപ്പര്‍ താരം റോബി കീന്‍ കാല്‍മുട്ടിനേറ്റ പരുക്കുമായി നാട്ടിലേക്ക് മടങ്ങി. ആദ്യ മത്സരങ്ങള്‍ക്ക് കീന്‍ ഉണ്ടാവില്ല. കീന്‍ ഇല്ലെങ്കിലും ഏതു വമ്പന്‍മാരെയും വെല്ലുവിളിക്കാന്‍ കഴിവുള്ള താരനിര എ.ടി.കെയുടെ കരുത്താണ്.
മുന്നേറ്റത്തില്‍ പോര്‍ച്ചുഗീസ് പ്രീമിയേറ ലീഗ് ക്ലബ് നാഷനലില്‍ നിന്ന് കൊല്‍ക്കത്തയ്ക്ക് വന്ന സെക്വീഞ്ഞാ, ഫിന്‍ലന്‍ഡ് താരം ജാസി കുക്കി എന്നിവര്‍ വിദേശ ആക്രമണകാരികളായുണ്ട്. ഇന്ത്യന്‍ താരം റോബിന്‍ സിങും ഐസ്വാള്‍ എഫ്.സി വിങ്ങര്‍ ജയേഷ് റാണെയും കൂട്ടായി വന്നതോടെ പ്രഹര ശേഷി കൂടിയ ആക്രമണ നിരയാണ് കൊല്‍ക്കത്തയുടേത്. പ്രതിരോത്തില്‍ സ്പാനിഷ് താരം ജോര്‍ഡിയും ഇംഗ്ലീഷ് താരം ടോം തോര്‍പ്പും. കൂട്ടായി ഇന്ത്യന്‍ നിരയിലെ കരുത്തരായ പ്രബീര്‍ ദാസ്, കീഗന്‍ പെരേര, നല്ലപ്പന്‍ മോഹന്‍രാജ്, അഗസ്റ്റിന്‍ ഫെര്‍ണാണ്ടസ്, അന്‍വര്‍ അലി, അശുതോഷ് മേത്ത എന്നിവരും പ്രതിരോധത്തില്‍ തിളങ്ങാന്‍ കാത്തിരിക്കുന്നു. ഗോള്‍ വലയ്ക്ക് മുന്നില്‍ ഒന്നാം നമ്പറുകാരനായി ദേബ്ജിത്ത് മജുംദാര്‍.
ഇംഗ്ലിഷ് ലീഗുകളില്‍ വെസ്റ്റ്ഹാം, ബോള്‍ട്ടണ്‍ പോലുള്ള ടീമുകളുടെ വല കാത്ത ഫിന്‍ലന്‍ഡ് വെറ്ററന്‍ താരം യെസ്‌കെലിനും നോര്‍ത്ത്ഈസ്റ്റ് താരം കുന്‍സാങ് ഭൂട്ടിയയും. പ്രധാന പ്ലേമേക്കര്‍ ഇന്ത്യന്‍ സൂപ്പര്‍ താരം യൂജിങ്‌സന്‍ ലിങ്‌ദോയാണ്. ഇംഗ്ലീഷുകാരായ കാള്‍ ബേക്കറും കോര്‍ണര്‍ തോമസും മിഡ്ഫീല്‍ഡിലെ വിദേശ കരുത്ത്. ഡൈനാമോസിന് കളിച്ച റൂപര്‍ട്ട് നോങ്ഗ്രമും മുന്‍ ബംഗളൂരു താരം ശങ്കര്‍ സംപിഗിരാജും ഡാരന്‍ കല്‍ദീരയും ബൂട്ടുകെട്ടുന്ന ടീമില്‍ അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ ഹിതേഷ് ശര്‍മയും ബിപിന്‍ സിങും റൊണാള്‍ഡ് സിങും കൂട്ടായുണ്ട്. അടിമുടി മാറിയ രണ്ട് കരുത്തര്‍ തമ്മിലെ പോരാട്ടം കൊച്ചിയുടെ പുല്‍ത്തകിടിയില്‍ സോക്കര്‍ വസന്തം വിരിയിക്കുമെന്നുറപ്പ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നവീന്‍ ബാബു കെെക്കൂലി വാങ്ങിയതിന് തെളിവില്ല; ക്ലീന്‍ചിറ്റ് നല്‍കി റവന്യൂ ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ട്

Kerala
  •  2 months ago
No Image

കുവൈത്തില്‍ പുതിയ ട്രാഫിക് നിയമം ഉടന്‍ പ്രാബല്യത്തില്‍; അശ്രദ്ധമായ ഡ്രൈവിങ്ങ്, ഡ്രൈവിംഗിനിടെയുള്ള മൊബൈല്‍ ഉപയോഗം എന്നിവക്കെല്ലാം കടുത്ത പിഴ

Kuwait
  •  2 months ago
No Image

ഇറാഖ്, ഇറാന്‍, ലബനാന്‍, ജോര്‍ദാന്‍ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തി ഖത്തര്‍ എയര്‍വേയ്‌സ്  

qatar
  •  2 months ago
No Image

സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസ്; ഡി.വൈ.എഫ്.ഐ മുന്‍ ജില്ല നേതാവിനെ അറസ്റ്റ് ചെയ്തു

Kerala
  •  2 months ago
No Image

തോട്ടില്‍ അലക്കുന്നതിനിടെ മലവെള്ളപ്പാച്ചില്‍; കോഴിക്കോട് യുവതി മരിച്ചു

Kerala
  •  2 months ago
No Image

എഡിഎമ്മിന്റെ മരണം; ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹരജിയില്‍ വിധി 29ലേക്ക് മാറ്റി

Kerala
  •  2 months ago
No Image

ബി.ജെ.പി വനിതാ നേതാവ് മയക്കു മരുന്ന് വില്‍പനക്കിടെ പിടിയില്‍ 

National
  •  2 months ago
No Image

മഴ: സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Weather
  •  2 months ago
No Image

'എ.ഡി.എമ്മിന്റെ യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്തത് കലക്ടര്‍ ക്ഷണിച്ചിട്ട്, പ്രസംഗം അഴിമതിക്കെതിരെ' വാദം കോടതിയിലും ആവര്‍ത്തിച്ച് പി.പി ദിവ്യ

Kerala
  •  2 months ago
No Image

യു.പി ഉപതെരഞ്ഞെടുപ്പില്‍ ഇന്‍ഡ്യ സഖ്യം സൈക്കിള്‍ ചിഹ്നത്തില്‍ മത്സരിക്കും- അഖിലേഷ് യാദവ് 

National
  •  2 months ago